17 October Thursday

തോമസ്‌ തീക്കാറ്റ്‌ ; ഭയം വിതയ‌്ക്കും പിന്നെ വിക്കറ്റും

വെബ് ഡെസ്‌ക്‌Updated: Saturday Jun 1, 2019

ട്രെന്റ‌് ബ്രിഡ‌്ജ‌്
വെസ‌്റ്റിൻഡീസ‌് ബൗളർമാർ പാകിസ്ഥാൻ ബാറ്റിങ‌് നിരയെ ട്രെന്റ‌് ബ്രിഡ‌്ജിൽ കുഴിച്ചുമൂടി. ഒഷെയ‌്ൻ തോമസും ജാസൺ ഹോൾഡെറും തീക്കാറ്റായി പടർന്നപ്പോൾ പാകിസ്ഥാൻ ചിത്രത്തിൽ പോലുമുണ്ടായില്ല‌. ലോകകപ്പ‌് ചരിത്രത്തിൽ ടീമിന്റെ ഏറ്റവും ചെറിയ രണ്ടാമത്തെ സ‌്കോറിൽ അവരൊതുങ്ങി. 21.4 ഓവർ മാത്രമാണ‌് പാക‌് നിര പിടിച്ചുനിന്നത‌്. വമ്പനടിക്കാരായ വിൻഡീസിന‌് അതൊരു വെല്ലുവിളി പോലുമായില്ല. 13.4 ഓവറിൽ ക്രിസ‌് ഗെയ‌്‌ലും കൂട്ടരും ജയംപിടിച്ച‌് കൂടാരത്തിലേക്ക‌് കയറി.

കുത്തി ഉയർന്ന പന്തുകളിലാണ‌് പാകിസ്ഥാന‌് പിടിവിട്ടത‌്. തോമസും ഹോൾഡെറും ആന്ദ്രേ റസെലുമെല്ലാം പാക‌് ബാറ്റ‌്സ‌്മാൻമാരുടെ ഷോർട്ട‌് ബോൾ ദൗർബല്യത്തെ മുതലെടുത്തു. പിച്ചിൽ കുത്തി, തലയ‌്ക്കുനേരെ വരുന്ന പന്തുകളിൽ ലക്ഷ്യബോധമില്ലാതെ ബാറ്റ‌് വച്ചു. ഏകദിന ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടമാണ‌് പാകിസ്ഥാന‌്. തുടർച്ചയായ 11 കളികളിലാണ‌് അവർ  തോറ്റത‌്. സന്നാഹ മത്സരത്തിൽ അഫ‌്ഗാനിസ്ഥാനോടുള്ള തോൽവിയും ഇതിലുൾപ്പെടും.

ടോസ‌് കിട്ടിയ വിൻഡീസ‌് ക്യാപ‌്റ്റൻ ഫീൽഡിങ്ങാണ‌് തെരഞ്ഞെടുത്തത‌്. പിന്നെ കണ്ടത‌് വിൻഡീസിന്റെ പേസ‌് സൗന്ദര്യം. വേഗം കൊണ്ട‌് തോമസും ബൗൺസ‌് കൊണ്ട‌് ഹോൾഡെറും കൗശലത്തിലൂടെ റസെലും നോട്ടിങ‌്ഹാമിൽ നിറഞ്ഞു. ഷെൽഡൺ കൊട്രെലും കാർലോസ‌് ബ്രത‌്‌വയ‌്റ്റും പേസിന്റെ ഉശിരുകാട്ടി. നാല‌് ഓവറിൽ 27 റൺ മാത്രം വഴങ്ങിയാണ‌് തോമസ‌് നാല‌് വിക്കറ്റെടുത്തത‌്. കളിയിലെ താരവും ഈ ഇരുപത്തിരണ്ടുകാരൻ തന്നെ. റസെൽ മൂന്നോവറിൽ ഒരു മെയ‌്ഡൻ ഉൾപ്പെടെ നാല‌് റൺ മാത്രം വഴങ്ങി രണ്ട‌് വിക്കറ്റ‌് വീഴ‌്ത്തി. ഫീൽഡിങ്ങിനിടെ റസെലിന‌് പരിക്കേറ്റത‌് ഇതിനിടെ വിൻഡീസിനെ ആശങ്കയിലാക്കി.

