18 September Wednesday

മഴനിഴലിൽ നോട്ടിങ്ങാം, ധവാന്‌ പരിക്ക്‌; ഇന്ത്യ ഇന്ന്‌ കിവീസിനെതിരെ

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

നോട്ടിങ്ങാം > നിലവിലെ ചാമ്പ്യന്മാരെ തോല്‍പ്പിച്ച്‌ കരുത്തരാണെന്ന്‌ തെളിയിച്ച്‌ കഴിഞ്ഞു. ആരെയും തോല്‍പ്പിക്കാനുള്ള ഊര്‍ജവുമുണ്ട്. മഴകൂടി തോൽക്കണം. ലോകകപ്പ് ക്രിക്കറ്റില്‍ വ്യാഴാഴ്ച ന്യൂസീലന്‍ഡിനെ നേരിടാനിറങ്ങുന്ന ഇന്ത്യയുടെ നിസ്സഹായത ഇതാണ്. മഴ പെയ്തുകൊണ്ടിരിക്കുന്ന നോട്ടിങ്ങാമില്‍ മത്സരം നടക്കുമോ എന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്.

വ്യാഴാഴ്ച വൈകീട്ട് മൂന്നുമണി മുതല്‍ നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തിലാണ് ഇന്ത്യ - ന്യൂസീലന്‍ഡ് മത്സരം നടക്കേണ്ടത്. മഴകാരണം, ബുധനാഴ്ചയും പരിശീലനം കാര്യമായി നടന്നില്ല. ന്യൂസീലന്‍ഡ് ടീം ഇന്‍ഡോറില്‍ അല്‍പനേരം പരിശീലിച്ചു. വ്യാഴാഴ്ച മഴ പെയ്യാന്‍ 90 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പില്‍ ഇതിനകം മൂന്നു മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ചുകഴിഞ്ഞു.
 
ഇക്കുറി ലോകകപ്പില്‍ തോല്‍വിയറിയാത്ത രണ്ടു ടീമുകളേയുള്ളൂ. ഇന്ത്യയും ന്യൂസീലന്‍ഡും. ഇന്ത്യ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനും തുടര്‍ന്ന് ഓസ്ട്രേലിയയെ 36 റണ്‍സിനും തോല്‍പ്പിച്ചു. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് വരുന്നത്.
മൂന്നുകളികളും ജയിച്ച് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ന്യൂസീലന്‍ഡ് കരുത്തരുമായി കളിച്ചിട്ടില്ല. വ്യാഴാഴ്ചത്തെ മത്സരം അതുകൊണ്ടുതന്നെ ലോകകപ്പിലെ ഒരു ദിശാസൂചിയാകും.

പ്രധാന വാർത്തകൾ
 Top