13 December Friday

ഉയരെ രോഹിത്‌ , രാഹുലും കസറി ; ഇന്ത്യ ലങ്കയെ ഏഴു വിക്കറ്റിന്‌ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 6, 2019

രോഹിത‌് ശർമ

ലീഡ‌്സ‌്
സെമിയിലേക്കുള്ള ഒരുക്കം രോഹിത‌് ശർമയും ലോകേഷ്‌ രാഹുലും ഗംഭീരമാക്കി, ഇന്ത്യയും. ആദ്യ റൗണ്ടിലെ അവസാന മത്സരത്തിൽ ശ്രീലങ്കയെ നിലംപരിശാക്കിയാണ‌് കുതിപ്പ‌്. ജയം ഏഴ്‌ വിക്കറ്റിന‌്. തുടർച്ചയായ മൂന്നാം സെഞ്ചുറിയുമായി രോഹിത‌് നയിച്ചു. രണ്ട‌് കൂറ്റൻ സിക‌്സറും 14 ബൗണ്ടറികളുൾമുൾപ്പെടെ 94 പന്തിൽ 103. ലോകേഷ്‌ രാഹുൽ കന്നി സെഞ്ചുറി കുറിച്ചു (118 പന്തിൽ 111). ഒരു സിക്‌സറും 11 ബൗണ്ടറികളും.

265 റണ്ണായിരുന്നു ലക്ഷ്യം 43.3‌ ഓവറിൽ ജയം നേടി. രോഹിതും ഓപ്പണർ വേഷത്തിൽ ആദ്യമായി അനായാസം ബാറ്റ‌് ചെയ‌്ത രാഹുലും മിന്നുന്ന തുടക്കം നൽകി. ഐപിഎലിൽ മുംബൈ ഇന്ത്യൻസിലെ സഹതാരമായ ലസിത‌് മലിംഗ ഉൾപ്പെടെയുള്ള ബൗളർമാരെ രോഹിത‌് നിലംതൊടീച്ചില്ല. ഒന്നാം വിക്കറ്റിൽ രോഹിതും രാഹുലും കൂട്ടിച്ചേർത്തത‌് 189 റൺ. 

ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി 41  പന്തിൽ 34റണ്ണുമായി പുറത്താകാതെനിന്നു. ഇതോടെ കോഹ്‌ലി 1000 റൺ തികച്ചു. ഋഷഭ് പന്ത്‌ നാല്‌ പന്തിൽ നാല്‌ റണ്ണുമായി പുറത്തായി. ഹാർദിക്‌ പാണ്ഡ്യയായിരുന്നു (4 പന്തിൽ 7) വിജയനിമിഷത്തിൽ കോഹ്‌‌ലിക്കൊപ്പം കളത്തിൽ. ലങ്കയ്‌ക്കായി അവസാന ലോകകപ്പ്‌ മത്സരം കളിച്ച പേസർ ലസിത്‌ മലിംഗ  ഒരു വിക്കറ്റ്‌ വീഴ്‌ത്തി. ‌പത്തോവറിൽ 81 റണ്ണാണ്‌ മലിംഗ വിട്ടുകൊടുത്തത്‌. ഏഞ്ചലോ മാത്യൂസിന്റെ സെഞ്ചുറി മികവിൽ ലങ്ക ഏഴിന‌് 264 റണ്ണാണെടുത്തത‌്. മാത്യൂസ‌് 128 പന്തിൽ 113 റണ്ണെടുത്തു. ഇന്ത്യൻ ബൗളർമാരിൽ മൂന്ന‌് വിക്കറ്റെടുത്ത പേസർ ജസ‌്പ്രീത‌് ബുമ്ര തിളങ്ങി.

വേഗം കുറഞ്ഞ പിച്ചിൽ ടോസ‌് നേടിയ ശ്രീലങ്കൻ ക്യാപ‌്റ്റൻ ദിമുത‌് കരുണരത‌്നെ ബാറ്റിങ‌് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ രണ്ട‌് മാറ്റങ്ങൾ വരുത്തി. ഓൾ റൗണ്ടർ രവീന്ദ്ര ജഡേജ ആദ്യമായി കളിക്കാനെത്തി. കുൽദീപ‌് യാദവും തിരിച്ചെത്തി. മുഹമ്മദ‌് ഷമിയും യുശ‌്‌വേന്ദ്ര ചഹാലും പുറത്തിരുന്നു. പത്തോവറിൽ 40 റൺ മാത്രം വിട്ടുകൊടുത്ത‌് ഒരു വിക്കറ്റ‌് വീഴ‌്ത്തിയ ജഡേജ കിട്ടിയ അവസരം നന്നായി ഉപയോഗിച്ചു.

