19 February Tuesday

28 വർഷത്തിനുശേഷം ഇംഗ്ലണ്ടിൽ വസന്തമെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Jul 8, 2018

സമാര
ഇടതു വിങ്ങിൽനിന്ന് പന്ത് ജോർദാൻ ഹെൻഡേഴ്സൻ ജെസി ലിങ്ഗാർഡിനു കൈമാറി. ലിങ്ഗാർഡ് തലയുയർത്തി നോക്കി. പോസ്റ്റിനു വലതു മൂലയിൽ കൂട്ടുകാരൻ ഡെലെ ആല്ലി ഒറ്റയ്ക്ക.് ഒട്ടും വൈകിയില്ല. വലംകാൽ കൊണ്ട് കുത്തി ഉയർത്തിയ പന്ത് ആല്ലിക്കു നേരെ. ആല്ലി തലകൊണ്ട് പതുക്കെ വലയിലേക്ക് തഴുകിയിട്ടു. അവിടെ ചൊല്ലി, സ്വീഡന് യാത്രമൊഴി. 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എതിരില്ലാത്ത രണ്ട് ഗോൾ ജയത്തോടെ ഇംഗ്ലണ്ട് സെമിയിലേക്ക്.

ക്ലബ് ഫുട്ബോളിൽ പയറ്റിത്തെളിഞ്ഞ ഇംഗ്ലീഷ് യുവത്വത്തിനു സ്വീഡൻ എതിരാളിയേ ആയിരുന്നില്ല. ചരിത്രമുറങ്ങുന്ന സമാരയിലെ പുൽമൈതാനത്ത് സർവമേഖലയിലും സ്വീഡൻ നിഷ്പ്രഭരായി. പന്തു വരുതിയിലാക്കി കളിച്ച ഇംഗ്ലണ്ട് ആധിപത്യം ഒരിക്കലും കൈവിട്ടില്ല. ഈ കളിയൊഴുക്ക് മുറിക്കാൻ സ്വീഡൻ ഒന്നും ചെയ്തുമില്ല. ഇഷ്ടാനുസരണം ഇംഗ്ലണ്ട് പന്തുതട്ടി. കൃത്യമായ ഇടവേളയിൽ ഗോളുകളും നേടി. ഏറെ അധ്വാനിക്കാതെ ഇംഗ്ലീഷ്പട മുന്നോട്ട്.
 
ആദ്യ മിനിറ്റുകളിൽ തന്നെ ഇംഗ്ലണ്ട് കളിയുടെ കടിഞ്ഞാൺ കൈയിലെടുത്തു. പ്രതിരോധത്തിനും മുന്നേറ്റത്തിനും ഒരു പരിഭ്രമവുമില്ലായിരുന്നു. മധ്യനിര താളംകണ്ടെത്താൻ അൽപ്പം സമയമെടുത്തു. കൊളംബിയക്കെതിരെ അവസാനനിമിഷം ഗോൾ വഴങ്ങിയതിന്റെ ആഘാതം അകലാത്തതിനാൽ പ്രതിരോധം മറന്നുള്ള ആക്രമണത്തിന് ഇംഗ്ലണ്ട് ഒരുങ്ങിയില്ല. ആയുധശേഖരം കൂടുതലുള്ള എതിരാളിയോട് പ്രതിരോധമായിരുന്നു സ്വീഡന്റെ തന്ത്രം. അതോടെ തുടക്കം തണുപ്പനായി.
സ്വീഡൻ പ്രതിരോധത്തിന്റെ ആഴങ്ങളിലാണ് നിലയുറപ്പിച്ചത്. കളി സമനിലയിലാക്കി ഒരു ഭാഗ്യപരീക്ഷണമാണ് മനസ്സിലെന്ന മട്ടിലായിരുന്നു അവരുടെ കളി. മധ്യനിരയിലെ ലാർസനും ആൽബിൻ എക്ഡലും പ്രതിരോധത്തിൽനിന്ന് വിട്ടുമാറിയില്ല. മുൻനിരയിൽ മാർകസ്ബർഗിനും ഒല ടൊയ്വോനനും പന്തു കിട്ടിയത് അപുർവം. സ്വീഡന്റെ പ്രധാന താരം മാർക്കസ് ഫോഴ്സ്ബർഗിനെ ഹെൻഡേഴ്സനും ട്രിപ്പിയറും കൃത്യമായി പൂട്ടി. അതോടെ അവരുടെ വഴിയടഞ്ഞു. മഗ്വയെറും സ്റ്റോൺസും വാക്കറും നിരന്ന പ്രതിരോധം ഭദ്രമായിരുന്നു. അവർക്കു പിന്നിൽ ആത്മവിശ്വാസത്തിന്റെ ആൾരൂപമായി ജോർദാൻ പിക്ഫോർഡും നിലകൊണ്ടു. മൂന്നു ഗംഭീര രക്ഷപ്പെടുത്തലുകൾ ഈ താരത്തിന്റെ മികവിന് സാക്ഷ്യം.

