25 May Monday

ഐപിഎൽ ഉപേക്ഷിച്ചേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020


ന്യൂഡൽഹി
ഈ വർഷത്തെ ഐപിഎൽ ക്രിക്കറ്റ്‌ ടൂർണമെന്റ്‌ നടത്താനുള്ള വഴിയടയുന്നു. രാജ്യത്ത്‌ കോവിഡ്‌ –-19 ആശങ്ക തുടരുന്ന സാഹചര്യത്തിൽ കായിക മത്സരങ്ങൾ നടക്കാനുള്ള സാധ്യത മങ്ങുകയാണ്‌. മാർച്ച്‌ 29 മുതൽ മെയ്‌ 24 വരെയായിരുന്നു ഐപിഎലിന്റെ പതിമൂന്നാം പതിപ്പ്‌ നിശ്‌ചയിച്ചിരുന്നത്‌. എന്നാൽ കോവിഡ്‌ കാരണം ഏപ്രിൽ 15 വരെ റദ്ദാക്കുകയായിരുന്നു.

ഐപിഎൽ ഉപേക്ഷിക്കുന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ ഔദ്യോഗിക തീരുമാനമെടുത്തിട്ടില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ ടൂർണമെന്റ്‌ ഉപേക്ഷിക്കൽ മാത്രമാണ്‌ മുന്നിലുള്ള വഴി. ഒക്‌ടോബറിൽ ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി–-20 ലോകകപ്പ്‌ റദ്ദാക്കിയാൽ ആ സമയത്ത്‌ ഐപിഎൽ നടത്താനുള്ള ആലോചനയുണ്ടായിരുന്നു. എന്നാൽ ലോകകപ്പ്‌ ഉപേക്ഷിക്കുകയോ നീട്ടിവയ്‌ക്കുകയോ ചെയ്യില്ലെന്ന്‌ ഐസിസി വ്യക്തമാക്കിയിരുന്നു. ഈ മാസം ഇരുപതിനെങ്കിലും ഐപിഎൽ ആരംഭിക്കാനായിരുന്നു ശ്രമം. പത്തിനുള്ളിൽ തീരുമാനമെടുക്കണം. 20ന്‌ ആരംഭിച്ചില്ലെങ്കിൽ ഉപേക്ഷിച്ചേക്കുമെന്ന്‌ ബിസിസിഐ വൃത്തങ്ങൾ സൂചന നൽകുന്നു.

ഇക്കാര്യത്തിൽ കായിക മന്ത്രാലയവുമായി ബിസിസിഐ ഉടൻ ചർച്ച നടത്തും. ഐപിഎൽ നടന്നാൽത്തന്നെ വിദേശ കളിക്കാർ പങ്കെടുക്കുമോയെന്ന്‌ ഉറപ്പില്ല. പല രാജ്യങ്ങളും കളിക്കാരെ അയക്കില്ല. ടീമുകളുടെ പരിശീലക സംഘങ്ങളിൽ ഏറെയും വിദേശികളാണ്‌. അതിനിടെ ഒഴിഞ്ഞ സ്‌റ്റേഡിയത്തിൽ കളി നടത്താനുള്ള ആലോചനയും നടക്കുന്നുണ്ട്‌. മുൻ ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിങ്‌ ഉൾപ്പെടെയുള്ള കളിക്കാർ ഈ നീക്കത്തിന്‌ പിന്തുണ നൽകി.


പ്രധാന വാർത്തകൾ
 Top