09 August Sunday

ജർമൻ കപ്പിൽ ബയേൺ മുത്തം

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

ജർമൻ കപ്പുമായി ബയേൺ മ്യൂണിക്‌ ടീം ആഘോഷത്തിൽ


ബെർലിൻ
കോവിഡ്‌ മഹാമാരി ബയേൺ മ്യൂണിക്കിനെ തളർത്തിയില്ല. രണ്ടരമാസത്തെ ഇടവേളയ്‌ക്കുശേഷം കളത്തിലെത്തിയ ജർമൻ വമ്പൻമാർ തുടർജയങ്ങളുമായി വിസ്‌മയിപ്പിക്കുകയാണ്‌. 20 ദിവസത്തിന്റെ ഇടവേളയിൽ രണ്ടാം ആഭ്യന്തരകിരീടവും ബയേൺ സ്വന്തമാക്കി. ജർമൻ കപ്പ്‌ ഫുട്‌ബോളിൽ ബയേർ ലെവർകൂസനെ 4–-2ന്‌ തകർത്താണ്‌ ബയേണിന്റെ കിരീടധാരണം. കോവിഡ്‌ ഇടവേള കഴിഞ്ഞ്‌ ദിവസങ്ങൾക്കുള്ളിൽത്തന്നെ ബയേൺ ജർമൻ ലീഗിൽ കപ്പ്‌ സ്വന്തമാക്കിയിരുന്നു.

പതിമൂന്നാംതവണയാണ്‌ ബയേൺ ഒരു സീസണിൽ രണ്ട്‌ ആഭ്യന്തര കിരീടം നേടുന്നത്‌. ജർമൻ കപ്പിൽ 20–-ാം കിരീടം. ഇനി സീസണിൽ ചാമ്പ്യൻസ്‌ ലീഗാണ്‌ ലക്ഷ്യം.
ഇരട്ടഗോൾ നേടിയ റോബർട്ട്‌ ലെവൻഡോവ്‌സ്‌കിയായിരുന്നു ജർമൻ കപ്പ്‌ ഫൈനലിൽ ബയേണിന്റെ താരം. ഈ സീസണിൽ 50 ഗോളും പോളണ്ടുകാരൻ തികച്ചു. ഡേവിഡ്‌ അലാബയുടെ ഗോളിൽ തുടക്കത്തിൽത്തന്നെ ലീഡ്‌ നേടിയ ബയേൺ കളിയിൽ പൂർണ മേധാവിത്വം നേടി. മിനിറ്റുകൾക്കുള്ളിൽ സെർജി നാബ്രി ബയേണിന്റെ രണ്ടാംഗോൾ കുറിച്ചു. ഇടവേളയ്‌ക്കുശേഷമായിരുന്നു ലെവൻഡോവ്‌സ്‌കിയുടെ രണ്ട്‌ ഗോളും. തോൽവിയറിയാതെ തുടർച്ചയായ 26 മത്സരം ബയേൺ പൂർത്തിയാക്കി. തുടർച്ചയായ 17 കളിയിൽ തോറ്റില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top