15 August Monday
അഞ്ചാം ചാട്ടത്തിൽ ശ്രീശങ്കറിന് വെള്ളി

അഞ്ചിൽ തൊട്ടു ; ചാടിയ ദൂരം 8.08 മീറ്റർ ,അത്‌ലറ്റിക്സിൽ 
ഇന്ത്യയുടെ രണ്ടാംമെഡൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

image credit team india twitter


ബർമിങ്ഹാം
ഒടുവിൽ എല്ലാ നിരാശയും മായ്‌ച്ച്‌ എം ശ്രീശങ്കറിന്‌ പ്രധാന രാജ്യാന്തര മീറ്റിൽ മെഡലായി. കോമൺവെൽത്ത്‌ ഗെയിംസ്‌ പുരുഷന്മാരുടെ ലോങ്ജമ്പിൽ 8.08 മീറ്റർ ചാടിയാണ്‌ വെള്ളിപ്പതക്കം. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ്‌. 1978ൽ ഒളിമ്പ്യൻ സുരേഷ്‌ബാബു വെങ്കലം നേടിയിട്ടുണ്ട്‌.

ആദ്യ നാല്‌ ചാട്ടം പൂർത്തിയാകുമ്പോൾ ശ്രീശങ്കർ ആറാംസ്ഥാനത്തായിരുന്നു. അഞ്ചാമത്തേതിലാണ്‌ വെള്ളിക്കുതിപ്പ്‌ നടത്തിയത്‌. ബർമിങ്‌ഹാമിൽ ഇന്ത്യക്ക്‌ രണ്ടാമത്തെ അത്‌ലറ്റിക്‌സ്‌ മെഡലാണ്‌. ടോക്യോ ഒളിമ്പിക്‌സിലും ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിലും  ഇരുപത്തിമൂന്നുകാരൻ മങ്ങിപ്പോയിരുന്നു. അതിനെല്ലാം മറുപടിയായി ബർമിങ്ഹാമിലെ പ്രകടനം. പാലക്കാട്ടുകാരന്‌ ചെറിയ വ്യത്യാസത്തിനാണ്‌ സ്വർണം നഷ്‌ടമായത്‌. ബഹാമസിന്റെ ലക്വാൻ നെയ്‌റനും ശ്രീശങ്കറും ചാടിയത്‌ ഒരേദൂരം–-8.08 മീറ്റർ. ഇരുവരുടേയും രണ്ടാമത്തെ മികച്ച ചാട്ടം കണക്കിലെടുത്താണ്‌ മെഡൽ നിർണയിച്ചത്‌. നെയ്‌റന്റെ രണ്ടാമത്തെ മികച്ച ചാട്ടം 7.98 മീറ്റർ. ശ്രീശങ്കറിന്റേത്‌ 7.84 മീറ്റർ. അങ്ങനെ നെയ്‌റന്‌ സ്വർണം. ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻവുറൻ വെങ്കലം (8.06) നേടി. മലയാളിയായ വൈ മുഹമ്മദ്‌ അനീസ്‌ അവസാനചാട്ടത്തിൽ 7.97 മീറ്റർ മറികടന്ന്‌ അഞ്ചാമതായി.

യോഗ്യതാ റൗണ്ടിൽ ശ്രീശങ്കർമാത്രമാണ്‌ എട്ട്‌ മീറ്റർ ചാടിയത്‌ (8.05 മീറ്റർ).  എന്നാൽ, ഫൈനലിൽ നാലുപേർ ആ ദൂരം മറികടന്നു. ഫൈനലിലെ ആദ്യ ചാട്ടത്തിൽ ആരും എട്ട്‌ മീറ്റർ കണ്ടില്ല. ശ്രീശങ്കർ 7.60 മീറ്ററോടെ ആറാംസ്ഥാനത്ത്‌. നെയ്‌റൻ 7.94 മീറ്ററുമായി മുന്നിൽ.

രണ്ടാംചാട്ടത്തിൽ നെയ്‌റനൊപ്പം (8.08) വെങ്കലക്കാരൻ ജൊവാനും (8.06) മികവുകാട്ടി. ശ്രീശങ്കർ 7.84 മീറ്റർ. മൂന്നാംചാട്ടത്തിൽ ജമൈക്കയുടെ ഷോൺ ഡി തോംപ്‌സൺ 8.05 മീറ്റർ ചാടി വെല്ലുവിളി ഉയർത്തി. ശ്രീശങ്കറാകട്ടെ 7.84 ആവർത്തിച്ചു. മൂന്നുചാട്ടം കഴിഞ്ഞപ്പോൾ ആറാംസ്ഥാനത്ത്‌ തുടർന്നു.
നാലാമത്തെ ചാട്ടം ഒരു സെന്റീമീറ്റർ വ്യത്യാസത്തിന്‌ ഫൗളായി. അഞ്ചാമത്തേതിൽ വെള്ളി ഉറപ്പിച്ചു. സ്വർണത്തിനായുള്ള ആറാമത്തെ ചാട്ടം രണ്ട്‌ സെന്റീമീറ്റർ വ്യത്യാസത്തിൽ ഫൗൾ. അനീസ്‌ ആദ്യചാട്ടം ഫൗളാക്കിയെങ്കിലും അവസാന അവസരത്തിൽ 7.97 മീറ്ററിലെത്തി. 7.65, 7.72, 7.74, 7.58 എന്നിങ്ങനെയാണ്‌ മറ്റ്‌ ചാട്ടങ്ങൾ.

