24 October Thursday

ഓസീസിന്‌ ലീഡ്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2019

ഇംഗ്ലണ്ടിന്റെ മൂന്ന്‌ വിക്കറ്റെടുത്ത സ്‌റ്റാർക് സഹതാരങ്ങൾക്കൊപ്പം

മാഞ്ചസ്‌റ്റർ >  ആഷസ്‌ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസ്‌ട്രേലിയക്ക്‌ ലീഡ്‌. നാലാം ദിനം ഇംഗ്ലണ്ടിനെ ഓസീസ്‌ ഒന്നാം ഇന്നിങ്‌സിൽ 301ന്‌ പുറത്താക്കി. രണ്ടാം ഇന്നിങ്‌സിൽ ഓസീസ്‌ നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 115 റണ്ണെടുത്തു. 58 റണ്ണുമായി സ്‌റ്റീവ്‌ സ്‌മിത്തും 22 റണ്ണോടെ മാത്യു വെയ്‌ഡുമാണ്‌ ക്രീസിൽ. 311 റൺ ലീഡായി ഓസീസിന്‌. സ്‌കോർ: ഓസ്‌ട്രേലിയ 8–-497, 4–-115; ഇംഗ്ലണ്ട്‌ 301.

അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 205 റണ്ണെന്ന നിലയിൽ നാലാംദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന്‌ ഏറെ ദൂരം പോകാനായില്ല. മൂന്നാംദിനം മങ്ങിയ മിച്ചെൽ സ്‌റ്റാർക്‌ നാലാം ദിനത്തിൽ ഉഗ്രഭാവത്തിൽ പന്തെറിഞ്ഞപ്പോൾ ഇംഗ്ലീഷ്‌ ബാറ്റിങ്‌ നിര വിളറി. 41 റണ്ണെടുത്ത ജോസ്‌ ബട്‌ലറാണ്‌ ഇംഗ്ലണ്ടിനെ ഫോളോ ഓൺ ഭീഷണയിൽനിന്ന്‌ കരകയറ്റിയത്‌.

സ്‌റ്റാർക്‌ മൂന്ന്‌ വിക്കറ്റെടുത്തു. ജോഷ്‌ ഹാസെൽവുഡ്‌ നാലെണ്ണം നേടി. പാറ്റ്‌ കമ്മിൻസും മൂന്ന്‌ വിക്കറ്റ്‌ സ്വന്തമാക്കി.രണ്ടാം ഇന്നിങ്‌സിൽ ജോഫ്ര ആർച്ചെറും സ്‌റ്റുവർട്ട്‌ ബ്രോഡും രണ്ടുവീതം വിക്കറ്റെടുത്ത്‌ ഓസീസിനെ വിരട്ടി. സ്‌മിത്ത്‌ ഒരറ്റത്ത്‌ പിടിച്ചുനിന്നു. പരമ്പരയിൽ 600 റൺ കടന്നു സ്‌മിത്ത്‌.

ഡേവിഡ്‌ വാർണർ (0), മാർകസ്‌ ഹാരിസ്‌ (6) എന്നിവരെ ബ്രോഡ്‌ വിക്കറ്റിന്‌ മുന്നിൽ കുരുക്കി. മാർണസ്‌ ലബുഷെയ്‌ൻ (11), ട്രാവിസ്‌ ഹെഡ്‌ (12) എന്നിവരെ ആർച്ചെറും മടക്കി.


പ്രധാന വാർത്തകൾ
 Top