17 February Sunday

ഒത്തുപിടിച്ചാൽ ഫ്രാൻസും ജയിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jun 2, 2018

ഒൺട്വാൻ ഗ്രീസ്മാൻ

ലോകകപ്പിൽ 15‐ാം തവണ
മികച്ച പ്രകടനം: 1998ൽ ചാമ്പ്യൻമാർ
കഴിഞ്ഞ പതിപ്പിൽ ക്വാർട്ടറിൽ പുറത്ത്
യോഗ്യത: യുഫേവ ഗ്രൂപ്പ് എയിൽ നെതർലൻഡ്സിനെയും സ്വീഡനെയും പിറകിലാക്കി ഒന്നാമത്.
ആദ്യ മത്സരം: 16ന് ഓസ്ട്രേലിയയുമായി. പെറുവിനോട് 21ന്, ഡെൻമാർക്കിനോട് 26ന്.
പരിശീലക: ദിദിയെർ ദിഷാം
ക്യാപ്റ്റൻ: ഹ്യൂഗോ ലോറിസ് (ഗോൾകീപ്പർ)
പ്രധാന കളിക്കാർ: എൻഗോളോ കാന്റെ, ഒൺട്വാൻ ഗ്രീസ്മാൻ, പോൾ പോഗ്ബ, കൈലിയൻ എംബാപ്പെ

ലോകഫുട്ബോളിലെ എക്കാലത്തെയും മികച്ച സംഘങ്ങളിലൊന്നാണ് ഫ്രാൻസ്. ഓരോ വരവിലും പ്രതിഭാധനരുടെ ആധിക്യമുള്ള രാജ്യം. എന്നാൽ കിരീടത്തിൽ മുത്തമിടാനായത് ഒരേയൊരു തവണ മാത്രം.

ഇക്കുറിയും കിരീടസാധ്യത ഉള്ളവരിൽ മുന്നിലാണ് ഫ്രാൻസ്. ഒരുപിടി വ്യക്തിഗത താരങ്ങൾ. യൂറോപ്പിലും ഇതര ലീഗുകളിലും തിളങ്ങിയ പലരും ടീമിൽ ഇടമില്ലാതെ പുറത്തുനിന്നു. അതുതന്നെ ടീമിന്റെ കരുത്തിന് സാക്ഷ്യമാണ്. ഈ വമ്പൻ കളിക്കാരെ ഒരു ചരടിൽ കോർക്കുകയെന്നതാണ് പരിശീലകൻ ദിഷാമിന്റെ വെല്ലുവിളി. മുൻപതിപ്പുകളിൽ ഇതിനെക്കാൾ മികച്ച സംഘമുണ്ടായിട്ടും കിരീടപ്പോരിനെത്താതെ മടങ്ങിയ ചരിത്രമുണ്ട് ഫ്രാൻസിന്. കഴിവുള്ളവരുടെ ആൾക്കൂട്ടമാകുമ്പോഴാണ് ഫ്രഞ്ചുകാർ തകരുന്നത്. 20 വർഷത്തെ കിരീടവരൾചയ്ക്ക് അറുതിവരുത്താൻ ഒറ്റക്കെട്ടായി പോരാടണം നിലവിലെ യൂറോപ്യൻ രണ്ടാംസ്ഥാനക്കാർക്ക്.

മുന്നേറ്റത്തിലും മധ്യനിരയിലും കരുത്തന്മാർ നിൽക്കുമ്പോൾ പ്രതിരോധമാണ് ഫ്രാൻസിന് പേടിക്കേണ്ടത്. റാഫേൽ വരാനെയും സാമുവൽ ഉംറ്റിറ്റിയുമുള്ള പിൻനിരയിലെ ഒട്ടും പ്രതീക്ഷിക്കാത്ത പിഴവുകൾ ദിഷാമിന് തലവേദനയാകും. അതേസമയം മുന്നേറ്റത്തിൽ മികച്ച ഗോളടി കൂട്ടുകെട്ടുണ്ടാക്കലും ദിഷാമിന് ജോലി കൂട്ടും. പോഗ്ബ, ഗ്രീസ്മാൻ, എംബാപ്പെ, ഒളിവർ ജിറൂ, തോമസ് ലെമാർ, ഉസ്മാൻ ഡെംബലെ, ആന്തണി മാർഷ്യൽ എന്നിവരെ അവസാന മൂന്നിൽ ഫലപ്രദമായി ഉപയോഗിക്കുക എളുപ്പമാകില്ല. യൂറോകപ്പ് ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാത്ത പോർച്ചുഗലിനോട് ഫ്രാൻസ് തോറ്റതും മുന്നേറ്റത്തിലെ ഒരുമയില്ലായ്മകൊണ്ടാണ്.

ടീം ഘടന: പ്രതിരോധത്തിൽ നാലുപേരെ നിർത്തിയുള്ള 4‐3‐3 ശൈലിയിലാണ് ഫ്രാൻസ് അയർലൻഡിനോടുള്ള പരിശീലനമത്സരത്തിൽ ഇറങ്ങിയത്. എന്നാൽ റഷ്യയിൽ 4‐2‐2‐2 ശൈലി പരീക്ഷിച്ചേക്കും. മാർച്ചിലെ സൗഹൃദമത്സരത്തിൽ ഇത് ഉപയോഗിച്ചിരുന്നു. മധ്യനിരയ്ക്ക് ശക്തിയാകാൻ ഈ ഘടന ഉപകരിക്കും. എന്നാൽ വശങ്ങൾ തുറന്നിടാനും കാരണമാകും.
പ്രതീക്ഷിക്കുന്ന ലൈനപ്പ്: 4‐3‐3: ഹ്യൂഗോ ലോറിസ്; ജിബ്രിൽ സിദൈബ്, റാഫേൽ വരാനെ, സാമുവൽ ഉംറ്റിറ്റി, ബെഞ്ചമിൻ മെൻഡി; കാന്റെ, ബ്ലെയ്സ് മറ്റ്യൂഡി, പോഗ്ബ; എംബാപ്പെ, ജിറൂ, ഗ്രീസ്മാൻ.

വമ്പൻ ജയങ്ങൾക്കും അത്രതന്നെ വമ്പൻ തോൽവിക്കും സാധ്യതയുള്ള ടീമാണ് ഫ്രാൻസ്. സ്വന്തം നാട്ടിൽ 1998ൽ കിരീടം നേടിയശേഷമുള്ള അടുത്ത ലോകകപ്പിൽ സെനെഗലിനോടു തോറ്റ് പുറത്തേക്കുള്ള വഴിതുറന്ന ടീമാണ് ഫ്രാൻസ്. എതിരാളികളെക്കാൾ തങ്ങളോടുതന്നെയാകും അവരുടെ പോര്.

പ്രധാന വാർത്തകൾ
 Top