തിരുവനന്തപുരം
ഗ്രീൻഫീൽഡിൽ ഇന്ത്യമാത്രമായിരുന്നു. ബാറ്റിലും പന്തിലും നിറയെ ഊർജവുമായെത്തിയ രോഹിത് ശർമയും കൂട്ടരും ലങ്കയെ ദഹിപ്പിച്ചു. പൊരുതാൻപോലുമാകാതെ ദ്വീപുകാർ കീഴടങ്ങി. 317 റണ്ണിന്റെ മഹാജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല ഇന്ത്യക്ക്. ലോകകപ്പ് മുന്നിൽകണ്ടുള്ള സർവസന്നാഹങ്ങൾക്കും ഇന്ധനമാകുന്ന ജയം.
പുതുവർഷത്തിലെ ആദ്യ ഏകദിന പരമ്പരയാണിത്. ഒക്‌ടോബറിൽ സ്വന്തംതട്ടകത്തിൽ അരങ്ങേറുന്ന ലോകകപ്പിനായുള്ള ഒരുക്കമെന്ന് പ്രഖ്യാപിച്ചാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ ഇറങ്ങിയത്. നൂറിൽ നൂറ് മാർക്കുമായാണ് മടക്കം. ബാറ്റർമാരുടെ പറുദീസയെന്നായിരുന്നു ക്യുറേറ്റർമാർ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിന് നൽകിയ വിശേഷണം. എന്നാൽ, മുൻകാലങ്ങളിലെല്ലാം ഈ പ്രവചനങ്ങൾക്ക് വിപരീതമായിരുന്നു കളിക്കണക്കുകൾ. ബൗളർമാർക്ക് മേധാവിത്വം ലഭിച്ചു. ചെറു സ്‌കോറുകൾ മാത്രമായിരുന്നു പിറന്നത്. എന്നാൽ, ഇത്തവണ എല്ലാ ദുഷ്‌പ്പേരും ഗ്രീൻഫീൽഡ് മായ്‌ച്ചു. ടോസ് നേടിയ ഇന്ത്യൻ ക്യാപ്‌റ്റൻ രോഹിത് ശർമ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്‌റ്റന്റെ കണക്കുക്കൂട്ടലുകൾ തെറ്റിയില്ല. ശുഭ്‌മാൻ ഗില്ലും രോഹിതും (49 പന്തിൽ 42) നല്ല തുടക്കമിട്ടു. ആദ്യ മൂന്ന് ഓവറിൽ അഞ്ച് റൺ മാത്രമായിരുന്നു നേടിയതെങ്കിലും പതിയെ കളംപിടിച്ചു.
പഴയപ്രതാപത്തിന്റെ നിഴലാട്ടം കാട്ടിയെങ്കിലും പൂർണനാകാൻ രോഹിത്തിന് കഴിഞ്ഞില്ല. 15.3–-ാംഓവറിലാണ് കോഹ്‌ലിയും ഗില്ലും ഒത്തുകൂടിയത്. സിക്‌സറുകളുടെയും ബൗണ്ടറികളുടെയും പ്രവാഹമായിരുന്നു പിന്നീട്. പഴുതുകളൊന്നും അനുവദിക്കാതെയുള്ള സുന്ദര ബാറ്റിങ്ങിൽ ലങ്കൻ ബൗളർമാർ കാഴ്ചക്കാർ മാത്രമായി. ഗില്ലായിരുന്നു ആദ്യം സെഞ്ചുറി തികച്ചത്. ഗ്രീൻഫീൽഡിലെ ആദ്യ ശതകം. ഗിൽ മടങ്ങിയെങ്കിലും കോഹ്‌ലി അവസാനിപ്പിച്ചില്ല. ഒരു റൺയന്ത്രമായി മുൻ ക്യാപ്‌റ്റൻ. എട്ട് സിക്‌സറും 13 ഫോറും ആ ബാറ്റിൽനിന്ന് ഒഴുകി. രണ്ടാംവിക്കറ്റിൽ 131 റൺ ചേർത്തു ഇന്ത്യ. ശ്രേയസ് അയ്യർ (32 പന്തിൽ 38), ലോകേഷ് രാഹുൽ (7), സൂര്യകുമാർ യാദവ് (4) എന്നിവർകൂടി തിളങ്ങിയിരുന്നെങ്കിൽ സ്‌കോർ നാനൂറ് കടന്നേനെ.
ഇന്ത്യൻ ബാറ്റർമാർക്കുമുന്നിൽ മുട്ടിടിച്ച ലങ്കക്കാർ മറുപടിയിലും അതാവർത്തിച്ചു. വിക്കറ്റുകളുടെ ഘോഷയാത്രയായിരുന്നു. ഒരാൾക്കും പിടിച്ചുനിൽക്കാനായില്ല. നുവനിന്ദു ഫെർണാണ്ടോയാണ് (19) ടോപ് സ്‌കോറർ. ക്യാപ്‌റ്റൻ ദാസുൺ ഷനകയ്‌ക്ക് 26 പന്തിൽ 11 റണ്ണടിക്കാനേ സാധിച്ചുള്ളൂ. 10 ഓവറിൽ 32 റൺ വഴങ്ങിയാണ് മുഹമ്മദ് സിറാജ് നാല് വിക്കറ്റെടുത്തത്. ഒരു മെയ്‌ഡനുമുണ്ട്. മുഹമ്മദ് ഷമിയും കുൽദീപ് യാദവും രണ്ടുവീതം വിക്കറ്റ് നേടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..