09 August Sunday

കപ്പിൽ കണ്ണുനട്ട്‌ ഇന്ത്യ; ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 5, 2019

സതാംപ‌്ടൺ > വിരാട‌് കോഹ‌്‌ലിയും സംഘവും ഇന്ന‌് കളത്തിൽ. ലോകകപ്പ‌് തുടങ്ങി ഏഴാംദിനം ഇന്ത്യക്ക‌് ആദ്യ മത്സരം. എതിരാളികൾ ഇതിനകം രണ്ട‌് മത്സരം പൂർത്തിയാക്കിയ ദക്ഷിണാഫ്രിക്ക. സതാംപ‌്ടണിൽ ഇന്ത്യൻ സമയം പകൽ മൂന്നിന‌് അരങ്ങുണരും. മൂന്നാം ലോകകപ്പ‌് കിരീടമെന്ന സ്വപ‌്നത്തിലേക്കാണ‌് കോഹ‌്‌ലിയും കൂട്ടരും ഇറങ്ങുന്നത‌്. തുടക്കം ഗംഭീരമാക്കിയാൽ ടീമിന്റെ ആത്മവിശ്വാസമുണരും.
ഐപിഎൽ ക്ഷീണത്തോടെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീം രണ്ട‌് സന്നാഹ മത്സരങ്ങൾ കളിച്ചു. ന്യൂസിലൻഡിനോട‌് അടിപതറിയപ്പോൾ ബംഗ്ലാദേശിനെതിരെ ആധികാരിക ജയം കുറിച്ചു. ഏകദിന റാങ്കിങ‌് പട്ടികയിലെ രണ്ടാംസ്ഥാനക്കാരാണ‌് ഇന്ത്യൻ ടീം.

നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ‌്സ‌്മാൻ കോഹ‌്‌ലിയും ബൗളർ ജസ‌്പ്രീത‌് ബുമ്രയും ടീമിലുണ്ട‌്. ലോകകപ്പ‌് കിരീടം നേടിത്തന്ന മഹേന്ദ്ര സിങ‌് ധോണിയുടെ പരിചയസമ്പത്തുണ്ട‌്. രോഹിത‌് ശർമ–-ശിഖർ ധവാൻ ഓപ്പണിങ‌് സഖ്യം, കുൽദീപ‌് യാദ‌വ‌്–-യുശ‌്‌വേന്ദ്ര ചഹാൽ സ‌്പിൻ ദ്വയം, ഹാർദിക‌് പാണ്ഡ്യയും രവീന്ദ്ര ജഡേജയും വിജയ‌് ശങ്കറും ഉൾപ്പെട്ട ഓൾ റൗണ്ടർമാരുടെ നിര. ഒരുങ്ങിത്തന്നെയാണ‌് ഇന്ത്യ.
ഐപിഎ‌ലിന‌്  ശേഷം ഇന്ത്യയുടെ മത്സരങ്ങൾക്ക‌് 15 ദിവസത്തെ ഇടവേള വേണമെന്ന സുപ്രീം കോടതി വിധി ഐസിസി കണക്കിലെടുത്തതാണ‌് മത്സരം വൈകിയെത്താൻ കാരണം. മത്സരങ്ങളില്ലാത്ത ഈ സമയം ഒരേസമയം പരിശീലനത്തിനും വിനോദത്തിനുമായാണ‌് ടീം ഇന്ത്യ ചെലവഴിച്ചത‌്.

ജസ‌്പ്രിത‌് ബുമ്രയ‌്ക്കും മുഹമ്മദ‌് ഷമിക്കും പുറമേ ഭുവനേശ്വർ കുമാർ ഇന്ത്യൻ നിരയിൽ മൂന്നാമത്തെ പേസ‌് ബൗളറായി ഇറങ്ങാൻ സാധ്യതയുണ്ട‌്‌. സതാംപ‌്ടണിലെ പേസിനനുകൂലമായ സാഹചര്യം മുതലെടുക്കാൻ തീരുമാനിച്ചാലാണ‌് ഭുവിക്ക‌് അവസരമുണ്ടാകുക. മീഡിയം പേസർ ഹാർദിക‌് പാണ്ഡ്യയ‌്ക്കൊപ്പം മൂന്ന‌് പേസർമാരും കൂടിയെത്തുമ്പോൾ ഇന്ത്യൻ പേസ‌് പടയ‌്ക്ക‌് ശൗര്യം കൂടും.
ഓൾറൗണ്ടർ ഹാർദിക‌് പാണ്ഡ്യയടക്കം ആറ‌് ബാറ്റ‌്സ‌്മാൻമാരെയും ഉപയോഗിക്കാനാകും. സ‌്പിന്നറായി യുസ‌്‌വേന്ദ്ര ചഹലിനെയൊ കുൽദീപ‌് യാദവിനെയോയാകും പരിഗണിക്കുക. ഒഴിവുള്ള ഒരു സ‌്ഥാനത്തേക്ക‌് കേദാർ ജാദവോ രവീന്ദ്ര ജഡേജയോ ഇറങ്ങും. ന്യൂസിലൻഡിനെതിരായ സന്നാഹമത്സരത്തിൽ ജഡേജ തിളങ്ങിയിരുന്നു‌. ജാദവ‌് ഐപിഎലിൽ തോളെല്ലിന‌് ഏറ്റ പരിക്കിൽനിന്ന‌് മുക‌്തനായിട്ടേയുള്ളൂ. ജഡേജയാണ‌് സാധ്യതയിൽ മുന്നിൽ

