04 July Saturday
ദേശീയ സ‌്കൂൾ മീറ്റ‌്: ആദ്യദിനം കേരളം പത്താമത്‌

പൊന്നണിയാതെ കേരളം

ആർ രഞ‌്ജിത‌്Updated: Friday Dec 6, 2019

ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ ഹരിയാനയുടെ ഖ്യാതി മാത്തൂർ റെക്കോഡോടെ സ്വർണത്തിലേക്ക്‌ ഫോട്ടോ: പി ദിലീപ്‌കുമാർ


സംഗ്രൂർ (പഞ്ചാബ‌്)
ട്രാക്കിലും ഫീൽഡിലും കേരളമില്ല. 17 സ്വർണം നിശ‌്ചയിച്ച ദിവസം ഒരു തരിപോലുമില്ല. ദേശീയ സ‌്കൂൾ അത‌്‌ലറ്റിക‌് മീറ്റിൽ 65–--ാം പതിപ്പിൽ വെള്ളിയും വെങ്കലവുമായുള്ള കേരളത്തിന്റെ അരങ്ങേറ്റം വരാനിരിക്കുന്ന വലിയ തിരിച്ചടിയുടെ സൂചനയായി. ഉത്തർപ്രദേശും തമിഴ‌്നാടും ഹരിയാനയും മഹാരാഷ‌്ട്രയും കുതിക്കുമ്പോൾ കേരള‌ം പത്താംസ്ഥാനത്താണ‌്.
ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ തിരുവനന്തപുരം ജി വി രാജ സ‌്പോർട‌്സ‌് സ‌്കൂളിലെ എസ‌് അക്ഷയ‌് 49.23 സെക്കൻഡിൽ വെള്ളി നേടി. സബ‌്ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ കല്ലടി സ‌്കൂളിലെ കെ അഖില മോൾ 1.48 മീറ്റർ ചാടി വെങ്കലം കരസ്ഥമാക്കി.

100 മീറ്ററിൽ ഒറ്റ കേരള താരങ്ങൾപോലും ഫൈനലിൽ കടന്നില്ല. ജൂനിയർ ആൺകുട്ടികളുടെ ലോങ്‌ജമ്പ‌്, 1500 മീറ്റർ, പെൺകുട്ടികളുടെ ഡിസ‌്കസ‌്ത്രോ, സബ‌്ജൂനിയർ ആൺകുട്ടികളുടെ ഷോട്‌പുട്ട‌്, 400 മീറ്റർ, പെൺകുട്ടികളുടെ ലോങ്ജമ്പ‌് എന്നീ ഇനങ്ങളിലും  മെഡൽ പോരാട്ടത്തിൽ കേരളം ഇല്ലായിരുന്നു. സംഗ്രൂറിലെ വാർ ഹീറോസ‌് സ‌്റ്റേഡിയത്തിൽ കേരളം എതിരാളികൾക്ക‌് വെല്ലുവിളി ആയതേയില്ല.  സബ‌്ജൂനിയറിൽ തിരിച്ചടി പ്രതീക്ഷിച്ചതാണെങ്കിലും ജൂനിയറിലെ പ്രകടനം നിലവിലെ ചാമ്പ്യൻമാർക്ക‌് ആഘാതമായി.

ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ കെ അഭിജിത‌് സെമിയിൽ പുറത്തായി. 100 മീറ്ററിൽ എസ‌് സ‌്റ്റാലിൻ ജോഷ്വ സെമിയിൽ തോറ്റു. പെൺകുട്ടികളുടെ 1500 മീറ്ററിൽ കെ പി സനിക അഞ്ചാമതായി. ഹൈജമ്പിൽ രോഷ‌്ന അഗസ‌്റ്റിൽ നാലാം സ്ഥാനത്തിൽ ഒതുങ്ങി. 400 മീറ്ററിൽ മെഡൽ പ്രതീക്ഷിച്ച എൽഗ തോമസ‌് അഞ്ചും പ്രതിഭ വർഗീസ‌് എട്ടും സ്ഥാനത്തേക്ക‌് പിന്തള്ളപ്പെട്ടു. സബ‌് ജൂനിയറിൽ എം കെ വിഷ‌്ണുവിന‌് 100 മീറ്ററിൽ ഫൈനൽ ടിക്കറ്റ‌് കിട്ടിയില്ല.  അഞ്ച‌് മീറ്റ‌് റെക്കോഡുകൾ പിറന്ന ദിവസത്തിൽ ഹരിയാനയിൽനിന്നുള്ള ചാട്ടക്കാരി ഖ്യാതി മാത്തൂർ ശ്രദ്ധ നേടി. ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ 1.68 മീറ്ററിൽ പുതിയ ഉയരം കുറിച്ചു.

