15 September Sunday

ഐപിഎലിന‌് കൊടിയിറങ്ങി; ഇന്ത്യക്ക‌് ലോകകപ്പിന‌് ഒരുങ്ങാം

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019


മുംബൈ > ഐപിഎലിന‌് കൊടിയിറങ്ങി. ഇനി 17 ദിവസങ്ങൾക്കപ്പുറം എത്തിനിൽക്കുന്ന ഏകദിന ക്രിക്കറ്റ‌് ലോകകപ്പിന‌് ഇന്ത്യക്ക‌് ഒരുങ്ങാം. മാർച്ച‌് 23ന‌് ചെന്നൈ ചിദംബര സ‌്റ്റേഡിയത്തിലാണ‌് ഐപിഎൽ 12–-ാംപതിപ്പിന‌് തുടക്കമായത‌്. ആകെ 60 മത്സരങ്ങൾ. വിശ്രമമില്ലാതെ ഒരുദിനം ഇടവിട്ടുള്ള കളികൾ കളിക്കാരെ തളർത്തി.  ഇന്ത്യയുടെ ലോകകപ്പ‌് ടീമിലുള്ള 15 പേരും ഐപിഎലിൽ സജീവമായിരുന്നു. സീസൺ അവസാനം ബാറ്റ‌്സ‌്മാൻ കേദാർ ജാദവിന‌് പരിക്കേറ്റത‌് ഇന്ത്യക്ക‌് തിരിച്ചടിയായി.

മൂന്നാഴ‌്ചമാത്രമുള്ള ലോകകപ്പിനുമുമ്പേ കളിക്കാർക്ക‌് വിശ്രമിക്കാൻ സമയമുണ്ടാകില്ല. 22നാണ‌് ടീം ഇംഗ്ലണ്ടിലേക്ക‌് തിരിക്കുന്നത‌്. ജൂൺ അഞ്ചിന‌് ദക്ഷിണാഫ്രിക്കയ‌്ക്കെതിരെ ആദ്യമത്സരം കളിക്കുന്നതിനുമുമ്പായി പരിശീലനമത്സരങ്ങളുണ്ടാകും. ഐപിഎലിൽ മിക്ക മത്സരങ്ങളിലും കളിച്ചാണ‌് താരങ്ങൾ ലോകകപ്പിനെത്തുന്നത‌്. സീസൺ ആരംഭിക്കുംമുമ്പ‌് ഇന്ത്യൻ ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി കളിക്കാർക്ക‌് ലോകകപ്പ‌് മനസ്സിലുണ്ടാകണമെന്നും ശാരീരികക്ഷമത നഷ്ടമാകുന്ന രീതിയിൽ അധിക മത്സരങ്ങൾ കളിക്കരുതെന്നും നിർദേശം നൽകിയിരുന്നു. ആവശ്യമായ വിശ്രമം കളിക്കാരെടുക്കണം. എന്നാൽ, കോഹ‌്‌ലിയുടെ വാക്കുകൾ പാലിക്കപ്പെട്ടില്ല.

കോഹ‌്‌ലി, രോഹിത‌് ശർമ, മുഹമ്മദ‌് ഷമി, യുസ‌്‌വേന്ദ്ര ചഹാൽ, ദിനേശ‌് കാർത്തിക‌്, കേദാർ ജാദവ‌് എന്നിവർ 14 മത്സരങ്ങളാണ‌് കളിച്ചത‌്. സൺറൈസേഴ‌്സ‌് ഹൈദരാബാദിന്റെ വിജയ‌് ശങ്കറും ഭുവനേശ്വർ കുമാറും 15 മത്സരങ്ങളിൽ ഇറങ്ങി. ശിഖർ ധവാൻ, ഹാർദിക‌് പാണ്ഡ്യ, ജസ‌്പ്രീത‌് ബുമ്ര എന്നിവർ 16 മത്സരങ്ങളും കളിച്ചു. മുൻനായകൻ മഹേന്ദ്രസിങ‌് ധോണിയും രവീന്ദ്ര ജഡേജയും സമാനമത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിങ‌്സിനായി ക്രീസിലിറങ്ങി.

ഏറ്റവും കുറച്ച‌് മത്സരങ്ങൾ കളിച്ച ഏകതാരം സ‌്പിന്നർ കുൽദീപ‌് യാദവാണ‌്. ഒമ്പത‌ുമത്സരം മാത്രമാണ‌് കൊൽക്കത്ത നൈറ്റ‌് റൈഡേഴ‌്സുകാരൻ കളിച്ചത‌്. പരിക്കേറ്റ ജാദവ‌ിന‌് ടീമിനൊപ്പം ചേരാനാകുമെന്നുതന്നെയാണ‌് കരുതുന്നത‌്. 23നാണ‌് അവസാന പതിനഞ്ചംഗ ടീമിന്റെ പേര‌് ഐസിസിക്ക‌് നൽകേണ്ടത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top