20 February Wednesday

തിരിച്ചടിച്ച‌് ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 15, 2019

അഡ‌്‌ലെയ‌്ഡ‌്> ഓസ‌്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ‌്ക്ക‌് ആറു വിക്കറ്റ‌് ജയം. ഇതോടെ മൂന്നുമത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ ഓസീസിനൊപ്പമെത്തി. സെഞ്ചുറി കുറിച്ച ക്യാപ്റ്റൻ വിരാട് കോഹ്‍ലിയാണ‌് ഇന്ത്യൻ വിജയത്തിലെ മുഖ്യശിൽപി.

112 പന്തുകൾ നേരിട്ട കോഹ്‍ലി അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 104 റൺസെടുത്ത‌് മടങ്ങിയെങ്കിലും ധോണിയും കാർത്തിക്കും ചേർന്ന് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു. ഏകദിനത്തിലെ 69–ാം അർധസെഞ്ചുറി കുറിച്ച ധോണി 55 പന്തിൽ രണ്ടു സിക്സുകൾ ഉൾപ്പെടെ 55 റൺസുമായി പുറത്താകാതെ നിന്നു. കാർത്തിക് 14 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 25 റൺസെടുത്തു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ ധോണി–കാർത്തിക് സഖ്യം 34 പന്തിൽ 57 റൺസ് കൂട്ടിച്ചേർത്തു. ശിഖർ ധവാൻ (28 പന്തിൽ 32), രോഹിത് ശർമ (52 പന്തിൽ 43), അമ്പാട്ടി റായുഡു (36 പന്തിൽ 24) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

299 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ധവാൻ–രോഹിത് സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. നേരത്തെ സെഞ്ചറിയുമായി ഷോൺ മാർഷിന്റെയും അവസാന ഓവറുകളിൽ മിന്നൽ ‌ബാറ്റിങുമായി ഗ്ലെൻ മാക്സ്‌വെലിന്റെയും മികവിലാണ് ഓസീസ് മികച്ച സ്കോർ കണ്ടെത്തിയത്. 123 പന്തിൽ 131 റൺസെടുത്ത മാർഷിന്റെ മികവിൽ ഓസീസ് ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത് 299 റൺസ് വിജയലക്ഷ്യം. 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 298 റൺസെടുത്തത്. മാക്സ്‌വെൽ 37 പന്തിൽ അഞ്ചു ബൗണ്ടറിയും ഒരു സിക്സും സഹിതം 48 റൺസെടുത്തു.


പ്രധാന വാർത്തകൾ
 Top