24 January Thursday

‘കാലിൽ തോക്കേന്തിയവൻ’

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018


ഇംഗ്ലണ്ട് ഫുട്ബോൾതാരം റഹീം സ്റ്റെർലിങ്ങിന്റെ വലംകാലിൽ ഒരു തോക്കിന്റെ ചിത്രം പച്ചകുത്തിയിട്ടുണ്ട്. അക്രമികളുടെ വെടിയേറ്റു മരിച്ച അച്ഛന്റെ ഓർമയ്ക്കായാണിത്. രണ്ടാം വയസ്സിൽ അച്ഛനെ നഷ്ടമായ സ്റ്റെർലിങ് ജീവിതത്തിൽ ഉറച്ചൊരു തീരുമാനം എടുത്തിട്ടുണ്ട്. തോക്ക് കൈകൊണ്ട് തൊടില്ലെന്ന്. എന്നാൽ, ഇന്ന് ആ വലംകാലിൽനിന്ന് തൊടുക്കുന്ന വെടിയുണ്ട കണക്കെയുള്ള പന്തുകൾ എതിരാളിയുടെ വല തകർക്കുകയാണ്. വെടിയുണ്ടകളും ദാരിദ്ര്യവും മാഫിയകളും കണ്ടു നടുങ്ങിയ കുട്ടിക്കാലത്തിന്റെ വേദനകൾ മറക്കാൻ സ്റ്റെർലിങ്ങിനെ സഹായിക്കുന്നു ഈ ഗോളുകൾ. 

പിന്നിട്ട കഠിനവഴികളുടെ കരുത്താണ് കളിക്കളത്തിൽ എതിർപ്രതിരോധം വകഞ്ഞുമാറ്റാൻ ഈ ഇരുപത്തിമൂന്നുകാരനെ പ്രപ്തനാക്കുന്നത്. രണ്ടാം വയസ്സിൽ ജന്മനാടായ ജമൈക്കയിലെ കിങ്സ്റ്റണിലാണ് അച്ഛൻ കൊല്ലപ്പെടുന്നത്. അതോടെ റഹീമിന്റെ ജീവിതം മാറിമറിഞ്ഞു. അച്ഛന്റെ മരണം കുടുംബത്തെ തകർത്തു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ മറ്റുവഴികളില്ലാത്തതിനെത്തുടർന്ന്  സ്റ്റെർലിങ്ങിനെയും സഹോദരിയെയും മുത്തശ്ശിയെ ഏൽപ്പിച്ച് അമ്മ നദിനെ ലണ്ടനിലേക്കു പോയി. ബിരുദപഠനം പൂർത്തീകരിക്കലും മെച്ചപ്പെട്ടൊരു ജോലിയുമായിരുന്നു അവരുടെ ലക്ഷ്യം. പിന്നീടുള്ള മൂന്നുവർഷം മുത്തശ്ശിയായിരുന്നു എല്ലാം. പലപ്പോഴും കുട്ടികൾക്ക് ഒരു ഐസ്ക്രീമിനുവേണ്ട പൈസപോലും അവരുടെ കൈയിലുണ്ടാകുമായിരുന്നില്ല. കുട്ടികൾക്ക് ഐസ്ക്രീം വാങ്ങിക്കൊടുക്കാൻ പണത്തിനായി അവർ പലരോടും യാചിക്കുന്നത് റഹീമിന്റെ മനസ്സിലുണ്ട്.

റഹീമിന്റെ അഞ്ചാംവയസ്സിൽ ലണ്ടനിലെത്തി. അമ്മ ഹോട്ടലുകളിൽ തൂപ്പുജോലിക്ക് പോകുമായിരുന്നു. അതിരാവിലെ എഴുന്നേറ്റ് റഹീം അമ്മയെ സഹായിക്കും.
ക്ലിവ് എല്ലിങ്ടോൺ എന്ന സുഹൃത്തിനൊപ്പം വികൃതികാണിച്ചുനടന്ന ഒരുദിവസം, എല്ലിങ്ടോണിന്റെ ഒരു ചോദ്യമാണ് ഫുട്ബോളിലേക്കുള്ള തുടക്കം. നിനക്ക് എന്തുചെയ്യാനാണ് ഇഷ്ടം എന്ന ചോദ്യത്തിന്, പെട്ടെന്നുതന്നെ റഹീം മറുപടി പറഞ്ഞു: 'ഫുട്ബോൾ കളിക്കാൻ.' മറുപടിക്കുപിന്നാലെ  സുഹൃത്ത് സൺഡേ ലീഗ് മത്സരത്തിൽ ചേരാൻ നിർബന്ധിച്ചു. ഇവിടെ ഇംഗ്ലണ്ട് ജഴ്സിയിലെ 10ാംനമ്പറുകാരൻ ജനിച്ചു. 10‐ാംവയസ്സിൽതന്നെ ഇംഗ്ലണ്ടിലെ വമ്പൻ ക്ലബ്ബുകൾ റഹീമിനെ തേടിയെത്തി. വീണ്ടും അമ്മയുടെ വാക്കുകൾ റഹീമിന്റെ വഴി മാറ്റി. ആഴ്സണൽ അക്കാദമിയിൽ ചേരാൻ തീരുമാനിച്ച റഹീമിനെ പിന്തിരിപ്പിച്ചത് അമ്മയുടെ വാക്കുകളായിരുന്നു. അവിടെ പോയാൽ 50ൽ ഒരാളേ ആവൂ. നിന്റെ പേരിൽ അറിയപ്പെടുന്ന ചെറിയ ക്ലബ്ബാണ് ഉചിതം. പോരാളിയായ അമ്മയുടെ വാക്കുകൾ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിലെത്തിച്ചു. അവിടെനിന്ന് 2010ൽ ലിവർപൂളിന്റെ യൂത്ത് ടീമിലേക്ക്. രണ്ടുവർഷത്തിനകം സീനിയർ ടീമിൽ. പിന്നീട് സിറ്റിയിലെത്തിയ റഹീം ടീമിന്റെ മുന്നണിപ്പോരാളികളിൽ പ്രമുഖനായത് ചരിത്രം.
 

പ്രധാന വാർത്തകൾ
 Top