16 July Tuesday

സർക്കാർ തുണയിൽ ഒളിമ്പ്യന‌് വീടൊരുങ്ങി

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

കണ്ണൂർ
സംസ്ഥാനത്തെ ഏക ഒളിമ്പിക് മെഡൽ ജേതാവിന‌്  കണ്ണൂർ പയ്യാമ്പലത്ത‌് വീടൊരുങ്ങി.   1972ലെ മ്യൂണിക് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീം അംഗം മാനുവൽ ഫ്രെഡറിക്സിനാണ‌് സംസ്ഥാന സർക്കാർ ആധുനിക സൗകര്യമുള്ള 1610 ചതുരശ്ര അടിയുള്ള വീട‌് നിർമിച്ചത‌്.  മൂന്ന‌് ബാത്ത‌് അറ്റാച്ചിഡ‌് റൂം  ഉൾപ്പെടെ നാല‌് ബെഡ‌് റൂമുള്ള 40 ലക്ഷം രൂപയുടെ  ഇരുനില വീടാണ‌്  ഒളിമ്പ്യന‌് സ്വന്തമാകുന്നത‌്.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം  സെന്റിന‌് 15 ലക്ഷം രൂപവിലയുള്ള അഞ്ച‌് സെന്റ‌് ഭൂമിയാണ‌് വീടിനായി സർക്കാർ പതിച്ച‌് നൽകിയത‌്.  കായിക മന്ത്രി ഇ പി ജയരാജൻ   ഇടപെട്ടാണ‌്    തറക്കല്ലിട്ട‌് പത്തുമാസത്തിനകം വീട‌് പൂർത്തിയാക്കിയത‌്.  ഊരാളുങ്കൽ കൺസ‌്ട്രക്ഷൻ സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.  ഈ മാസം വീട‌്  കൈമാറാനുള്ള ആലോചനയിലാണ‌് സർക്കാർ.   ഒളിമ്പ‌ിക‌് മെഡൽ ജേതാവ‌് കിടപ്പാടമില്ലാതെ അലയുന്നത‌് വാർത്തയായിരുന്നു.  21ാം വയസ്സിൽ ഒളിംപിക് മെഡലണിഞ്ഞ താരത്തിനൊരിക്കലും ഒളിമ്പ്യനെന്ന ബഹുമതി ലഭിച്ചില്ല.   മ്യൂണിക് ഒളിംപിക്സിൽ മെഡൽ നേടിയ ടീമിലെ എട്ടുപേർക്ക് അർജുന അവാർഡും രണ്ടുപേർക്ക് പത്മശ്രീയൂം നൽകി രാജ്യം ആദരിച്ചപ്പോൾ മാനുവലിനെ മറന്നു. 21 അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ഇന്ത്യയുടെ ഗോൾവലയംകാത്ത താരത്തെയാണ് പൂർണമായി അവഗണിച്ചത്. 1973ൽ ഹോളണ്ട് ലോകകപ്പിൽ വെള്ളിയും  അർജന്റ്റീന ലോകകപ്പിൽ നാലാം സ്ഥാനവും കരസ്ഥമാക്കിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു.
 
കണ്ണൂർ ബർണശേരിക്കാരനാണ്. ബിഇഎംയുപി സ്കൂളിലും സെന്റ് മൈക്കിൾസ് സ്കൂളിലുമായിരുന്നു വിദ്യാഭ്യാസം.  പതിനൊന്നാം വയസ്സിൽ ഹോക്കിയിൽ സജീവമായി. പിന്നീട് ബംഗളൂരു ആർമി സപ്ലൈ കോറിലെ കളിക്കാരനായി. 18 വർഷം ബംഗളൂരു എച്ച്എഎല്ലിന്റെ പരിശീലകനായി. ബംഗളൂരു ശാസ്ത്രി നഗറിലെ വാടക വീട്ടിലാണ് ഭാര്യയ്ക്കും രണ്ട് പെൺമക്കൾക്കുമൊപ്പം ഇപ്പോൾ താമസം.  ഒളിംപിക് മെഡൽ നേടിയവർക്ക് പ്രതിമാസം ലഭിക്കുന്ന  പതിനായിരം രൂപയാണ് കുടുംബത്തിന്റെ ഏക വരുമാനം.


പ്രധാന വാർത്തകൾ
 Top