നൗകാമ്പ്
തോൽക്കാൻ ഒരുക്കമല്ലായിരുന്നു ചെൽസിയും അയാക്സും. അടിക്ക് തിരിച്ചടി. ഒടുവിൽ 4–-4ന്റെ സമനില. ചാമ്പ്യൻസ് ലീഗിലെതന്നെ ഏറ്റവും ആവേശകരമായ സമനിലപ്പോരാട്ടം. ആകെ എട്ട് ഗോൾ പിറന്നു. അതിൽ രണ്ടെണ്ണം ദാനഗോൾ. രണ്ടെണ്ണം പെനൽറ്റി. രണ്ട് ചുവപ്പ് കാർഡും പുറത്തെടുത്തു റഫറി. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ 70–-ാം മിനിറ്റുവരെ ചെൽസി 1–-4ന് പിന്നിലായിരുന്നു. അവസാനഘട്ടത്തിൽ 11 മിനിറ്റിൽ മൂന്ന് ഗോളടിച്ച് സമനില പിടിച്ചു. അയാക്സ് അവസാന 20 മിനിറ്റ് അവർ ഒമ്പതുപേരുമായാണ് കളിച്ചത്. ഡാലി ബ്ലിൻഡും ജോയെൽ വെൽട്ട്മാനും ചുവപ്പുകാർഡ് കണ്ട് പുറത്തായി.
ടാമ്മി അബ്രഹാമിന്റെ ദാനഗോളിൽ അയാക്സാണ് മുന്നിലെത്തിയത്. നിമിഷങ്ങൾക്കുള്ളിൽ പെനൽറ്റിയിലൂടെ ജോർജീന്യോ ഒരെണ്ണം മടക്കി. ശേഷം ക്വിൻസി പ്രോമെസ് വീണ്ടും അയാക്സിനെ മുന്നിലെത്തിച്ചു. ഇതിനിടെ ചെൽസി ഒരു ദാനഗോൾകൂടി വഴങ്ങി. ഹക്കീം സിയെച്ചിന്റെ ഫ്രീകിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. പന്ത് ശക്തിയോടെ ചെൽസി ഗോൾ കീപ്പർ കെപയുടെ മുഖത്ത് പതിച്ച് വലയിലേക്ക്. രണ്ടാംപകുതിയുടെ തുടക്കത്തിൽ വാൻ ഡി ബീക്ക് അവരുടെ നാലാം ഗോളും തികച്ചു. സെസാർ അസ്പ്ലിക്യൂട്ട ചെൽസിക്കായി ഒരെണ്ണം തിരിച്ചടിച്ചു. പിന്നാലെ ചുവപ്പുകാർഡിലൂടെ അയാക്സിന് ബ്ലിൻഡിനെയും വെൽട്ട്മാനെയും നഷ്ടമായി. ചെൽസി തിരിച്ചുവന്നു. മറ്റൊരു പെനൽറ്റിയിലൂടെ ജോർജീന്യോ വ്യത്യാസം കുറച്ചു. ഒടുവിൽ പകരക്കാരനായെത്തിയ പത്തൊമ്പതുകാരൻ റീസെ ജയിംസ് ചെൽസിക്ക് മിന്നുന്ന സമനിലയുമാക്കി.
നൗകാമ്പിൽ ബാഴ്സലോണയെ സാൽവിയ പ്രാഗ് ഗോളടിപ്പിക്കാതെ പിടിച്ചുകെട്ടി.ബൊറൂസിയ ഡോർട്ട്മുണ്ട്–-ഇന്റർ മിലാൻ മത്സരവും മിന്നി. രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം മൂന്നെണ്ണം തിരിച്ചടിച്ച് ഡോർട്ട്മുണ്ട് തകർപ്പൻ ജയം കുറിച്ചു (3–-2). ലിവർപൂൾ ജെങ്കിനെ 2–-1ന് വീഴ്ത്തി. നാപോളി സാൽസ്ബുർഗിനോട് 1–-1ന് കുരുങ്ങി.
സ്പാനിഷ് ലീഗിൽ ലെവന്റെയോട് 1–-3ന്റെ അപമാനകരമായ തോൽവി ഏറ്റുവാങ്ങി നൗകാമ്പിലെത്തിയ ബാഴ്സയ്ക്ക് അവിടെയും പിഴച്ചു. സ്വന്തം തട്ടകത്തിൽ 46 മത്സരങ്ങൾക്കുശേഷം ഗോളടിക്കാതെ ഒരു മത്സരം പൂർത്തിയാക്കി. 2012നുശേഷം ലയണൽ മെസി നൗകാമ്പിൽ നടന്ന എല്ലാ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഗോളടിക്കുകയോ, അവസരമൊരുക്കുകയോ ചെയ്തിട്ടുണ്ട്. ഇക്കുറി പക്ഷേ, മെസിക്കും പിഴച്ചു. ഒരു ഷോട്ട് ക്രോസ് ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. സാൽവിയ ഗോൾ കീപ്പർ ഒൻഡ്രെയ് കോളറിന്റെ പ്രകടനമാണ് ബാഴ്സയെ തടഞ്ഞത്.