മിന്നുന്ന തുടക്കമായിരുന്നു ഇന്ത്യയുടേത‌്. ബുമ്ര ലങ്കൻ ഓപ്പണർമാരെ വരിഞ്ഞുമുറുക്കി. കരുണരത‌്നെയെ ഒരറ്റത്ത‌് ബുമ്ര വിറപ്പിച്ചു. മറുവശത്ത‌് ഭുവനേശ്വർ കുമാർ റൺ വഴങ്ങി. ബുമ്ര തുടർച്ചയായ 16 പന്തുകളിൽ റൺ വിട്ടുനൽകിയില്ല. കരുണരത‌്നെയും (17 പന്തിൽ 10) കുശാൽ പെരേരയും (14 പന്തിൽ 18) ബുമ്രയുടെ ഇരകളായി.
ജഡേജ ആദ്യ ഓവറിൽത്തന്നെ കുശാൽ മെൻഡിസിനെയും (13 പന്തിൽ 13) മടക്കിയതോടെ ലങ്ക പരുങ്ങി. ആക്രമിച്ചുകളിക്കുകയായിരുന്ന അവിഷ‌്ക ഫെർണാണ്ടോ (21 പന്തിൽ 20) ഹാർദിക‌് പാണ്ഡ്യയുടെ വേഗം കുറഞ്ഞ പന്തിൽ വീണു. ലങ്ക 4–-55.

പരിചയസമ്പന്നരായ മാത്യൂസും ലാഹിരു തിരിമണ്ണെയും അവിടെവച്ച‌് ഒന്നിച്ചു. ഇന്ത്യ സ‌്പിന്നർമാരെ ഇറക്കി. ജഡേജ,  മാത്യൂസിനെ കാര്യമായി പരീക്ഷിച്ചു. എന്നാൽ കുൽദീപിന‌് താളം കണ്ടെത്താനായില്ല. വിക്കറ്റ‌് വീഴ‌്ത്താനായില്ല.

മാത്യൂസ‌്–-തിരിമണ്ണെ സഖ്യം കളംപിടിച്ചു. അഞ്ചാം വിക്കറ്റിൽ 124 റണ്ണാണ‌് ഇരുവരും നേടിയത‌്. സ‌്കോർ 61ൽവച്ച‌് മാത്യൂസിനെ ജഡേജയുടെ പന്തിൽ ഭുവനേശ്വർ വിട്ടുകളഞ്ഞു. ഇന്ത്യയുടെ ഫീൽഡിങ‌് പ്രകടനം പതിവുനിലവാരത്തിൽ എത്തിയില്ല.

38–-ാം ഓവറിൽ കുൽദീപ‌് ഈ സഖ്യത്തെ വേർപെടുത്തി. 68 പന്തിൽ 53 റണ്ണെടുത്ത തിരിമണ്ണെ ജഡേജയ‌്ക്ക‌് പിടികൊടുത്ത‌് മടങ്ങി.മാത്യൂസ‌് വിട്ടുകൊടുത്തില്ല. 40 ഓവറിൽ 5–-200 റണ്ണെന്ന ശക്തമായി നിലയിലായിരുന്നു ലങ്ക. ഇതിനിടെ മാത്യൂസ‌് സെഞ്ചുറി പൂർത്തിയാക്കി. മൂന്നാം സെഞ്ചുറി. മൂന്നും ഇന്ത്യക്കെതിരെയാണ‌്.

അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരിച്ചുവന്നു. ബൗണ്ടറികൾ കണ്ടെത്താൻ ലങ്കൻ ബാറ്റ‌്സ‌്മാൻമാർ വിഷമിച്ചു. ഒടുവിൽ മാത്യൂസിനെ ബുമ്ര വീഴ‌്ത്തി. ജഡേജ, കുൽദീപ്‌, ഭുവനേശ്വർ, പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റെടുത്തു.

രാഹുലും കസറി
ലീഡ്‌സ്‌
കഴിഞ്ഞ കളികളിൽ വിഷമിച്ച ലോകേഷ‌് രാഹുൽ ശ്രീലങ്കയ‌്ക്കെതിരെ മിന്നി. ലോകകപ്പിൽ കന്നി സെഞ്ചുറി കുറിച്ച ഇന്ത്യൻ ഓപ്പണർ  ‌118 പന്തിൽ 111 റണ്ണാണ്‌  നേടിയത‌്.  ആദ്യ കളികളിൽ നാലാം നമ്പറിലിറങ്ങിയ രാഹുൽ പരിക്കേറ്റ്‌ മടങ്ങിയ ശിഖർ ധവാന്‌ പകരമാണ്‌ ഓപ്പണറായെത്തുന്നത്‌. ലോകകപ്പിൽ എട്ട്‌ കളികളിൽ നിന്ന്‌ 346 റൺ നേടി വലംകൈയൻ.


പ്രധാന വാർത്തകൾ
 Top