പാക‌് നിരയിൽ 22 വീതം റണ്ണെടുത്ത ഫഖർ സമാനും ബാബർ അസമുമാണ‌് പാക‌് നിരയിൽ അൽപ്പമെങ്കിലും ചെറുത്തുനിന്നത‌്. 4–-74 റണ്ണെന്ന നിലയിൽനിന്ന‌് 34 പന്തുകൾക്കിടെ പാകിസ്ഥാൻ 105ൽ കൂപ്പുകുത്തുകയായിരുന്നു. വാലറ്റത്ത‌് പേസർ വഹാബ‌് റിയാസ‌ാണ‌് പാകിസ്ഥാനെ 100 കടത്തിയത‌്. റിയാസ‌് രണ്ട‌് സിക‌്സറുകൾ ഉൾപ്പെടെ 11 പന്തിൽ 18 റണ്ണെടുത്തു. അവസാന വിക്കറ്റിലാണ‌് പാകിസ്ഥാന്റെ ഏറ്റവും മികച്ച കൂട്ടുകെട്ട‌്–-22 റൺ.

ക്യാപ‌്റ്റൻ സർഫ്രാസ‌് ഖാൻ (8), ഹാരിസ‌് സൊഹൈൽ (8), ഇമാം ഉൾ ഹഖ‌് (2) എന്നിവർ രണ്ടക്കം കണ്ടില്ല. പരിചയ സമ്പന്നനായ ഷോയിബ‌് മാലിക്കിനെ കളിപ്പിച്ചതുമില്ല.
പേടിയില്ലാതെ, രസിപ്പിക്കുന്ന കളിയായിരിക്കും പുറത്തെടുക്കുകയെന്ന ക്യാപ‌്റ്റൻ ഹോൾഡറുടെ വാക്കുകളെ മറുപടി ബാറ്റിങ്ങിൽ ഗെയ‌്ൽ കളത്തിൽ കാണിച്ചു. ഗെയ‌്‌ലും ഹോപും ആഞ്ഞടിച്ചു. അഞ്ചാമത്തെ ഓവറിൽ ഹോപിനെ (17 പന്തിൽ 11) പുറത്താക്കി മുഹമ്മദ‌് അമീർ പാകിസ്ഥാന‌് അൽപ്പം ആശ്വാസം നൽകി. ഗെയ‌്ൽ മറുവശത്ത‌് ഹസൻ അലിയെയും വഹാബ‌് റിയാസിനെയും കണക്കിനു ശിക്ഷിച്ചു. 34 പന്തിൽ 50 റണ്ണാണ‌് ഗെയ‌്ൽ നേടിയത‌്. മൂന്ന‌് സിക‌്സറും ആറ‌് ബൗണ്ടറികളും ഈ മുപ്പത്തൊമ്പതുകാരന്റെ ഇന്നിങ‌്സിൽ ഉൾപ്പെട്ടു. പുറംവേദന അസ്വസ്ഥപ്പെടുത്തിയ ഗെയ‌്ൽ ഒടുവിൽ അമീറിന്റെ പന്തിൽ മടങ്ങി. അപ്പോഴേക്കും വിൻഡീസ‌് വിജയതീരത്ത‌് എത്തിയിരുന്നു.

നിക്കോളാസ‌് പൂരൻ വിജയമുറപ്പാക്കി. 19 പന്തിൽ 34 റണ്ണുമായി പുറത്താകാതെനിന്ന പൂരൻ 218 പന്തുകൾ ശേഷിക്കെ ജയം പൂർത്തിയാക്കി. റിയാസിനെ സിക‌്സർ പറത്തിയായിരുന്നു പൂരന്റെ വിജയാഘോഷം. രണ്ടാം ഏകദിനം മാത്രമാണ‌് ഈ ഇരുപത്തിമൂന്നുകാരന്റേത‌്. രണ്ട‌് സിക‌്സറും നാല‌് ബൗണ്ടറികളും ഈ ഇടംകൈയൻ പായിച്ചു.മൂന്ന‌് വിക്കറ്റെടുത്ത അമീർ തോൽവിക്കിടയിലും പാക‌് നിരയിൽ മികച്ചുനിന്നു. മൂന്നിന‌് ഇംഗ്ലണ്ടുമായാണ‌് പാകിസ്ഥാന്റെ അടുത്ത മത്സരം. വെസ‌്റ്റിൻഡീസ‌് ആറിന‌് ഓസ‌്ട്രേലിയക്കെതിരെ കളിക്കും.

