02 March Tuesday
പുതുവീര്യം, പുതിയ ഇന്ത്യ

ഗാബ കീഴടക്കിയ ചിരി ; നാലാം ടെസ്റ്റിൽ മൂന്ന്‌ വിക്കറ്റ്‌ ജയം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 20, 2021

Photo Credit: International Cricket Council Facebook Page

ബ്രിസ്‌ബെയ്‌ൻ
ഋഷഭ്‌ പന്തിന്റെ ആ നീളൻ ബൗണ്ടറി ഗാബയിലെ ഓസീസ്‌ പാരമ്പര്യത്തെ നെടുകെ പിളർത്തി. ഓസ്‌ട്രേലിയ അടുത്തെങ്ങും മറക്കാനിടയില്ലാത്ത നിമിഷം. റൺമലയും എതിരാളിയുടെ വീറും കണ്ട്‌ വിലപിക്കുകയായിരുന്നില്ല ഇന്ത്യ. ശുഭ്‌മാൻ ഗില്ലും ചേതേശ്വർ പൂജാരയും ഒടുവിൽ ഋഷഭ്‌ പന്തും സിരകളിൽ തീ പടർത്തി പോരാടി. ഓസീസ്‌ തളർന്നു. മൂന്ന്‌ ഓവർ ബാക്കിനിൽക്കേ തലതാഴ്‌ത്തി. ഇന്ത്യൻ ജയം മൂന്ന്‌‌ വിക്കറ്റിന്.

നാല്‌ മത്സര ടെസ്റ്റ്‌ ക്രിക്കറ്റ്‌ ‌വിജയികൾക്കുള്ള ബോർഡർ–-ഗാവസ്‌കർ ട്രോഫി ഇന്ത്യ 2–-1ന്‌ നിലനിർത്തി. തുടർച്ചയായ മൂന്നാം പരമ്പര. എക്കാലവും തുണച്ച ഗാബ സ്‌റ്റേഡിയത്തിൽ 32 വർഷങ്ങൾക്കുശേഷം ഓസീസ്‌ തോറ്റു. ഏഷ്യൻ വൻകരയിൽനിന്ന്‌ ആദ്യമായി ഗാബ കീഴടക്കുന്ന ടീമായി അജിൻക്യ രഹാനെയുടെ ഇന്ത്യ. നാലാം ഇന്നിങ്‌സിൽ ഇവിടുത്തെ ഏറ്റവും ഉയർന്ന സ്‌കോറും ഇന്ത്യൻ പേരിലായി.

സ്കോർ: ഓസീസ്‌: 369, 294. ഇന്ത്യ 336, 7–-329.

ഒരു ദിനവും പത്ത്‌ വിക്കറ്റും ബാക്കിനിൽക്കേ 324 റൺ വേണമായിരുന്നു ഇന്ത്യക്ക്‌. പേസർമാരെ തുണയ്‌ക്കുന്ന ഗാബയിൽ മഴയും ഭീഷണിയായിരുന്നു. ‌രോഹിത്‌ ശർമ (7) വേഗം വീണു. എന്നാൽ, ഗില്ലും (146 പന്തിൽ 91) ചേതേശ്വർ പൂജാരയും (211 പന്തിൽ 56) പതറാതെ ബാറ്റേന്തി. മോശം പന്തുകളെ ശിക്ഷിച്ചും കരുതലോടുമായിരുന്നു ഗിൽ.

പൂജാരയാകട്ടെ ഇക്കാലമത്രയുമുള്ള അനുഭവസമ്പത്ത്‌ കൈമുതലാക്കി ക്രീസിൽ പാറപോലെ ഉറച്ചു. പാറ്റ്‌ കമ്മിൻസിന്റെ മൂളിപ്പറക്കുന്ന പന്തുകൾ വേദനിപ്പിച്ചെങ്കിലും പൂജാര കീഴടങ്ങിയില്ല. കന്നിസെഞ്ചുറിക്ക്‌ ഒമ്പത്‌ റണ്ണകലെ ഗിൽ വീണു. രണ്ട്‌ സിക്‌സറും എട്ട്‌ ബൗണ്ടറിയുമായിരുന്നു ഇരുപത്തിയൊന്നുകാരന്റെ ഇന്നിങ്‌സിൽ.

തുടർന്ന്‌ രഹാനെയാണ്‌ എത്തിയത്‌. ക്യാപ്‌റ്റന്റെ വരവോടെ ഇന്ത്യൻ പദ്ധതി വ്യക്തമായി. അതിവേഗം റൺ കണ്ടെത്താനാണ്‌ രഹാനെ ശ്രമിച്ചത്‌. 22 പന്തിൽ 24 റൺ. മായങ്ക്‌ അഗർവാളിന്‌ പകരം പന്തായിരുന്നു (138 പന്തിൽ 89) അഞ്ചാമനായി വന്നത്‌. അപ്പുറം പൂജാര  പ്രതിരോധിച്ചപ്പോൾ പന്ത്‌ ആക്രമണം നടത്തി.

