21 April Sunday

യുണൈറ്റഡ്‌ യുവന്റസിനെ വീഴ‌്ത്തി

വെബ് ഡെസ്‌ക്‌Updated: Friday Nov 9, 2018

യുവന്റസിനെതിരെ മാഞ്ചസ്‌്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയ മറ്റയുടെ ആഹ്ലാദം


ടുറിൻ
അതിഗംഭീര തിരിച്ചുവരവിലൂടെ മാഞ്ചസ‌്റ്റർ യുണൈറ്റഡ‌് ചാമ്പ്യൻസ‌് ലീഗിൽ യുവന്റസിനുമേൽ ജയം കുറിച്ചു. ഇറ്റലിക്കാരുടെ മൈതാനത്ത‌് ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ചാണ‌് യുണൈറ്റഡ‌് ജയം പിടിച്ചെടുത്തത‌്. മറ്റു മത്സരങ്ങളിൽ മാഞ്ചസ‌്റ്റർ സിറ്റി എതിരില്ലാത്ത ആറു ഗോളിന‌് ഷാക‌്തർ ഡൊണട‌്സ‌്കിനെയും റയൽ മാഡ്രിഡ‌് വിക‌്ടോറിയ പ്ലസനെയും (5–-0)  തകർത്തു. എ എസ‌് റോമ, വലൻസിയ, ബയേൺ മ്യൂണിക‌് എന്നിവരും ജയം കുറിച്ചു.

അവസാന അഞ്ചു മിനിറ്റിലാണ‌് മാഞ്ചസ‌്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ.  പരിശീലകൻ ഹൊസെ മൊറീന്യോ രണ്ടാം പകുതിയിൽ നടത്തിയ മൂന്നു മാറ്റം നിർണായകമായി. മത്സരത്തിൽ യുവന്റസിനായിരുന്നു മേൽക്കൈ. ആദ്യപകുതിയിൽ ക്രിസ‌്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ അവർ യുണൈറ്റഡ‌് പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കി. നിരവധി ഗോളവസരങ്ങളാണ‌് നഷ‌്ടമാക്കിയത‌്. സാമി ഖദീരയും പൗളോ ഡിബാലയും കിടയറ്റ ഷോട്ടുകൾ പായിച്ചെങ്കിലും ഗോൾ ഒഴിഞ്ഞുപോയി.

രണ്ടാം പകുതിയിലും യുവന്റസ‌് ആക്രമണം തുടർന്നു. 65–-ാം മിനിറ്റിൽ സൂപ്പർതാരം റൊണാൾഡോയുടെ പ്രതിഭാ സ‌്പർശമുള്ള അതിഗംഭീര ഗോളിൽ അവർ മുന്നിലെത്തി. ലിയണാർഡോ ബനൂച്ചി വലതുവിങ്ങിൽനിന്നു പെനൽറ്റി ബോക‌്സിലേക്കു തൂക്കിയിട്ട പന്ത‌്, ഓടിക്കയറിയ റൊണാൾഡോ നിലത്തുവീഴും മുമ്പ‌് ഗോളിലേക്കു പായിച്ച കാഴ‌്ച അതിമനോഹരം. അസാമാന്യ പന്തടക്കവും ഫിനിഷിങ്ങിന്റെ പൂർണതയും നിറഞ്ഞുനിന്ന ഗോൾ.

ഗോൾ കുടുങ്ങിയിട്ടും യുണൈറ്റഡിനു മാറ്റമുണ്ടായില്ല. കൗശലക്കാരനായ മൊറീന്യോ യുവാൻ മറ്റ, മൗറോ ഫെല്ലെയ‌്നി, മർക്കസ‌് റാഷ‌്ഫഡ‌് എന്നിവരെ കളത്തിലിറക്കി. അതോടെ കളി മാറി. അതുവരെ എതിർപ്രതിരോധം ഭേദിക്കാൻ മൂർച്ചയില്ലാതെ വട്ടംകറങ്ങിയ യുണൈറ്റഡിനെയല്ല പിന്നീട‌് കണ്ടത‌്. യുവന്റസ‌് വലയിലേക്കു വളഞ്ഞിറങ്ങിയ  മറ്റയുടെ ഫ്രീകിക്ക‌് അപ്രതീക്ഷിത ക്ലൈമാക‌്സിനു വഴിവച്ചു. 83–-ാം മിനിറ്റിലായിരുന്നു ഈ ഗോൾ. ജയം ഉറപ്പിച്ചുനിന്ന ആതിഥേയർ പതറി. അവസാന മിനിറ്റിൽ യുണൈറ്റഡ‌് താരം ആഷ‌്‌ലി യങ്ങിന്റെ ഫ്രീകിക്ക‌് തടയാൻ ശ്രമിച്ച അലക‌് സാൻഡ്രോ പന്ത‌് സ്വന്തം വലയിലെത്തിച്ചതോടെ യുണൈറ്റഡിന‌് എന്നും ഓർക്കാനൊരു ജയം സ്വന്തം. രണ്ടാഴ‌്ച മുമ്പ‌് സ്വന്തം മൈതാനത്തേറ്റ ഒരു ഗോൾ തോൽവിക്ക‌് മധുരപ്രതികാരവും.

