14 April Wednesday

ഐപിഎൽ : ഉദിക്കുമോ പഞ്ചാബ്‌‌

വെബ് ഡെസ്‌ക്‌Updated: Tuesday Apr 6, 2021


മുംബൈ
ഐപിഎൽ കിരീടം പഞ്ചാബ്‌ കിങ്സിന്‌ കിട്ടാക്കനിയാണ്‌. ലീഗിന്റെ 13 വർഷത്തെ ചരിത്രത്തിൽ ഒരുവട്ടം മാത്രമാണ്‌ അവർ ഫൈനലിൽ എത്തിയത്‌.  2014ൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനോട്‌ തോറ്റു. ഇതിനുപുറമേ ആദ്യപതിപ്പിൽ മാത്രമാണ്‌ പഞ്ചാബ്‌ പ്ലേ ഓഫ്‌ വരെ മുന്നേറിയത്‌. ബാക്കി 11 സീസണുകളിലും മങ്ങി.

കഴിഞ്ഞവർഷം മികച്ച പ്രകടനമായിരുന്നു. എന്നാൽ ആദ്യമത്സരങ്ങളിലെ തോൽവികൾ അവസാന നാലിൽ എത്തുന്നത്‌ തടഞ്ഞു. പോയ സീസണിലെ സമാനമായ ടീമിനെ അതേപടി നിലനിർത്തിയാണ്‌ കെ എൽ രാഹുൽ നയിക്കുന്ന പഞ്ചാബ്‌ എത്തുന്നത്‌. ഇത്തവണ നോട്ടം കപ്പിലേക്ക്‌ മാത്രമാണ്‌. അനിൽ കുംബ്ലെ എന്ന മികച്ച പരിശീലകന്റെ സാമിപ്യവും അവർക്കുണ്ട്‌.
12ന്‌ രാജസ്ഥാൻ റോയൽസിനെതിരെയാണ്‌ ആദ്യ കളി.

കരുത്ത്‌
ആഴമുള്ള ബാറ്റിങ്‌നിരയാണ്‌ പഞ്ചാബിന്‌. ഓപ്പണർമാരായി രാഹുലും മായങ്ക്‌ അഗർവാളും. പിന്നാലെ എത്തുന്നത്‌ ട്വന്റി–-20 ക്രിക്കറ്റ്‌ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്‌മാൻ ക്രിസ്‌ ഗെയ്ൽ. ഒപ്പം നിലവിലെ ഒന്നാംനമ്പർ താരം ഡേവിഡ്‌ മലാനുമുണ്ട്‌. വെസ്റ്റിൻഡീസുകാരൻ നിക്കോളാസ്‌ പുരാനാണ്‌ മറ്റൊരു താരം.

ഗ്ലെൻ മാക്‌സ്‌വെലിന്റെ ഒഴിവിലേക്ക്‌ മോയിസസ്‌ ഹെൻറിക്വസ്‌ എത്തും. തമിഴ്‌നാടിന്റെ പുതിയതാരം ഷാരുഖ്‌ ഖാനിൽ പഞ്ചാബിന്‌ പ്രതീക്ഷയേറേ. ഈ സീസണിന്റെ താരങ്ങളിൽ ഒരാളാകും ഈ ഇരുപത്തഞ്ചുകാരൻ എന്നാണ്‌ സൂചനകൾ. ഓസീസ് താരങ്ങളായ‌ ജൈ റിച്ചാർഡ്‌സണിന്റെയും റിലെ മെർദിത്തിന്റെയും വരവ്‌ പേസ്‌ നിരയെ ശക്തിപ്പെടുത്തും.

ദൗർബല്യം
പരിചയസമ്പന്നരായ സ്‌പിന്നർമാരുടെ അഭാവമുണ്ട്‌. രവി ബിഷ്‌ണോയി ഒറ്റയ്‌ക്കാണ്‌ ഈ ഒഴിവ്‌ നികത്തുന്നത്‌. പരിക്കുകാരണം നാല്‌ മാസമായി കളത്തിന്‌ പുറത്തുള്ള പേസർ മുഹമ്മദ്‌ ഷമിക്ക്‌ എത്രത്തോളം തിളങ്ങാനാകുമെന്ന ആശങ്കയും പഞ്ചാബ്‌ ക്യാമ്പിനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top