21 November Thursday

പുതിയ നെയ്‌മർ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2019

നെയ്‌മർക്കൊപ്പം റോഡ്രിഗോ


മാഡ്രിഡ്‌
നെയ്‌മർക്കുള്ള കാത്തിരിപ്പിലായിരുന്നു ഒരുഘട്ടത്തിൽ റയൽ. ആ ശ്രമങ്ങൾ അവിടെ അവസാനിച്ചെങ്കിലും സാധ്യതകൾ ബാക്കിയുണ്ടായിരുന്നു. റോഡ്രിഗോ എന്ന പേരുകൊണ്ട്‌ റയലിന്‌ നെയ്‌മറിനെ മറക്കാം. ഇതാ പുതിയ നെയ്‌മർ എന്നാണ്‌ സ്‌പാനിഷ്‌ പത്രങ്ങൾ റോഡ്രിഗോയെ വിശേഷിപ്പിക്കുന്നത്‌. ഗലറ്റസറിക്കെതിരെ ഈ പതിനെട്ടുകാരൻ കുറിച്ച ഹാട്രിക്‌ റയലിന്റെ സ്വപ്‌നങ്ങൾക്കാണ്‌ നിറംപകർന്നിരിക്കുന്നത്‌. 15 വർഷമെങ്കിലും റോഡ്രിഗോ റയലിൽ ഉണ്ടാകുമെന്നാണ്‌ സഹതാരം ടോണി ക്രൂസിന്റെ പ്രവചനം.

അഞ്ചടി ഒമ്പത്‌ ഇഞ്ചാണ്‌ ഉയരം. നെയ്‌മറുടെ ഉയരവും ഏറെക്കുറെ സാമ്യം. നെയ്‌മറിനെപ്പോലെ ബ്രസീൽ ക്ലബ്‌ സാന്റോസിൽനിന്നാണ്‌ റോഡ്രിഗോയുടെ വരവ്‌.
സാന്റോസിന്റെ ജൂനിയർ ടീമിനായി കളിക്കുമ്പോൾ നെയ്‌മറെന്നാണ്‌ കൂട്ടുകാർ റോഡ്രിഗോയെ വിളിച്ചിരുന്നത്‌. അവനത്‌ ഇഷ്ടവുമായിരുന്നു. 11–-ാം വയസ്സിൽ പൗലിസ്‌റ്റ ചാമ്പ്യൻഷിപ്പിൽ 20 ഗോളാണ്‌ അടിച്ചുകൂട്ടിയത്‌. റോഡ്രിഗോയുടെ അച്ഛൻ എറിക്‌ ഫുട്‌ബോൾ താരമായിരുന്നു. എറിക്‌ ആണ്‌ ഫുട്‌ബോളിലേക്ക്‌ വഴിയൊരുക്കുന്നത്‌.
ബ്രസീൽ സീനിയർ ടീമിൽ ഇതുവരെ ഇടംനേടിയിട്ടില്ല റോഡ്രിഗോ. ചെറുപ്പത്തിൽ നെയ്‌മറിനെ കണ്ടുമുട്ടിയിട്ടുണ്ട്‌. ഒന്നിച്ചുകളിക്കണമെന്നാണ്‌ റോഡ്രിഗോയുടെ ആഗ്രഹം.

റോഡ്രിഗോ സിൽവ ഡി ഗോസ്‌ എന്നാണ്‌ മുഴുവൻ പേര്‌. റയലിനായി ആറു കളിയിൽ അഞ്ച്‌ ഗോളടിച്ചു. ‘ബുദ്ധിപരമായി കളിക്കും. കാര്യങ്ങൾ പെട്ടെന്നു പഠിച്ചെടുക്കും. സാങ്കേതികത്തികവുണ്ട്‌. ശാരീരികമായി അൽപ്പം മെച്ചപ്പെടാനുണ്ട്‌. എങ്കിലും ഭയമില്ലാതെ കളിക്കാൻ കഴിയുന്നുണ്ട്‌ റോഡ്രിഗോയ്‌ക്ക്‌–- റയൽ പരിശീലകൻ സിനദിൻ സിദാൻ പറയുന്നു.


പ്രധാന വാർത്തകൾ
 Top