ഭയം വിതയ‌്ക്കും പിന്നെ വിക്കറ്റും

ഓരോ തവണ പന്തെറിഞ്ഞ‌ു കഴിയുമ്പോഴും ഒഷെയ‌്ൻ തേ‌ാമസ‌് ബാറ്റ‌്സ‌്മാന്റെ കണ്ണുകളിലേക്ക‌ാണ‌് നോക്കുക. കണ്ണുകളിൽ ഭയം കണ്ടാൽ തോമസ‌ിന്റെ മനസ്സ‌് നിറയും. ‘ആ ഭയമെന്നെ ത്രസിപ്പിക്കും.എന്റെ പന്തുകൾക്ക‌് വേഗം കൂടും’–- തോമസ‌് പറയുന്നു. പാകിസ്ഥാന്റെ ബാബർ അസം, മുഹമ്മദ‌് ഹഫീസ‌്, ഷദാബ‌് ഖാൻ, വഹാബ‌് റിയാസ‌് എന്നിവരാണ‌് ഈ വെസ‌്റ്റിൻഡീസ‌് പേസർക്കുമുന്നിൽ നിലതെറ്റിവീണത‌്. ലോകകപ്പിൽ വിൻഡീസിന‌് ഉശിരൻ തുടക്കം നൽകി ഈ ഇരുപത്തിരണ്ടുകാരൻ.

ജമൈക്കയിലാണ‌് തോമസ‌് വളർന്നത‌്. നാല‌ു സഹോദരന്മാരിൽ ഒരാൾ കൺമുന്നിൽവച്ച‌് വെടിയേറ്റുമരിച്ചു. അന്ന‌് തോമസിന‌് 11 വയസ്സ‌്. അതിനാൽത്തന്നെ ഒന്നിനെയും ഭയമില്ല ഈ ചെറുപ്പക്കാരന‌്. ഇരുപതാം വയസ്സിൽ കിങ‌്സ‌്റ്റണിലേക്ക‌് മാറി. ഒരു രാത്രിയിൽ തോമസ‌് ആക്രമിക്കപ്പെട്ടു. മൂന്നുപേരുൾപ്പെട്ട കവർച്ചസംഘം തോമസിന്റെ കൈയിലുള്ള പണവും വാച്ചും മാലയുംകൊണ്ട‌് സ്ഥലംവിട്ടു. ചിരിയോടെയാണ‌് പിന്നീട‌് തോമസ‌് ഈ സംഭവം വിവരിച്ചത‌്.

ക്രിക്കറ്റ‌് തോമസിനെ വലിച്ചുയർത്തി. ഈ പേസറുടെ പ്രതിഭ മുൻ കളിക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. ട്വന്റി–-20 ഫ്രാഞ്ചൈസികൾ മത്സരിച്ചു. കരീബിയൻ ക്രിക്കറ്റ‌് ലീഗാണ‌് തോമസിന്റെ ജീവിതത്തെ മാറ്റിമറിച്ചത‌്. ആ പ്രകടനം ദേശീയ ടീമിൽ ഇടംനൽകി. ഇന്ത്യക്കെതിരെയായിരുന്നു അരങ്ങേറ്റം. ഇന്ത്യയുടെ മുൻനിര ബാറ്റ‌്സ‌്മാൻമാർ തോമസിനെ വിരട്ടി. ഭയപ്പെട്ട‌് പിന്മാറിയില്ല. കഴിഞ്ഞ മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ അഞ്ച‌ു വിക്കറ്റ‌് വീഴ‌്ത്തി തോമസ‌് ലോകകപ്പിനുള്ള ടിക്കറ്റ‌് ഉറപ്പാക്കി.

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച‌് ലോകകപ്പിൽ ഈ ഇരുപത്തിരണ്ടുകാരൻ അരങ്ങേറ്റം ഗംഭീരമാക്കി. തോമസിലൂടെ വിൻഡീസിന്റെ ലോകകപ്പ‌് മോഹവും ഉണർന്നു.


പ്രധാന വാർത്തകൾ
 Top