14 September Saturday

ഐപിഎൽ: പഞ്ചാബിന്‌ മഴയിൽ അരങ്ങേറ്റം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

www.facebook.com/IPL/photos/

മൊഹാലി> കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ മഴനിയമത്തിൽ ഏഴ്‌ റണ്ണിന്‌ കീഴടക്കി പഞ്ചാബ്‌ കിങ്സ്‌ ഐപിഎൽ ക്രിക്കറ്റിൽ അരങ്ങേറി. അവസാന നാല്‌ ഓവറിൽ മൂന്ന്‌ വിക്കറ്റ്‌ കൈയിലിരിക്കെ കൊൽക്കത്തയ്‌ക്ക്‌ ജയിക്കാൻ 46 റൺ വേണ്ടിയിരുന്നു. ശാർദുൽ ഠാക്കൂറും (8) സുനിൽ നരെയ്‌നുമായിരുന്നു (7) ക്രീസിൽ. 16 ഓവർ കഴിഞ്ഞപ്പോൾ മഴ എത്തിയതോടെ കൊൽക്കത്തയുടെ പോരാട്ടം അവസാനിച്ചു. സ്‌കോർ: പഞ്ചാബ്‌ 5–-191, കൊൽക്കത്ത 7–-146 (16).

ആന്ദ്രേ റസലും (19 പന്തിൽ 35) വെങ്കിടേഷ്‌ അയ്യരും (28 പന്തിൽ 34) ചേർന്നാണ്‌ കൊൽക്കത്തയെ വിജയത്തിനടുത്തെത്തിച്ചത്‌. ഇരുവരും ചേർന്ന്‌ ആറാംവിക്കറ്റിൽ 50 റണ്ണടിച്ചു. 80 റണ്ണെടുക്കുന്നതിനിടെ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടമായശേഷമാണ്‌ ഈ കൂട്ടുകെട്ട്‌. വിൻഡീസ്‌ താരം റസൽ മൂന്ന്‌ ഫോറും രണ്ട്‌ സിക്‌സറും പറത്തി. അയ്യർ മൂന്ന്‌ ഫോറും ഒരു സിക്‌സറും നേടി.

ക്യാപ്‌റ്റൻ നിതീഷ്‌ റാണയും (24) അഫ്‌ഗാൻ വിക്കറ്റ്‌കീപ്പർ റഹ്‌മാനുള്ള ഗുർബസും (22) വലിയ സ്‌കോർ നേടുംമുമ്പ്‌ പുറത്തായി. ഏഴ്‌ ബൗളർമാരെയാണ്‌ പഞ്ചാബ്‌ ക്യാപ്‌റ്റൻ ശിഖർ ധവാൻ പരീക്ഷിച്ചത്‌. ഐപിഎല്ലിലെ വിലകൂടിയ താരമായ ഇംഗ്ലീഷുകാരൻ സാം കറൻ മൂന്ന്‌ ഓവറിൽ 38 റൺ വഴങ്ങിയാണ്‌ ഒരു വിക്കറ്റെടുത്തത്‌. നഥാൻ എല്ലിസ്‌, സിക്കന്ദർ റാസ, രാഹുൽ ചഹാർ എന്നിവർക്കും ഓരോവിക്കറ്റുണ്ട്‌.

ശ്രീലങ്കൻ ബാറ്റർ ഭാനുക രജപക്‌സെയുടെ അർധ സെഞ്ചുറിയാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത പഞ്ചാബിന്‌ മികച്ച സ്‌കോർ സമ്മാനിച്ചത്‌. 32 പന്തിൽ 50 റൺ നേടിയാണ്‌ മടക്കം. അഞ്ച്‌ ഫോറും രണ്ട്‌ സിക്‌സറും ഉൾപ്പെട്ടു. ശിഖർ ധവാൻ 29 പന്തിൽ 40 റണ്ണുമായി പിന്തുണ നൽകി. സിക്കന്ദർ റാസ (16), പ്രഭ്‌സിമ്രാൻ സിങ് (23), ജിതേഷ്‌ ശർമ (21) എന്നിവരും പുറത്തായി. സാം കറനും (26) ഷാരൂഖ്‌ഖാനും (11) പുറത്താകാതെനിന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top