20 April Tuesday

‘ഐഎസ്‌എൽ ടീം’; സൗഹൃദമത്സരങ്ങൾക്കുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

ഡൽഹി > ഒമാനും യുഎഇയുമായുള്ള സൗഹൃദ ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള സാധ്യതാ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു. 35 അംഗ ടീമിലുള്ള എല്ലാ കളിക്കാരും ഐഎസ്‌എലിൽനിന്നുള്ളവരാണ്‌. ഐ ലീഗിലുള്ള ഒരു കളിക്കാരനും സാധ്യതാ ടീമിൽ ഇടംകണ്ടില്ല. ആഷിഖ്‌ കുരുണിയൻ, കെ പി രാഹുൽ, മഷൂർ ഷെരീഫ്‌ എന്നിവരാണ്‌ മലയാളിതാരങ്ങൾ.

പരിക്കുകാരണം സഹൽ അബ്‌ദുൽ സമദ്‌ പുറത്തായി. സഹലിനെ കൂടാതെ രാഹുൽ ബേക്കെ, ബ്രണ്ടൻ ഫെർണാണ്ടസ്‌, ആശിഷ്‌ റായ്‌ എന്നിവരെ പരിക്കിനെ തുടർന്ന്‌ ഒഴിവാക്കി. മാർച്ച്‌ 25ന്‌ ഒമാനോടും 29‌ന്‌ യുഎഇയോടും ഇന്ത്യ ഏറ്റുമുട്ടും. ദുബായിലാണ്‌ കളികൾ. 15ന്‌ അവിടെവച്ച്‌ ക്യാമ്പ്‌ ആരംഭിക്കുമെന്ന്‌ ഇന്ത്യൻ പരിശീലകൻ ഇഗർ സ്‌റ്റിമച്ച്‌ അറിയിച്ചു.
ഐഎസ്‌എലിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയാണ്‌ ടീമിനെ തെരഞ്ഞെടുത്തത്‌. എന്നാൽ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഐ ലീഗിനെ പരിഗണിച്ചില്ല. പരിക്കുണ്ടാകുമെന്ന ആശങ്കയിലാണ്‌ 35 അംഗ ടീമിനെ പ്രഖ്യാപിച്ചത്‌. ഐഎസ്‌എൽ ഫൈനൽ കഴിഞ്ഞാലുടൻ ഇത്‌ ഇരുപത്തെട്ടാക്കി ചുരുക്കും.

2019 നവംബറിലാണ്‌ ഇന്ത്യ അവസാനമായി രാജ്യാന്തരമത്സരത്തിന്‌ ഇറങ്ങിയത്‌. മലയാളിതാരങ്ങളിൽ ആഷിഖ്‌ നിലവിൽ ദേശീയ ടീമംഗമാണ്‌. കേരള ബ്ലാസ്‌റ്റേഴ്‌സിനായുള്ള പ്രകടനമാണ്‌ രാഹുലിന്‌ തുണയായത്‌. അണ്ടർ 17 ലോകകപ്പ്‌ ടീമിൽ കളിച്ച താരമാണ്‌. മലപ്പുറംകാരൻ മഷൂർ നോർത്ത്‌ ഈസ്റ്റ്‌ പ്രതിരോധക്കാരനാണ്‌. സ്ഥിരതയാർന്ന കളിയായിരുന്നു മഷൂറിന്റേത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top