21 November Thursday

ഉദിച്ചു റോഡ്രിഗോ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

ഗലറ്റസറിക്കെതിരെ ഹാട്രിക്‌ നേടിയ റയലിന്റെ റോഡ്രിഗോയെ സഹതാരം ബെൻസെമ എടുത്തുയർത്തുന്നു


മാഡ്രിഡ്‌
ഏറെക്കാലത്തിനുശേഷം ബെർണബ്യൂ മതിമറന്ന്‌ ആഘോഷിച്ചു. റോഡ്രിഗോയ്‌ക്കുവേണ്ടിയുള്ള ആഘോഷമായിരുന്നു അത്‌. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ഈ പതിനെട്ടുകാരൻ റയലിനുവേണ്ടി ഹാട്രിക്‌ അടിച്ചു. ഇടംകാലും വലംകാലും തലയും കൊണ്ട് ഗോൾ തൊടുത്ത്‌ ഈ ബ്രസീലുകാരൻ ബെർണബ്യൂവിനെ കോരിത്തരിപ്പിച്ചു.

ഗലറ്റസറിക്കെതിരെ ആറ്‌ ഗോളിനായിരുന്നു റയലിന്റെ ജയം. അതിൽ മൂന്നെണ്ണം റോഡ്രിഗോ തൊടുത്തു. ഒരു ഗോളിന്‌ അവസരമൊരുക്കി. കരിം ബെൻസെമ രണ്ടെണ്ണമടിച്ചു. സെർജിയോ റമോസ്‌ ഒരെണ്ണം നേടി.ചാമ്പ്യൻസ്‌ ലീഗിൽ ഹാട്രിക്‌ കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ രണ്ടാമത്തെ കളിക്കാരനാണ്‌ റോഡ്രിഗോ. മുൻ റയൽ താരം റൗൾ മാത്രമായിരുന്നു റോഡ്രിഗോയ്‌ക്ക്‌ മുന്നിൽ.

കളി തുടങ്ങി അഞ്ച്‌ മിനിറ്റിൽ ഈ ബ്രസീലുകാരൻ വല കണ്ടു. മാഴ്‌സെലോയുടെ പാസ്‌ ഏറ്റുവാങ്ങി ഇടംകാൽ കൊണ്ടുള്ള ഷോട്ട്‌. മൂന്ന്‌ മിനിറ്റിനുശേഷം മാഴ്‌സെലോയുടെ ക്രോസ്‌ വീണ്ടും പറന്നു. ഇക്കുറി ഹെഡറായിരുന്നു.  പിന്നാലെ ടോണി ക്രൂസിനെ ഗലറ്റസറിതാരം സ്‌റ്റീവൻ എൻസോസി ഫൗൾ ചെയ്‌തതിന്‌ റയലിന്‌ പെനൽറ്റി കിട്ടി. റോഡ്രിഗോയ്‌ക്ക്‌ ഹാട്രിക്‌ കുറിക്കാനുള്ള അവസരം. എന്നാൽ, പെനൽറ്റി എടുത്തത്‌ റാമോസായിരുന്നു.

ഇടവേളയ്‌ക്കുശേഷം ബെൻസെമയ്‌ക്ക്‌ അവസരമൊരുക്കി റോഡ്രിഗോ വീണ്ടും ബെർണബ്യൂവിൽ വിരിഞ്ഞു. ആ ഗോളിന്‌ ബെൻസെമ പ്രത്യുപകാരം ചെയ്‌തു. റോഡ്രിഗോയ്‌ക്ക്‌ അവസരമൊരുക്കി. ഇക്കുറി വലംകാൽ ഗോളായിരുന്നു. ഗ്രൂപ്പ്‌ എയിൽ നാല്‌ കളിയിൽ ഏഴ്‌ പോയിന്റുമായി രണ്ടാമത്‌ റയൽ.


പ്രധാന വാർത്തകൾ
 Top