‘തിരിച്ചുവരുമെന്ന്‌ ഉറപ്പായിരുന്നു’

ഒറ്റചാട്ടത്തിലൂടെ ശ്രീശങ്കർ തിരിച്ചെത്തുമെന്ന്‌ ഉറപ്പായിരുന്നുവെന്ന്‌ അച്ഛനും കോച്ചുമായ എസ്‌ മുരളി പറഞ്ഞു. ഗ്യാലറിയിൽ ഞാൻ ആത്മവിശ്വാസത്തിലായിരുന്നു. ആദ്യത്തെ മൂന്നും പിറകിൽനിന്നുള്ള ചാട്ടമായിരുന്നു. നാലാമത്തേത്‌ ഫൗളെന്ന്‌ പറയാനാവില്ല.

പ്രതീക്ഷിച്ചപോലെ അഞ്ചാംജമ്പിൽ മെഡൽ വന്നു. ലോകനിലവാരത്തിലുള്ള ഒരു ചാട്ടക്കാരന്റെ ഗുണമാണ്‌ അവൻ കാണിച്ചത്‌. പിറകിൽനിന്നശേഷം നിർണായക ചാട്ടത്തിലൂടെ തിരിച്ചുവരാനുള്ള കഴിവ്‌ ആർജിച്ചത്‌ വളർച്ചയുടെ സൂചനയാണ്‌.

ലോകവേദികളിൽ മികച്ച പ്രകടനത്തിന്‌ ഇത്‌ ആത്മവിശ്വാസം നൽകും. കാലാവസ്ഥ ഒട്ടും അനുകൂലമല്ലായിരുന്നു. തണുപ്പുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടി. അതിനാൽ 8.08 മീറ്റർ മോശം ദൂരമല്ല– മുരളി പറഞ്ഞു.

മെഡൽ അച്ഛന്‌; 
ഇനി പാരിസ്‌
വെള്ളി മെഡൽ അച്ഛനും പരിശീലകനുമായ എസ്‌ മുരളിക്ക്‌ സമർപ്പിക്കുന്നതായി എം ശ്രീശങ്കർ പറഞ്ഞു. എന്റെ ഉയർച്ചയിലും താഴ്‌ചയിലും ഉറച്ച പിന്തുണയുമായി അച്ഛൻ നിന്നു. അതുപോലെ എല്ലാ പിന്തുണയും നൽകിയ കുടുംബത്തോടും കൂട്ടുകാരോടും കടപ്പെട്ടിരിക്കുന്നു. പ്രതിസന്ധിഘട്ടത്തിൽ ഒപ്പംനിന്ന അത്‌ലറ്റിക്‌ ഫെഡറേഷനോടും നന്ദിയുണ്ട്‌.

മെഡൽ നേട്ടം
സ്വർണം പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വെള്ളിയിൽ തൃപ്‌തനാണ്‌. ടോക്യോ ഒളിമ്പിക്‌സിലെ  പ്രകടനം നിരാശയായിരുന്നു. അതിനാൽ ഈ സീസൺ കരിയറിൽ പ്രധാനപ്പെട്ടതായിരുന്നു. പ്രതിസന്ധിഘട്ടത്തിൽ നല്ല പിന്തുണ കിട്ടി. അതിനുള്ള എന്റെ സമ്മാനമാണ്‌ രാജ്യത്തിനുള്ള ഈ മെഡൽ.

വെള്ളിക്കുതിപ്പ്‌
ആദ്യത്തെ മൂന്നുചാട്ടങ്ങളും ക്ലിക്കായില്ല. കാറ്റും തണുത്ത കാലാവസ്ഥയും ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അതിനാൽ, താളംകണ്ടെത്താൻ വൈകി. എന്നാൽ, അവസാന മൂന്നുചാട്ടം മികച്ചതായിരുന്നു. മുൻകാല മീറ്റുകളുടെ അനുഭവപരിചയം തിരിച്ചുവരവിന്‌ സഹായകമായി.

ഭാവി പ്രതീക്ഷ
ഈ മെഡൽ ഒരു തുടക്കമായാണ്‌ കാണുന്നത്‌. ഇനിയും മുന്നോട്ടുപോകാനുണ്ട്‌. അടുത്തവർഷം ഏഷ്യൻ ഗെയിംസും ലോക അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പുമുണ്ട്‌. 2024ൽ പാരിസ്‌ ഒളിമ്പിക്‌സും കാത്തിരിക്കുന്നു.

ശ്രീശങ്കറിന്റെ പ്രകടനങ്ങൾ
ടോക്യോ ഒളിമ്പിക്‌സ്‌ (2021 ആഗസ്‌ത്‌): 
7.69 മീറ്റർ (25–-ാം സ്ഥാനം)
ഇന്ത്യൻ ജമ്പ്‌സ്‌ ചാമ്പ്യൻഷിപ്, തിരുവനന്തപുരം (2022 മാർച്ച്‌): 8.17 മീറ്റർ (സ്വർണം)
ഫെഡറേഷൻ കപ്പ്‌ അത്‌ലറ്റിക്‌സ്‌, 
തേഞ്ഞിപ്പലം (2022 ഏപ്രിൽ): 8.36 മീറ്റർ 
(ദേശീയ റെക്കോഡ്‌, വെള്ളി)
ജമ്പിങ് മീറ്റ്‌, ഗ്രീസ്‌ (2022 മെയ്‌): 8.31 മീറ്റർ 
(സ്വർണം)
ലോക അത്‌ലറ്റിക്‌സ്‌, ഒറിഗോൺ (2022 
ജൂലൈ): 7.96 മീറ്റർ (ഏഴാംസ്ഥാനം)
കോമൺവെൽത്ത്‌ ഗെയിംസ്‌, ബർമിങ്ഹാം (ആഗസ്‌ത്‌): 8.08 മീറ്റർ (വെള്ളി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top