22 May Wednesday

ആർതർ ആഷെയിലെ ദുഃസ്വപ്നം

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


ന്യൂയോർക്ക്
റാക്കറ്റ് തല്ലിയുടച്ചു, അമ്പയറെ കള്ളനെന്ന് വിളിച്ചു, പുരസ്കാരച്ചടങ്ങിനിടെ പൊട്ടിക്കരഞ്ഞു... ആർതർ ആഷെ സ്റ്റേഡിയത്തിൽ സ്വപ്നകിരീടത്തിനിറങ്ങിയ സെറീന വില്യംസിന്റെ നിമിഷങ്ങൾ ദുഃസ്വപ്നമായി അവസാനിച്ചു. ഒരു ചുവടകലെയായിരുന്നു 24‐ാം ഗ്രാൻഡ്സ്ലാം കിരീടം. മകൾ ഒളിമ്പിയക്ക് സമർപ്പിക്കാൻ ആ കിരീടം സെറീനയ്ക്ക് വേണമായിരുന്നു. കുഞ്ഞ് ജനിച്ചശേഷം, ആശുപത്രിക്കിടക്കയിൽ മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിലും സെറീനയുടെ മനസ്സ് ടെന്നീസ്കളത്തിലായിരുന്നു. മുപ്പത്താറാം വയസ്സിലും അടങ്ങാത്ത പോർവീര്യംകൊണ്ടാണ് സെറീന കളത്തിലേക്ക് തിരിച്ചെത്തിയത്. പക്ഷേ, ആ രാത്രി സെറീന കളിയും കളവും മറന്നു.

സെറീനയുടെ തിരിച്ചുവരവ് ആഘോഷത്തിനുവേണ്ടിയാണ് ആർതർ ആഷെ സ്റ്റേഡിയം കാത്തിരുന്നത്. നവോമി ഒസാക്കയെന്ന മിടുക്കിയുടെ സെർവുകൾക്കും റിട്ടേണുകൾക്കുംമുന്നിൽ സെറീന പതറുമ്പോൾ അവർ നിശബ്ദരായി. സെറീന അവർക്കുമുന്നിൽ കണ്ണീർചിത്രമായി.
മൂന്നുതവണയാണ് സെറീനയ്ക്ക് പെനൽറ്റി വിധിച്ചത്. അമ്പയർ കാർലോസ് റാമോസ് കർക്കശക്കാരനായിരുന്നു. മത്സരം അവസാനിച്ചപ്പോൾ റാമോസിന് ഹസ്തദാനം നൽകാൻപോലും സെറീന വിസമ്മതിച്ചു. നിങ്ങളൊരു കള്ളനാണെന്ന് സെറീന ആവർത്തിച്ചുകൊണ്ടിരുന്നു.

ആദ്യ സെറ്റിനിടെയായിരുന്നു ആദ്യത്തെ മുന്നറിയിപ്പ്. സ്റ്റേഡിയത്തിൽ പരിശീലകൻ പാട്രിക് മൗറാറ്റോഗ്ലു സെറീനയ്ക്ക് നിർദേശങ്ങൾ നൽകിയെന്നതായിരുന്നു കുറ്റം. സെറീന റാമോസിനെതിരെ തിരിഞ്ഞു. "ഞാൻ നിർദേശങ്ങൾ സ്വീകരിച്ചിട്ടില്ല, ഞാൻ ചതിക്കുന്ന കളിക്കാരിയില്ല''‐ സെറീന പറഞ്ഞു. കളിക്കിടെ പരിശീലകന്റെ നിർദേശങ്ങൾ സ്വീകരിക്കുന്നത് കുറ്റകരമാണ്. മത്സരശേഷം മൗറാറ്റോഗ്ലു നിർദേശങ്ങൾ നൽകിയതായി സമ്മതിച്ചു. എന്നാൽ, സെറീന അത് കണ്ടില്ലെന്നും പരിശീലകൻ പറഞ്ഞു. രണ്ടാമത്തെ സെറ്റിൽ 3‐2ന് നിൽക്കുമ്പോൾ സെറീന റാക്കറ്റ് നിലത്തെറിഞ്ഞ് ഉടച്ചു. റാമോസ് അടുത്ത ഗെയിമിൽ ഒസാക്കയ്ക്ക് ഒരു പോയിന്റ് നൽകി. ഇതോടെ സെറീന പൊട്ടിത്തെറിച്ചു.  കാണികൾ റാമോസിനെ കൂവിവിളിച്ചു.

രംഗം വഷളായിക്കൊണ്ടിരുന്നു. ഒസാക്ക 4‐3ന് മുന്നിട്ടുനിൽക്കെ സെറീന വീണ്ടും അമ്പയർക്കെതിരെ ശകാരമുതിർത്തു. "നിങ്ങളൊരു നുണയനാണ്. എന്റെ പോയിന്റ് മോഷ്ടിച്ചു. കള്ളനാണ് നിങ്ങൾ. എന്നോട് മാപ്പ് പറയണം''. അമ്പയറെ അപമാനിച്ചുവെന്ന കുറ്റത്തിന് റാമോസ് സെറീനയ്ക്ക് വീണ്ടും പെനൽറ്റി വിധിച്ചു. ഇക്കുറി ഒരു ഗെയിം ഒസാക്കയ്ക്ക് നൽകി. സ്റ്റേഡിയം ശബ്ദമുഖരിതമായി. സെറീന കളത്തിൽ ഇറങ്ങാൻ കൂട്ടാക്കിയില്ല. ഒടുവിൽ ടൂർണമെന്റ് റഫറിയുടെ ഇടപെടലിലൂടെ കളത്തിൽ ഇറങ്ങി.പുരസ്കാരദാനച്ചടങ്ങിലും സെറീന പൊട്ടിക്കരഞ്ഞു. ശേഷം നടത്തിയ വാർത്താസമ്മേളനത്തിലും സെറീന റാമോസിനെതിരെ ആഞ്ഞടിച്ചു.

അമ്പയർ ലിംഗവിവേചനം കാണിച്ചുവെന്നായിരുന്നു ആരോപണം. "ഞാനൊരു വനിതാതാരമായതിനാലാണ് അമ്പയർ എന്നോട് ഈ രീതിയിൽ പെരുമാറിയത്. എത്രയോ പുരുഷ താരങ്ങൾ റാക്കറ്റ്‌ എറിഞ്ഞുടച്ചിട്ടുണ്ട്, അമ്പയറോട് മോശമായി പെരുമാറിയിട്ടുണ്ട്. അവർക്കൊന്നും പോയിന്റ് നഷ്ടമായില്ല. പക്ഷേ, ഞാനൊരു സ്ത്രീയായതിനാൽ അമ്പയർ പെനൽറ്റി വിധിച്ചു''‐ സെറീന പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top