ഡിസ‌്കസ‌് ത്രോയിൽ സന്യ യാദവ‌് (44.25 മീറ്റർ), ആൺകുട്ടികളുടെ 1500 മീറ്ററിൽ ഉത്തർപ്രദേശിന്റെ ഉത്തംയാദവ‌് (3:54.11),  5000 മീറ്റർ നടത്തത്തിൽ മധ്യപ്രദേശിന്റെ ബജറംഗി പ്രജാപതി (20:42.71), സബ‌്ജൂനിയർ ആൺകുട്ടികളുടെ ഷോട്‌പുട്ടിൽ ഉത്തർപ്രദേശിന്റെ അശുതോഷ‌് ദുബേ (17.25 മീറ്റർ) എന്നിവർ റെക്കോഡിട്ടു.

ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ജാർഖണ്ഡിന്റെ സദാനന്ദ‌് കുമാർ (11.25) വേഗക്കാരനായി. പെൺകുട്ടികളിൽ തെലങ്കാനയുടെ ജെ ദീപ‌്തി(12.20) സ്വർണം നേടി. സബ‌്ജൂനിയറിൽ കെവിഎസിന്റെ മുഹമ്മദ‌് റെയാൻ ബാഷ (11.43), സിഐഎസ‌്ഇസിയുടെ ഇഷാ രാംതക‌്(12.68) എന്നിവരും ഒന്നാമതെത്തി. ഇന്ന‌് ഒമ്പത‌് ഫൈനലാണ്‌.

ചാട്ടത്തിൽ ‘ഖ്യാതി’
സംഗ്രൂർ
ഹൈജമ്പിൽ റെക്കോഡിട്ട ഖ്യാതി മാത്തൂർ വിജയം നേടിയത‌് പരിശീലകനില്ലാതെ. ഫോൺ വഴി ഉപദേശം നേടിയും യു ട്യൂബിലെ  ചാട്ടങ്ങൾ കണ്ടുമായിരുന്നു പരിശീലനം. ഉത്തർപ്രദേശിലെ മീററ്റിൽനിന്നുള്ള പ്ലസ‌്ടുക്കാരി ഹരിയാന റിവാഡി ഗവ. എംഎസ‌് സ‌്കൂളിനെയാണ‌് പ്രതിനിധീകരിച്ചത‌്. 

ജൂനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ 1.68 മീറ്റർ ചാടി പുതിയ ഉയരം കുറിച്ചു. നാലുവർഷം മുമ്പ‌് അസമിന്റെ ലയംവിന നർസറി സ്ഥാപിച്ച 1.67 മീറ്റർ മാഞ്ഞു. മീററ്റിൽ പരിശീലകനായ ജയ‌്‌വീറാണ‌് ചാട്ടക്കാരിയെ കണ്ടെത്തിയത‌്. ഹരിയാനയിലെ സ‌്കൂളിലേക്ക‌് മാറിയതോടെ പരിശീലകനെ നഷ‌്ടപ്പെട്ടു. ഒന്നരവർഷത്തോളം യു ട്യൂബ‌് ‘കോച്ചായി’. ദേശീയ മീറ്റിന‌് ഒരുങ്ങാൻ കോച്ച‌് ജയ‌്‌വീർ ഫോണിൽ എത്തി. ചാട്ടങ്ങളുടെ വീഡിയോയുമായി ഫോട്ടോഗ്രാഫറായ അച്ഛൻ വിശാൽ മാത്തൂറും അമ്മ രചനയും കൂട്ടിനുണ്ടായിരുന്നു.  ഹരിയാനയിൽ എത്തിയശേഷം ഈയടുത്ത‌് പുതിയ പരിശീലകനെ കണ്ടെത്തിയിട്ടുണ്ട‌്. ഇനി ഒറ്റയ്‌ക്കുള്ള പരിശീലനം അവസാനിപ്പിച്ചാകും ഭാവിയിലെ ചാട്ടങ്ങൾ.

 

ഹരിയാനയുടെ പ്രായത്തട്ടിപ്പ‌് ; അക്ഷയ‌് പൊന്നാകുമോ
സംഗ്രൂർ
കേരളം മങ്ങിപ്പോയ ദിവസം മാനം കാത്തത‌് എസ‌് അക്ഷയ‌് നേടിയ വെള്ളിയാണ‌്. അവസാന കുതിപ്പിലാണ‌് ഹരിയാനക്കാരനായ ശോഭിത‌് രാതേ ഒന്നാമതായത‌്.  17 വയസ്സിന‌് താഴെയുള്ള ആൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം നേടിയ ശോഭിത്തിന‌് ഇരുപത‌് വയസ്സായെന്ന‌് കേരളവും ഒഡിഷയും പരാതിപ്പെട്ടു. ഇരുസംസ്ഥാനങ്ങളും രേഖാമൂലം പരാതി നൽകി. 

പരാതി പരിശോധിച്ചാൽ അക്ഷയ‌്ക്ക‌് സ്വർണം കിട്ടുമെന്നാണ‌് കേരളത്തിന്റെ ഉറച്ച വിശ്വാസം. തിരുവനന്തപുരം  ജി വി രാജ സ‌്പോർട‌്സ‌് സ‌്കൂളിൽ പ്ലസ‌് വൺ ബയോ സയൻസ‌് വിദ്യാർഥിയാണ‌്. എസ‌് സത്യനാണ‌് പരിശീലകൻ.
 


പ്രധാന വാർത്തകൾ
 Top