16 July Thursday

ചാമ്പ്യൻസ്‌ ലീഗിന്‌ ഒറ്റവേദി; മത്സരങ്ങളുടെ എണ്ണം കുറയും

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020

സൂറിച്ച്‌
കോവിഡ്‌ മഹാമാരി കാരണം മുടങ്ങിക്കിടന്ന ചാമ്പ്യൻസ്‌ ലീഗ്‌ മത്സരങ്ങൾ ഒറ്റവേദിയിൽ തീർക്കാൻ യുവേഫ ആലോചിക്കുന്നു. മത്സരങ്ങളുടെ എണ്ണവും കുറയ്‌ക്കും. ഫൈനൽ വേദി ഇസ്‌താംബൂളിൽനിന്ന്‌ മാറ്റി. പോർച്ചുഗലിലെ ലിസ്‌ബൺ ആണ്‌ യുവേഫയുടെ പരിഗണനയിൽ. അത്‌ലറ്റികോ മാഡ്രിഡിന്റെ മൈതാനമായ വാണ്ട മെട്രോപൊളീറ്റാന, ബയേൺ മ്യൂണിക്കിന്റെ അലയൻസ്‌ അരീന എന്നിവയും പട്ടികയിലുണ്ട്‌. ആഗസ്‌ത്‌ 22നുള്ളിൽ മത്സരങ്ങൾ പൂർത്തിയാക്കാനാണ്‌ നീക്കം. ആദ്യം നിശ്‌ചയിച്ചിരുന്നത്‌ ആഗസ്‌ത്‌ 29നായിരുന്നു.

മാർച്ച്‌ 11നാണ്‌ മത്സരങ്ങൾ നിർത്തിവച്ചത്‌. ഫുട്‌ബോൾ കലണ്ടർപ്രകാരം ഈ മാസം 30നാണ്‌ ഫൈനൽ നടക്കേണ്ടിയിരുന്നത്‌.  ഇസ്‌താംബൂളിലെ അട്ടാടുർക്‌  ഒളിമ്പിക്‌ സ്‌റ്റേഡിയമായിരുന്നു വേദി. എന്നാൽ കോവിഡ്‌ വ്യാപനം രൂക്ഷമായതിനാൽ തുർക്കി നഗരത്തിൽ ഫൈനൽ നടത്തുന്നതിൽനിന്ന്‌ യുവേഫ പിന്മാറുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും കാരണമായി.പ്രീ ക്വാർട്ടർ മത്സരങ്ങളിൽ നാലെണ്ണം ബാക്കിയുണ്ട്‌. രണ്ടാംപാദ മത്സരങ്ങളാണ്‌. എന്ന്‌ പൂർത്തിയാക്കുമെന്ന്‌ വ്യക്തമാക്കിയിട്ടില്ല. പ്രീ ക്വാർട്ടർ മത്സരങ്ങൾ പൂർത്തിയാക്കാനുള്ള പട്ടികയിൽ ബാഴ്‌സലോണ, റയൽ മാഡ്രിഡ്‌, മാഞ്ചസ്‌റ്റർ സിറ്റി, ബയേൺ മ്യൂണിക്‌ തുടങ്ങിയ ടീമുകളുമുണ്ട്‌. രണ്ടാംപാദ പ്രീ ക്വാർട്ടർ, സെമി മത്സരങ്ങളുടെ രണ്ടാംപാദം ഒഴിവാക്കാം. ക്വാർട്ടറും സെമിയും ഫൈനലും ഒരുവേദിയിൽത്തന്നെയാകും.
യൂറോപ ലീഗിൽ ആറ്‌ ആദ്യപാദ പ്രീ ക്വാർട്ടർ മത്സരങ്ങൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ.

ആഭ്യന്തര ലീഗുകളിൽ ജർമനിയിൽ മാത്രമാണ്‌ കളി പുനരാരംഭിച്ചത്‌. സ്‌പാനിഷ്‌, ഇറ്റാലിയൻ, ഇംഗ്ലീഷ്‌ പ്രീമിയർ ലീഗുകളിൽ വരുന്ന ആഴ്‌ചകളിൽ മത്സരങ്ങൾ പുനരാരംഭിക്കും.


പ്രധാന വാർത്തകൾ
 Top