പൂജാരയും പിന്നാലെ അഗർവാളും (9) മടങ്ങിയെങ്കിലും ഇന്ത്യ വിജയം സ്വപ്‌നം കണ്ടു. വാഷിങ്‌ടൺ സുന്ദർ (29 പന്തിൽ 22) എത്തിയതോടെ കളിഗതി മാറി. ഒരു സിക്‌സറും രണ്ട്‌ ബൗണ്ടറിയും പായിച്ച്‌ തമിഴ്‌നാട്ടുകാരൻ സ്‌കോർ ഉയർത്തി. 15 ഓവറിൽ 60‌ റൺ മതിയായി ഇന്ത്യക്ക്‌ ജയിക്കാൻ. സുന്ദറും ശർദുൾ താക്കൂറും വീണെങ്കിലും പന്ത്‌ ചരിത്രവിജയത്തിലേക്ക്‌ ഇന്ത്യയുടെ കൈപിടിച്ചു. ഒടുവിൽ ഗാബയെന്ന പർവതം വീണു. ഇന്ത്യ ചിരിച്ചു.
 

പുതുവീര്യം, പുതിയ ഇന്ത്യ
മൂന്നു നാളിലാണ്‌ അഡ്‌ലെയ്‌ഡിൽ ഇന്ത്യ തലകുനിച്ചത്‌. 36 റണ്ണിന്‌ പുറത്തായി ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്‌. ഒന്നാം ടെസ്റ്റിലെ മഹാതോൽവിക്കുപിന്നാലെ പടനായകൻ വിരാട്‌ കോഹ്‌ലി നാട്ടിലേക്ക്‌ മടങ്ങി. പരിക്കുകൾ തളർത്തി. പ്രമുഖ താരങ്ങൾ മുറിവേറ്റ്‌ പിൻമാറി. കളത്തിൽ ഓസീസുകാരുടെ മൂർച്ചയുള്ള പന്തുകൾ മാത്രമായിരുന്നില്ല അവർ നേരിട്ടത്‌.

കാണികളിൽ ചിലരുടെ കടുത്ത വംശീയാധിക്ഷേപവും തെറിവിളികളും അവരെ വരവേറ്റു. താൽക്കാലിക ക്യാപ്‌റ്റൻ അജിൻക്യ രഹാനെയ്‌ക്ക്‌ ആയുധങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. പടയാളികളായുള്ളത്‌ ടെസ്റ്റ്‌ പരിചയമില്ലാത്ത ഒരുപിടി യുവതാരങ്ങൾ മാത്രം. ലഭ്യമായ ചേരുവകളെ സുന്ദരമായി കോർത്തിണക്കി രഹാനെ മായാജാലം തീർത്തു. അവിടെ ഓസ്‌ട്രേലിയൻ കോട്ടകൾ നിലംപതിച്ചു.

ഇശാന്ത്‌ ശർമയുൾപ്പെടെ ഏഴ്‌ താരങ്ങളെയാണ്‌ പരിക്കേറ്റ്‌ നഷ്ടമായത്‌. കളിക്കാനാളില്ലാത്ത അവസ്ഥ. ഓസീസിനാകട്ടെ സർവതും സജ്ജം. സ്റ്റീവ്‌ സ്‌മിത്തും മാർണസ്‌ ലബുഷെയ്‌നും ഉൾപ്പെട്ട ബാറ്റിങ്നിര. ലോകക്രിക്കറ്റിലെ ഏറ്റവും വലിയ പന്തേറുകാരുടെ ആദ്യനിര. മിച്ചെൽ സ്റ്റാർക്‌, പാറ്റ്‌ കമ്മിൻസ്‌, ജോഷ്‌ ഹാസെൽവുഡ്‌. ഈ വമ്പൻമാരുടെ കൂടാരത്തിലേക്കാണ്‌ നിരായുധരായി രഹാനെയുടെ ഇന്ത്യ കടന്നുചെന്നത്‌. രോഹിത്‌ ശർമ, ചേതേശ്വർ പൂജാര, ആർ അശ്വിൻ എന്നിവരായിരുന്നു പരിചയസമ്പന്നർ. ബാക്കിയെല്ലാം പുതുനിര. ശുഭ്‌മാൻ ഗിൽ, മുഹമ്മദ്‌ സിറാജ്‌, വാഷിങ്‌ടൺ സുന്ദർ, ടി നടരാജൻ, നവ്‌ദീപ്‌ സെയ്‌നി എന്നിവർ അരങ്ങേറ്റം കുറിച്ചു. രണ്ടാം ടെസ്റ്റിൽ എട്ട്‌ വിക്കറ്റിന്‌ ജയിച്ചു. മൂന്നാം ടെസ്റ്റിൽ ജയത്തോളം പോന്ന സമനില. ഒടുവിൽ ഗാബയിൽ ജയം. ഓരോ കളിയിലും ഓരോ സെഷനുകളിലും രക്ഷകർ അവതരിച്ചു. യുവനിര പതറിയില്ല. ഓസ്‌ട്രേലിയൻ വമ്പിനെ വീറോടെ നേരിട്ടു. കാണികളിൽ ചിലരുടെ വംശീയാധിക്ഷേപത്തെ കളി നിർത്തി ചോദ്യം ചെയ്‌തു. വേണ്ടയിടത്തെല്ലാം രഹാനെ നിറഞ്ഞു. സഹതാരങ്ങളുടെ മനസ്സറിഞ്ഞ്‌ അവരെ ചേർത്തുനിർത്തി. ഗാബയിലെ ആകാശം നിറയെ പുതിയ ഇന്ത്യ നിറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top