15 വർഷത്തിനിടെ ആദ്യമായാണ‌് ചാമ്പ്യൻസ‌് ലീഗിൽ സ്വന്തം മൈതാനത്ത‌് ഒരു ഇംഗ്ലീഷ‌് ടീമിനോട‌് യുവന്റസ‌് തോൽക്കുന്നത‌്. 2003ൽ യുണൈറ്റഡ‌് തന്നെയാണ‌് അവരെ അവസാനം തോൽപ്പിച്ച ഇംഗ്ലീഷ‌് ടീം. ഇതോടെ ഗ്രൂപ്പ‌് എച്ചിൽ ഏഴു പോയിന്റുമായി യുണൈറ്റഡ‌് രണ്ടാമതെത്തി. ഒമ്പതു പോയിന്റുമായി യുവന്റസാണ‌് ഒന്നാമത‌്. വലൻസിയ (5)  മൂന്നും യങ് ബോയ‌്സ‌് നാലും സ്ഥാനത്താണ‌്. യുണൈറ്റഡിനോട‌് സമനില വഴങ്ങിയതോടെ അടുത്തഘട്ടത്തിലേക്കു കടക്കാൻ യുവന്റസിന‌് ഇനിയും കാത്തിരിക്കണം. അടുത്ത കളിയിൽ യങ് ബോയ‌്സിനെ കീഴടക്കിയാൽ യുണൈറ്റഡിനും അടുത്ത റൗണ്ട‌് സാധ്യതയുണ്ട‌്. വലൻസിയ യുവന്റസിനോട‌് ജയിക്കാതിരിക്കുകയും വേണം.

ഇതേ ഗ്രൂപ്പിൽ വലൻസിയ യങ് ബോയ‌്സിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ‌് കീഴടക്കിയത‌്. സാന്റി മിനയുടെ വകയായിരുന്നു ജേതാക്കളുടെ രണ്ടു ഗോൾ. രണ്ടു ഗോളിനും വഴിയൊരുക്കിയ കാർലോസ‌് സോളേർ മൂന്നാമത്തേത‌് സ്വന്തംപേരിൽ കുറിച്ചു. റോജർ അസ്സലെയുടെ വകയായിരുന്നു യങ് ബോയ‌്സിന്റെ ഗോൾ.

ചാമ്പ്യൻസ‌് ലീഗിൽ എന്നും മങ്ങിയിരുന്ന മാഞ്ചസ‌്റ്റർ സിറ്റി മുഴുവൻ പ്രതാപവും കാഴ‌്ചവച്ച പ്രകടനത്തിലാണ‌് ഷാക‌്തറിനെ വീഴ‌്ത്തിയത‌്. ബ്രസീലുകാരൻ ഗബ്രിയൽ ജെസ്യൂസ‌് ഹാട്രിക‌് നേടി. റഹിം സ‌്റ്റെർലിങ്, റിയാദ‌് മഹ‌്റേസ‌്, ഡേവിഡ‌് സിൽവ എന്നിവരുടെ വകയായിരുന്നു മറ്റു ഗോളുകൾ.

ഫോമിലേക്ക‌് തിരിച്ചുവരുന്ന റയലിനു മുന്നിൽ പിടിച്ചുനിൽക്കാൻ വിക‌്ടോറിയക്കായില്ല. ആദ്യപകുതിയലായിരുന്നു റയലിന്റെ നാലു ഗോളുകൾ.  കരിം ബെൻസെമ ഇരട്ട ഗോൾ നേടി. കാസിമിറോ, ഗാരേത‌് ബെയ‌്ൽ, ടോണി ക്രൂസ‌് എന്നിവരും വല ചലിപ്പിച്ചു. 

റയലിനായി 200 ഗോൾ എന്ന നേട്ടവും ബെൻസെമ കൈവരിച്ചു. താൽക്കാലിക പരിശീലകൻ സാന്റിയാഗോ സൊളാരിക്കു കീഴിൽ റയലിന്റെ തുടർച്ചയായ മൂന്നാം ജയമാണിത‌്. മൂന്നു കളിയിലായി 11 ഗോൾ കുറിച്ച ടീം ഒറ്റയെണ്ണം വഴങ്ങിയില്ല.

റോമയുമായി അടുത്ത കളി സമനില പിടിച്ചാൽ റയൽ അവസാന 16ൽ കടക്കും. സിഎസ‌്കെഎ വിക‌്ടോറിയയെ തോൽപ്പിച്ചാൽ റയൽ പ്രതിസന്ധിയിലാകും.

ബയേൺ മ്യൂണിക‌് എതിരില്ലാത്ത രണ്ടു ഗോളിന‌് എഇകെ ഏതൻസിനെയും റോമ ഒന്നിനെതിരെ രണ്ടു ഗോളിന‌് സിഎസ‌്കെഎ മോസ‌്കോയെയും തോൽപ്പിച്ചു. ലിയോണിനെ ഹോഫൻഹെയിം സമനിലയിൽ തളച്ചു (2–-2).


പ്രധാന വാർത്തകൾ
 Top