12 July Sunday

വംശീയാധിക്ഷേപം ക്രിക്കറ്റിലും ; മുൻ ഇന്ത്യൻ ബൗളർ ഡോഡ് ഡ ഗണേഷ്‌ രംഗത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020


ബംഗളൂരു
ഫുട്‌ബോളിൽ മാത്രമല്ല ക്രിക്കറ്റിലും വംശീയ അധിക്ഷേപങ്ങൾ നടക്കാറുണ്ടെന്ന വെളിപ്പെടുത്തലുമായി കൂടുതൽ താരങ്ങൾ. ഇന്ത്യൻ ക്രിക്കറ്റിനും അതിൽനിന്ന്‌ മോചനമില്ല. മുൻ ഇന്ത്യൻ പേസ്‌ ബൗളർ ഡോഡ്ഡ ഗണേഷാണ്‌ ഒടുവിൽ രംഗത്തെത്തിയത്‌. അമേരിക്കയിൽ കൊല്ലപ്പെട്ട കറുത്തവർഗക്കാരൻ ജോർജ്‌ ഫ്‌ളോയിഡിന്‌ നീതികിട്ടണമെന്ന ആവശ്യം കളിക്കളങ്ങളിലും നിറയുന്നു. 

കളിക്കുന്ന കാലത്ത്‌ വംശീയ അധിക്ഷേപത്തിന്‌ ഇരയായിട്ടുണ്ടെന്ന്‌ ഇന്ത്യക്കായി നാല്‌ ടെസ്‌റ്റ്‌ കളിച്ച കർണാടക ബൗളർ ഡോഡ്ഡ ഗണേഷ്‌ ട്വിറ്ററിൽ കുറിച്ചു. ഒരിക്കൽ നിറത്തിന്റെ പേരിൽ പരിഹസിക്കപ്പെട്ടപ്പോൾ ഒരു സൂപ്പർതാരവും സാക്ഷിയായി. പക്ഷേ അതൊന്നും തളർത്തിയില്ല. ഇന്ത്യക്കായി കളിച്ചു. കർണാടകയ്‌ക്കായി 100 മത്സരങ്ങളിലും പന്തെറിഞ്ഞു. മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ്‌ മുകുന്ദിന്റെ കുറിപ്പാണ്‌ ഇക്കാര്യം വെളിപ്പെടുത്താൻ പ്രചോദനമായതെന്നും ഗണേഷ്‌ വിശദീകരിച്ചു. 

നിറത്തിന്റെ പേരിൽ ആക്ഷേപം നേരിട്ടതായി അഭിനവ്‌ 2017ലാണ്‌ വെളിപ്പെടുത്തിയത്‌. രണ്ട്‌ വിൻഡീസ്‌ മുൻ ക്യാപ്‌റ്റൻമാർ ക്രിക്കറ്റിലെ വംശീയവെറിയെക്കുറിച്ച്‌ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ക്രിസ്‌ ഗെയിൽ തനിക്ക്‌ നേരിട്ട പരിഹാസങ്ങൾ ട്വിറ്ററിൽ കുറിച്ചു. മൗനംപാലിക്കുന്ന രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിനെയും ക്രിക്കറ്റ്‌ ബോർഡുകളെയും രൂക്ഷമായ ഭാഷയിലാണ്‌ ഡാരൻ സമി കുറ്റപ്പെടുത്തിയത്‌. ക്രിക്കറ്റ്‌ ബോർഡുകൾ മൗനം വെടിയണമെന്നും സമി ആവശ്യപ്പെട്ടു.
ഇതിന്‌ പ്രതികരണമെന്നോണം ക്രിക്കറ്റ്‌ വിൻഡീസ്‌ രംഗത്തുവന്നു. വംശീയവെറിക്കെതിരെ പ്രതികരിക്കുന്ന കളിക്കാർക്കൊപ്പമെന്നാണ്‌ അറിയിപ്പ്‌.


പ്രധാന വാർത്തകൾ
 Top