19 November Tuesday

സന്തോഷ്‌ ട്രോഫി : കേരളം ഇന്ന്‌ തമിഴ്‌നാടിനെതിരെ

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019


കോഴിക്കോട്‌
സന്തോഷ്‌ ട്രോഫിയിലെ നിർണായക മത്സരത്തിൽ കേരളം ഇന്ന്‌ തമിഴ്‌നാടിനെ നേരിടും. ശനിയാഴ്‌ച വൈകിട്ട്‌ 3.30ന്‌ കോർപറേഷൻ ഇ എം എസ്‌ സ്‌റ്റേഡിയത്തിലാണ്‌ മത്സരം. കഴിഞ്ഞതവണ നെയ്‌വേലിയിൽ സംഭവിച്ച പിഴവുതിരുത്തി, ഫൈനൽ റൗണ്ടിലേക്ക്‌ കുതിക്കാനാണ്‌ കേരളം ഇറങ്ങുന്നത്‌.  കിരീടം നിലനിർത്താൻ ഇറങ്ങിയ കേരളം കഴിഞ്ഞതവണ ഒരു ഗോൾപോലും നേടാതെയായിരുന്നു നെയ്‌വേലിയിലെ  യോഗ്യതാമത്സരത്തിൽനിന്നു  പുറത്തായത്‌.

കോഴിക്കോട്‌ നടക്കുന്ന യോഗ്യതാമത്സരത്തിൽ ഗ്രൂപ്പ്‌ എയിൽ ആന്ധ്രയെ അഞ്ചു ഗോളിനു മുക്കിയ ആത്മവിശ്വാസവുമായാണ്‌ കേരളം തമിഴ്‌നാടിനെ നേരിടാൻ കളത്തിലിറങ്ങുക. തമിഴ്‌നാടിന്റെ ശാരീരിക കരുത്തിനെയും കേരളം അതിജീവിക്കേണ്ടതുണ്ട്‌.  ജയിക്കുന്ന ടീമിന്‌ സന്തോഷത്തോടെ മിസോറമിലേക്ക്‌ വണ്ടികയറാം.

ആന്ധ്രയ്‌ക്കെതിരെ കളിച്ച ടീമിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ്‌ കേരളം ഇറങ്ങുക. പി വി വിഷ്‌ണുവിനു പകരം എമിൽ ബിന്നിയെ ആദ്യ ഇലവനിൽത്തന്നെ ഇറക്കാനാണ്‌ സാധ്യത.  ഗോകുലത്തിന്റെ താരം ബിന്നിയായിരിക്കും ടീമിന്റെ തുരുപ്പുചീട്ടെന്ന്‌ കോച്ച്‌ ബിനോ ജോർജ്‌ പറയുന്നു. പകരക്കാരനായെത്തി രണ്ടു ഗോളാണ്‌ എമിൽ തൊടുത്തത്‌. എമിലിനൊപ്പം ജിതിനും ലിയോൺ അഗസ്‌റ്റിനും വിബിൻ തോമസും അടങ്ങിയ മുന്നേറ്റനിരയിൽ തന്നെയാണ്‌ കോച്ചിന്റെ വിശ്വാസം. ക്യാപ്‌റ്റൻ വി മിഥുനിന്റെ കൈകളിൽ ഗോൾവലയും ഇതുവരെ സുരക്ഷിതമാണ്‌. കേരളം ഒരു ഗോളും വഴങ്ങിയിട്ടല്ല.

കന്യാകുമാരി സ്വദേശി എൽ ലിജോയാണ്‌ തമിഴ്‌നാടിന്റെ ആവനാഴിയിലെ ബ്രഹ്മാസ്‌ത്രം. ആന്ധ്രയ്‌ക്കെതിരെ കഴിഞ്ഞദിവസം നടന്ന കളിയിൽ ഹാട്രിക്‌ നേടിയാണ്‌ ലിജോ സന്തോഷ്‌ ട്രോഫിയിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്‌. കേരളം മെച്ചപ്പെട്ട ടീമാണെന്നും എന്നാൽ, പൊരുതാൻ തന്നെയാണ്‌ തീരുമാനമെന്നും കോച്ച്‌ മലയാളിയായ ജെസ്‌റ്റസ്‌ ആന്റണി പറഞ്ഞു.  മുന്നേറ്റനിരയ്‌ക്കൊപ്പം കരുത്തരായ പ്രതിരോധനിരയും തമിഴ്‌നാടിന്‌ പ്രതീക്ഷ നൽകുന്നു.


പ്രധാന വാർത്തകൾ
 Top