14 November Thursday

കോപ അമേരിക്ക; സെമിയിൽ ചിലി വീണു ബ്രസീൽ–-പെറു ഫൈനൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 5, 2019

ചിലിയെ കീഴടക്കി ഫൈനലിൽ കടന്ന പെറു കളിക്കാരുടെ ആഹ്ലാദം


പോർടോ അലെഗ്രെ
കോപ അമേരിക്ക ഫുട്‌ബോൾ ഫൈനലിൽ ബ്രസീൽ–-പെറു പോരാട്ടം. ഹാട്രിക്‌ കിരീടം തേടിയെത്തിയ ചിലിയെ മൂന്ന്‌ ഗോളുകൾക്ക്‌ പറഞ്ഞയച്ച്‌ പെറു ആതിഥേയരുമായുള്ള കിരീടപ്പോരിന്‌ അരങ്ങൊരുക്കി. ഞായറാഴ്‌ച രാത്രി 1.30നാണ്‌ ഫൈനൽ. 1975ന‌് ശേഷം ആദ്യമായാണ്‌ പെറു ഫൈനലിലെത്തുന്നത്‌. മൂന്നാം സ്ഥാനക്കാർക്കുള്ള കളിയിൽ നാളെ ചിലി അർജന്റീനയെ നേരിടും.

ആദ്യപകുതിയിൽ എഡിസൺ ഫ്ലോറസും യോഷിമർ യോറ്റനും ഇടവേളകഴിഞ്ഞ്‌ നായകൻ പൗലോ ഗുറൈറോയുമാണ്‌ പെറുവിനായി ലക്ഷ്യം കണ്ടത‌്.
ഫൈനലുറപ്പിച്ച മട്ടിലായിരുന്നു ചിലി പോർടോ അലെഗ്രെയിലെ ഗ്രെമിനോ അരീന സ്‌റ്റേഡിയത്തിൽ പന്തു തട്ടാനിറങ്ങിയത്‌. പെറുവിനെ ഗൗനിച്ചില്ല അവർ. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക്‌ പന്ത്‌ തൊടുക്കുന്നതിലുമെല്ലാം അവർ മുന്നിലെത്തി. പെറുവാകട്ടെ പ്രതിരോധം കനപ്പിച്ചു. കളത്തിൽ 11 പേരും തോറ്റുകൊടുക്കില്ലെന്ന ഉറപ്പോടെ നിറഞ്ഞു കളിച്ചു. ഗോൾമുഖത്ത്‌ വട്ടമിട്ട്‌ പറന്ന അലക്‌സിസ്‌ സാഞ്ചെസിനെയും എഡ്വഡ്വോ വാഗാസിനെയും കാർലോസ്‌ സമ്പ്രാനോയുടെയും ലൂയിസ്‌ അബ്രാമിന്റെയും  നേതൃത്വത്തിൽ പെറു പ്രതിരോധം തളച്ചിട്ടു.

പ്രതിരോധിക്കുകയും മുന്നേറുകയും ചെയ്‌താണ്‌ പെറു കളി പിടിച്ചത്‌. മധ്യനിരക്കാരൻ  ഫ്ലോറസ്‌ അവരെ മുന്നിലെത്തിച്ചു. ഇടതുപാർശ്വത്തിൽനിന്ന്‌ ലഭിച്ച ക്രോസിൽ ആന്ദ്രേ കരില്ലോ തലവച്ചു. പന്ത്‌ ഫ്ലോറിസിന്റെ കാലുകളിലെത്തി. ലക്ഷ്യം തെറ്റിയില്ല. ചിലി ഗോൾകീപ്പർ ഗബ്രിയേൽ അരിയാസിന്റെ വീഴ്‌ചയിൽ നിന്നായിരുന്നു രണ്ടാം ഗോൾ.  ഇടതുമൂലയിലേക്ക്‌ പന്തുമായെത്തിയ കരില്ലോയെ പ്രതിരോധിക്കാൻ ഗോൾവലയ്‌ക്ക്‌ മുന്നിൽനിന്ന്‌ മാറിയ സരിയാസിന്‌ പിഴച്ചു. കരില്ലോ പന്ത്‌ ഗോൾമുഖത്തേക്ക്‌ മറിച്ചു. യോറ്റന്റെ കാലുകളിലേക്ക്‌. കൃത്യമായിരുന്നു അടി. അരിയാസ്‌ ഓടിയെത്തുമ്പോഴേക്കും പന്ത്‌ വലയിലായി കഴിഞ്ഞിരുന്നു.
രണ്ടാംപകുതിയിൽ ഒപ്പമെത്താൻ ചിലി എല്ലാ അടവും പുറത്തെടുത്തു. ഫലമുണ്ടായില്ല. കിട്ടിയ അവസരങ്ങൾ പാഴാക്കി. അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾക്കുമുന്നേ ഗുറൈറോ മൂന്നാം ഗോളും നേടി കളി ഉറപ്പിച്ചു. ഏറ്റവുമൊടുവിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാനും ചിലിക്ക്‌ കഴിഞ്ഞില്ല. വാഗാസെടുത്ത പനേങ്ക കിക്ക്‌ ഗോളി പെഡ്രോ ഗാല്ലെസെ തടുത്തിട്ടു.

വിസ്‌മയിപ്പിക്കുന്ന കുതിപ്പാണ്‌ രണ്ട‌് തവണ ജേതാക്കളായ പെറു കോപയിൽ നടത്തിയത്‌. ഗ്രൂപ്പ്‌ ഘട്ടത്തിൽനിന്ന്‌ മികച്ച മൂന്നാം സ്ഥാനക്കാരുടെ ആനുകൂല്യത്തിൽ ക്വാർട്ടറിലെത്തി. അവിടെ ശക്തരായ ഉറുഗ്വേയെ ഷൂട്ടൗട്ടിൽ മറികടന്നു. നേരേ സെമിയിലേക്ക്‌. ചിലിക്കെതിരെ ഉജ്വല ജയവുമായി ഫൈനലിലേക്ക‌്.
ഗ്രൂപ്പ്‌ മത്സരത്തിൽ ബ്രസീലിനോട‌് പെറു അഞ്ച‌് ഗോ‌ളിന‌് തകർന്നു. അർജന്റീനയെ രണ്ട്‌ ഗോളുകൾക്ക്‌ തോൽപ്പിച്ചാണ്‌ ബ്രസീൽ ഫൈനലിലെത്തിയത്‌.


പ്രധാന വാർത്തകൾ
 Top