12 December Thursday

കാര്‍പ്പോവ്‌ ഒരു സുന്ദരസ്വപ്‌നം

കെ പ്രഭാത്‌Updated: Thursday Nov 7, 2019



തൃശൂർ
സുന്ദരമായ ഒരു സ്വപ്‌നം കണ്ടുണർന്നപോലെ. പുതിയൊരു ഊർജം കിട്ടിയപോലെ. ചെസിലെ മലയാളിയായ അത്ഭുത ബാലൻ നിഹാൽ സരിൻ പറയുന്നു. മുൻ ലോക ചെസ്‌ ചാമ്പ്യൻ അനറ്റോളി കാർപ്പോവിനെ പിടിച്ചുകെട്ടി നാട്ടിലെത്തിയശേഷം വിശേഷങ്ങൾ പങ്കുവയ്‌ക്കുകയാണ്‌. 

ഇംഗ്ലണ്ടിലും ഫ്രാൻസിലും ഒരുമാസം നീണ്ട ലോക ചെസ് ടൂർണമെന്റുകളിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ചവച്ചും  കാർപ്പോവ് ട്രോഫി മത്സരത്തിൽ നാലാംസ്ഥാനം കരസ്ഥമാക്കിയുമാണ്‌ വരവ്‌. അതിലുപരി കാർപ്പോവിനോടുള്ള സൗഹൃദപോരാട്ടത്തിൽ വിജയതുല്യമായ സമനിലയിൽ പിരിഞ്ഞതിന്റെ സന്തോഷവും മനസ്സിൽ സൂക്ഷിച്ചാണ് ചൊവ്വാഴ്ച പുലർച്ചെ നിഹാൽ നെടുമ്പാശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്.

കാർപ്പോവുമായി നാല് സൗഹൃദമത്സരത്തിനാണ് നിഹാലിന് അവസരം ലഭിച്ചത്. റാപ്പിഡ് ചെസിൽ രണ്ടുകളി സമനിലയിലും ബ്ലിറ്റ്സിൽ ഒരു വിജയവും ഒരു പരാജയവും ഏറ്റുവാങ്ങിയാണ് പതിനഞ്ചുകാരന്റെ മടക്കം.

16 വർഷം ലോകചാമ്പ്യനായിരുന്ന കാർപ്പോവിനെ പിടിച്ചുകെട്ടിയതിന്റെ അഭിമാനത്തിലാണ്‌ ഈ തൃശൂരുകാരൻ. മത്സരശേഷം ഹസ്തദാനം ചെയ്ത്  വിജയാശംസകളും നേർന്നാണ് 68 വയസ്സുകാരനായ കാർപ്പോവ്  നിഹാലിനെ യാത്രയാക്കിയത്.   കാർപ്പോവുമായുള്ള മത്സരം തുടങ്ങുന്നതിനുമുമ്പ്‌ സമ്മർദമുണ്ടായിരുന്നെന്ന് നിഹാൽ പറഞ്ഞു. ‘കളിയാരംഭിച്ച് ആദ്യനീക്കങ്ങൾ കഴിഞ്ഞതോടെ പിരിമുറുക്കം പൂർണമായി അയഞ്ഞു. പിന്നീട് എന്റെ നീക്കങ്ങൾ അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിക്കുന്നത്‌ കണ്ടു. അതെനിക്ക്‌ അഭിമാനവും ആവേശവും നൽകുന്നതായി’–- നിഹാൽ പറഞ്ഞു. 

റാപ്പിഡിലെ രണ്ടു കളിയിലും കാർപ്പോവ് സമനിലയിൽ കുരുങ്ങി.തുടർന്ന് അഞ്ചുമിനിറ്റുമാത്രമുള്ള ബ്ലിറ്റ്സ് ആദ്യ മത്സരത്തിൽ കാർപ്പോവിനെ പരാജയപ്പെടുത്തി.
രണ്ടാം ബ്ലിറ്റ്സിൽ കാർപ്പോവ് ചാമ്പ്യൻ കളി പുറത്തെടുക്കുകയായിരുന്നു. ഇതോടെ സൗഹൃദമത്സരം സമനിലയിൽ പിരിഞ്ഞു.

നാട്ടിലെത്തി നോക്കിയപ്പോഴാണ്‌ സംഘാടകർ നൽകിയ ഉപഹാരം അവിടെ മറന്നുവച്ചെന്ന്‌ മനസ്സിലായത്‌. ഓർമയ്‌ക്കായി സൂക്ഷിക്കാനുള്ള ഉപഹാരത്തിന്റെ കാര്യം ഒപ്പമുണ്ടായിരുന്ന കോച്ച് ചെന്നൈ സ്വദേശിയും രണ്ടുതവണ ഏഷ്യൻ ചാമ്പ്യനുമായ ശ്രീനാഥ് നാരായണനും വിട്ടുപോയി.

2020ൽ സ്വീഡനിൽ നടക്കുന്ന സിഗ്മെൻസ് അന്താരാഷ്ട്ര ചെസ്‌ ചാമ്പ്യൻഷിപ്പിൽ നിഹാൽ വീണ്ടും കാർപ്പോവും മറ്റു മുതിർന്ന താരങ്ങളുമായി ഏറ്റുമുട്ടും. ഡിസംബറിൽ നടക്കാനിരിക്കുന്ന ലോക റാപ്പിഡ് ചെസ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് നിഹാൽ. ബംഗളൂരു ആസ്ഥാനമായ ഓർഗാനിക് മിൽക്ക് കമ്പനി അക്ഷയകൽപ്പയാണ് സ്പോൺസർ.


പ്രധാന വാർത്തകൾ
 Top