26 May Tuesday

പ്രീമിയർ ലീഗിൽ 8000 കോടി നഷ്ടം

വെബ് ഡെസ്‌ക്‌Updated: Thursday Apr 9, 2020


ലണ്ടൻ
ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഈ സീസണിൽ പൂർത്തിയാക്കാനായില്ലെങ്കിൽ ഏകദേശം 8000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന്‌ കണക്കുകൾ. ക്ലബ്ബുകളുടെ നിലനിൽപ്പുതന്നെ അപകടത്തിലാകുമെന്ന്‌ പ്രീമിയർ ലീഗ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ റിച്ചാർഡ്‌ മാസ്‌റ്റേഴ്‌സ്‌ മുന്നറിയിപ്പുനൽകി.

കോവിഡ്‌ –-19 കാരണം ലോകത്ത്‌ കായികമത്സരങ്ങളൊന്നും നടക്കുന്നില്ല. മെയ്‌ അവസാനത്തോടെ മാത്രമേ ആരംഭിക്കാൻ കഴിയുകയുള്ളൂവെന്നാണ്‌ സൂചന. യൂറോപ്പിലെ വമ്പൻ ഫുട്‌ബോൾ ലീഗുകൾ ആഗസ്‌തിനുള്ളിൽ തീർക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണുള്ളത്‌. എന്നാൽ, കോവിഡ്‌രോഗം പല യൂറോപ്യൻ രാജ്യങ്ങളെയും കാര്യമായി ബാധിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിൽ എപ്പോൾ ലീഗുകൾ ആരംഭിക്കുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല.

ഈ സീസൺ ഉപേക്ഷിച്ചാൽ ചില ക്ലബ്ബുകൾക്ക്‌ സാമ്പത്തിക തിരിച്ചടി മറികടക്കാനാകില്ലെന്ന്‌ ഫുട്‌ബോൾ അസോസിയേഷൻ തലവൻ ഗ്രെഗ്‌ ക്ലാർക്ക്‌ പറഞ്ഞു.
പ്രീമിയർ ലീഗിൽ കളിക്കാരുടെ വേതനം 30 ശതമാനം കുറയ്‌ക്കാനാണ്‌ തീരുമാനം. എന്നാൽ, കളിക്കാരുടെ സംഘടന എതിർപ്പുമായിവന്നു. ഇതുവരെ ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ല.

ഇംഗ്ലണ്ടിൽ മൂന്നു ഡിവിഷനുകളിലായി 68 ക്ലബ്ബുകളാണുള്ളത്‌.സ്‌പാനിഷ്‌ ലീഗ്‌, ഇറ്റാലിയൻ ലീഗ്‌, ജർമൻ ലീഗ്‌ എന്നിവയിൽ കളിക്കാരുടെ വേതനം കുറയ്‌ക്കാൻ തീരുമാനമായിട്ടുണ്ട്‌.


പ്രധാന വാർത്തകൾ
 Top