ബാറ്റിങ‌് തന്നെയാണ‌് ഇന്ത്യയുടെ ശക്തി. ബാറ്റിങ‌് ശരാശരിയിൽ ‌ഏറ്റവും വലിയ ടീമും ഇന്ത്യ തന്നെയാണ‌്. വിരാട‌് കോഹ‌്‌ലി, രോഹിത‌് ശർമ, ശിഖർ ധവൻ എന്നീ മൂന്ന‌് ബാറ്റ‌്സ‌്മാൻമാരും ടൂർണമെന്റുകളിൽ വലിയ സംഭാവന നൽകുന്നവരാണ‌്. ലോകേഷ‌് രാഹുൽ നാലാം നമ്പറിൽ ഇറങ്ങാനാണ‌്‌ സാധ്യത. ബംഗ്ലാദേശിനെതിരായ സന്നാഹമത്സരത്തിൽ രാഹുൽ സെഞ്ചുറി നേടിയിരുന്നു. അഞ്ചാം നമ്പറിൽ മുൻ ക്യാപ‌്റ്റൻ മഹേന്ദ്ര സി‌ങ് ധോണി ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടിയിരുന്നു. വിക്കറ്റിന‌് പിന്നിൽ ധോണിയെന്ന മുൻ ക്യാപ‌്റ്റന്റെ നിർദേശം കോഹ‌്‌ലിക്ക‌് ശക്തി പകരും.

രണ്ട‌് മത്സരങ്ങളിൽ തോറ്റാണ‌് ദക്ഷിണാഫ്രിക്ക എത്തുന്നത‌്. പരിക്ക‌് ആഫ്രിക്കൻ ക്യാമ്പിൽ വെല്ലുവിളിയാകുന്നുണ്ട‌്‌. പേസർ ഡെയ‌്ൽ  സ‌്റ്റെയ്‌നും ഓപ്പണിങ‌് ബാറ്റ‌്സമാൻ ഹഷിം അംലയും ഇല്ലാത്തത‌് ബംഗ്ലാദേശിനെതിരായ മത്സരത്തിൽ കൃത്യമായി പ്രതിഫലിച്ചിരുന്നു.  അംല ഇന്ന‌് തിരിച്ചെത്തും. പേശിവലിവ‌ുള്ളതിനാൽ വിശ്രമമാവശ്യമുള്ളതിനാൽ ലംഗി എൻഗിഡി കളിക്കില്ല. പേസ്‌ നിരയുടെ ചുമതല കഗീസോ റബാദയ്‌ക്കായിരിക്കും. സ‌്റ്റെയ‌്ന‌് പകരം ബ്യൂറൻ ഹെൻഡ്രിക‌്സിനെ തിരിച്ചുവിളിച്ചിട്ടുണ്ട‌്.

ബാറ്റിങ്ങിൽ ഓപ്പണർ ക്വിന്റൻ ഡി കോക്കും, നായകൻ ഫാഫ‌് ഡു പ്ലസിസും മാത്രമാണ‌് പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കുന്നത‌്. റണ്ണൊഴുകുന്ന പിച്ചാണ‌് സതാംപ്ടണിലേത‌്. സ‌്റ്റേഡിയത്തിലെ പൂർത്തിയായ അവസാന മൂന്ന‌് മത്സരങ്ങ‌‌ളിലെ ശരാശരി സ‌്കോർ 311 ആണ‌്. ഈ മൂന്ന‌് മത്സരങ്ങളിലും ആദ്യം ബാറ്റ‌് ചെയ‌്ത ടീമാണ‌് ജയിച്ചിട്ടുള്ളത‌്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top