24 August Saturday

അവസാന അങ്കം ലങ്കയോട‌്

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019


ലീഡ്‌സ്‌
സെമി ഉറച്ച ഇന്ത്യ പ്രാഥമികഘട്ടത്തിലെ അവസാന മത്സരത്തിൽ ശനിയാഴ്‌ച ശ്രീലങ്കയ്‌ക്കെതിരെ. എട്ട്‌ കളികളിൽനിന്ന്‌ 13 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്‌ ഇന്ത്യ. ആറിൽ ജയിച്ചു. ഇംഗ്ലണ്ടിനെതിരെ തോറ്റു. ഒരു കളി മഴയെടുത്തു. ഇതേവ‌രെ തെളിഞ്ഞിട്ടില്ലാത്ത മധ്യനിരയ‌്ക്ക‌്  ശ്രീലങ്കയ‌്ക്കെതിരായ മത്സരം മെച്ചപ്പെടാനുള്ള അവസാന അവസരമാണ‌്.

ഒരു കളി ബാക്കിനിൽക്കെ സെമിഫൈനലിലെത്തിയ ഇന്ത്യക്ക്‌ പക്ഷേ, ആശങ്കകൾ അവസാനിച്ചിട്ടില്ല. ഓരോ കളി കഴിയുമ്പോഴും ടീമിലെ വിടവുകൾ വലുതായിവരുന്നു. ശിഖർ ധവാനു പിന്നാലെ വിജയ്‌ ശങ്കറും പരിക്കുമൂലം മടങ്ങിയത്‌ അടിയായി. മുന്നറിയിപ്പുകളൊന്നുമില്ലാതെയായിരുന്നു ശങ്കറിന്റെ പിന്മാറ്റം. ധവാന്റെ മടക്കം ബാറ്റിങ്‌ നിരയെ ബാധിച്ചു. രോഹിത്‌ ശർമ ഒരറ്റത്ത്‌ നിലയുറപ്പിച്ച്‌ ബാറ്റ്‌ വീശുമ്പോൾ ലോകേഷ്‌ രാഹുൽ പരുങ്ങുന്നു. 

രോഹിതിന്റെ ബാറ്റിങ്ങാണ്‌ ഇതുവരെ രക്ഷയായത്‌. ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌‌‌ലി തെളിഞ്ഞിട്ടുണ്ട്‌. മധ്യനിര ഇനിയും ഉണർന്നിട്ടില്ല. നല്ല തുടക്കം കിട്ടിയാലും അവസാന ഓവറുകളിൽ ബാറ്റിങ‌് പാളുന്നു. മഹേന്ദ്രസിങ്‌ ധോണി റൺ കണ്ടെത്താൻ വല്ലാതെ വിയർക്കുന്നു. കേദാർ ജാദവിന്‌ പകരമെത്തിയ ദിനേഷ്‌ കാർത്തിക്കിനും ഒന്നും ചെയ്യാനായില്ല. ബംഗ്ലാദേശിനെതിരെ എട്ടു റണ്ണുമായി മടങ്ങി. നാലാം നമ്പറിൽ ഋഷഭ്‌ പന്തെത്തി. ഈ ലോകകപ്പിൽ മൂന്നു പേരെയാണ്‌ ഇന്ത്യ നാലാം നമ്പറിൽ പരീക്ഷിച്ചത്‌. പന്ത് വിശ്വാസം കാത്തു.  32, 48 എന്നിങ്ങനെയായിരുന്നു രണ്ട്‌ കളികളിലെയും സ്‌കോർ.

ബാറ്റിങ്ങിൽ കോഹ്‌ലിയും രോഹിതുമാണെങ്കിൽ ബൗളിങ്ങിൽ ജസ്‌പ്രീത്‌ ബുമ്രയാണ്‌ കേമൻ. അവസാന ഓവറുകളിൽ ബുമ്രയുടെ പന്തുകൾ ഇന്ത്യക്ക്‌ നൽകുന്ന ആശ്വാസം ചെറുതല്ല. അഫ്‌ഗാനെതിരെയും ബംഗ്ലാദേശിനെതിരെയും ജയം കൊണ്ടുവന്നത്‌ ബുമ്രയാണ്‌.  മുഹമ്മദ്‌ ഷമി അവസാന രണ്ട്‌ കളികളിൽ റൺ വഴങ്ങിയത്‌ ആശങ്കയാണ്‌. കൈക്കുഴ സ്‌പിന്നർമാരായ യുശ്‌വേന്ദ്ര ചഹാലിനും കുൽദീപ്‌ യാദവിനും പ്രതീക്ഷിച്ച കളി പുറത്തെടുക്കാനായിട്ടില്ല.


പ്രധാന വാർത്തകൾ
 Top