21 February Thursday

വീണ്ടും കളി മറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

നാലാംടെസ്‌റ്റിൽ സ്‌റ്റുവർട്ട്‌ ബ്രോഡിന്റെ പന്തിൽ ലോകേഷ്‌ രാഹുൽ ക്ലീൻ ബൗൾഡായപ്പോൾ

സതാംപ്ടൺ
വിദേശമണ്ണിൽ കളിമറക്കുന്ന പതിവുരീതിക്ക് ഇംഗ്ലണ്ടിലും മാറ്റമുണ്ടായില്ല. ചീട്ടുകൊട്ടാരംപോലെ തകർന്ന ഇന്ത്യൻ ബാറ്റിങ്നിരയാണ് ഇംഗ്ലണ്ടിനുമുമ്പിൽ ടെസ്റ്റ്പരമ്പര അടിയറവയ്ക്കാൻ പ്രധാന കാരണം. നായകൻ വിരാട് കോഹ്ലി മാത്രമാണ് ഇതിന് അപവാദം.  മുൻനിര തകർന്നപ്പോൾ ചെറുത്തുനിൽക്കാനുള്ള ശ്രമംപോലും വാലറ്റക്കാർ നടത്തിയില്ല. ബൗളിങ്‌നിര മികച്ചുകളിച്ചിട്ടും കാര്യമുണ്ടായില്ല. ബാറ്റിങ്‌ നിര ചതിച്ചു.
രണ്ടിന്നിങ്സിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല. കോഹ്ലിയും ചേതേശ്വർ പൂജാരയും അജിൻക്യ രഹാനെയും മാത്രമായി ഇന്ത്യയുടെ സ്കോറർമാർ. ആദ്യ ഇന്നിങ്്സിൽ മികച്ചതുടക്കം കിട്ടിയിട്ടും അത് മുതലാക്കാൻ കഴിയാതെപോയത് കനത്ത തിരിച്ചടിയായി. മികച്ച ലീഡ് നേടാൻ കഴിയുമായിരുന്ന അവസരമാണ് ഇല്ലാതാക്കിയത്. സെഞ്ചുറി നേടിയ പൂജാരയൂടെ തോളിലേറിയാണ് ഇന്ത്യ ഒന്നാംഇന്നിങ്സ് ലീഡ് കുറിച്ചത്്്്. പൂജാരയ്ക്ക് പിന്തുണനൽകാൻ കോഹ്ലിക്കു പുറമെ പേരുകേട്ട ബാറ്റിങ്നിരയിൽ ആളുണ്ടായില്ല.
പരമ്പരയിലുടനീളം ഓപ്പണിങ്ങിൽ ഇന്ത്യക്ക് പിഴച്ചു.  ഓപ്പണിങ്ങിൽ പരീക്ഷണം നടത്തിയിട്ടും പരാജയമായിരുന്നു ഫലം. ലോകേഷ് രാഹുലും ശിഖർ ധവാനും നിരാശപ്പെടുത്തി. മുൻനിരയിലെ പരാജയം തോൽവിയിൽ വലിയ പങ്കാണ് വഹിച്ചത്. ഒരു അരസെഞ്ചുറിപോലും പരമ്പരയിൽനിന്ന് നേടാൻ ധവാനായില്ല. ഇന്ത്യൻ ഉപഭൂഖണ്ഡത്തിനുപുറത്ത് മികച്ചകളി പുറത്തെടുക്കാൻ രാഹുലിന് സാധിക്കുന്നില്ല. ഇംഗ്ലണ്ടിൽ രാഹുൽ സമ്പൂർണ പരാജയമായി മാറി. ഇംഗ്ലണ്ട് പര്യടനത്തിലെ എട്ടുഇന്നിങ്സുകളിലെ ശരാശരി സ്കോർ 14.12. നേടിയത് 113 റണ്ണും. ഇതിൽ ഒരു അരസെഞ്ചുറിപോലുമില്ല. ഉപഭൂഖണ്ഡത്തിന് പുറത്ത് പതിമൂന്ന് ഇന്നിങ്സുകളിൽ 28, 10, 4, 0, 16, 4, 13, 8, 10, 23, 36, 19, 0 എന്നിങ്ങനെയാണ് രാഹുലിന്റെ സ്കോറുകൾ.
സ്ഥിരതയില്ലാത്ത ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും ഇന്ത്യക്ക് തലവേദനയായി. മൂന്നാംടെസ്റ്റിൽ നന്നായി കളിച്ച പാണ്ഡ്യ സതാംപ്ടണിൽ മങ്ങി.
സ്പിന്നിന് അനുകൂലമായി മാറിയ പിച്ചിൽ ആർ അശ്വിന് കാര്യമായി ഒന്നും ചെയ്യാനായില്ല. അതേസമയം, ഇംഗ്ലണ്ടിന്റെ മോയിൻ അലി ഇന്ത്യയെ കറക്കി വീഴ്ത്തി. ബാറ്റിങ്ങിലും മികവ് പുലർത്താൻ അലിക്ക് സാധിച്ചു.
മുൻനിര തകരുമ്പോഴും അതിനെ മറികടക്കാൻ ഇംഗ്ലണ്ടിന്റെ വാലറ്റത്തുള്ളവർക്ക് കഴിഞ്ഞുവെന്ന് കോഹ്ലി പറഞ്ഞു. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങിയ സാം കറനെപ്പോലെ ഒരാൾ ഇന്ത്യൻനിരയിൽ ഇല്ലയെന്നത് തിരിച്ചടിയായി. നന്നായി പന്തെറിയുന്ന കറൻ, നിർണായകസമയത്ത് റൺ കണ്ടെത്താൻ ശ്രമിക്കുന്നു. 
വാലറ്റത്ത്് ചെറുത്തുനിന്ന കറന്റെ അരസെഞ്ചുറിയാണ് ഇംഗ്ലീഷുകാരെ ഒന്നാം ഇന്നിങ്സ് തകർച്ചയിൽനിന്ന് രക്ഷിച്ചത്. ടെസ്റ്റിൽ എട്ടാംനമ്പറിൽ ബാറ്റിങ്ങിനിറങ്ങി നാലുതവണ നാൽപതോ അതിന് മുകളിലോ റൺ നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന അപൂർവറെക്കോഡ് ഇതിലൂടെ കറൻ സ്വന്തംപേരിൽ കുറിച്ചു.
കറൻ അപൂർവനേട്ടം സ്വന്തമാക്കിയപ്പോൾ ഇന്ത്യയുടെ വാലറ്റക്കാർ വരിവരിയായി കൂടാരം കയറി.


പ്രധാന വാർത്തകൾ
 Top