കളി മുന്നേറിയപ്പോൾ ഒറ്റപ്പെട്ട ആക്രമണങ്ങളുമായി ഇംഗ്ലണ്ട് സ്വീഡിഷ് ഗോൾമുഖത്തെത്തി. ഹാരി കെയ്നും റഹീം സ്റ്റെർലിങ്ങുമായിരുന്നു ഇതിനു വഴിയിട്ടത്. പ്രതിരോധത്തിൽനിന്ന് നീട്ടിയടിച്ച പന്തുകളായിരുന്നു കെയ്നും സ്റ്റെർലിങ്ങിനും ആശ്രയം. സ്റ്റെർലിങ്ങിന്റെ വേഗത്തിൽ സ്വീഡൻ അസ്വസ്ഥരായി. സ്വീഡിഷ് പ്രതിരോധത്തെ നിലതെറ്റിക്കാൻ അതു മതിയായിരുന്നു. ഒരുതവണ ടച്ച് ലൈനിൽവച്ച് പന്തു വാങ്ങിയ സ്റ്റെർലിങ്് ഒപ്പമുണ്ടായിരുന്ന എതിർതാരത്തെ ഒറ്റക്കുതിപ്പിൽ പിന്നിലാക്കി ബോക്സിനു മുന്നിലെത്തി. സ്റ്റെർലിങ് തട്ടിനീട്ടിയ പന്ത് കുതിച്ചെത്തിയ കെയ്ൻ നീട്ടിയടിച്ചെങ്കിലും പുറത്തേക്ക്. ഈ നീക്കം കളിയുടെ രീതി മാറ്റി. സ്വീഡിഷ് പ്രതിരോധത്തിലെ ദൗർബല്യം വെളിവായി. ഇംഗ്ലണ്ട് ഉണർന്നു. സ്വീഡിഷ് മുൻനിരയ്ക്കും  പ്രതിരോധത്തിനും ഇടയിലെ ഒഴിഞ്ഞയിടങ്ങൾ അനായാസം കളിക്കാൻ സഹായമായി. ഡെലെ ആല്ലിയും ലിംഗാർഡും പതുക്കെ ഫോമിലായി. ആക്രമണങ്ങൾക്കു ചൂടുപിടിച്ചു.

ആദ്യപകുതി അരമണിക്കൂർ പിന്നിട്ടയുടൻ ആക്രമണത്തിനു ഫലമുണ്ടായി. സ്റ്റെർലിങ്ങിന്റെ വരവ് കോർണറിനു വഴങ്ങിയത് ഗോളിനു നിമിത്തമായി. ആഷ്ലി യങ്ങിന്റെ അളന്നുതൂക്കിയ പന്ത് വളഞ്ഞിറങ്ങിയത് സ്വീഡിഷ് ബോക്സിന്റെ തുഞ്ചത്തേക്ക്. തിങ്ങിനിറഞ്ഞ പ്രതിരോധക്കാർക്കിടയിലൂടെ വായുവിൽ ഊളിയിട്ടെത്തിയ ഹാരി മഗ്വയെർ ഉയരക്കൂടുതൽ അവസരമാക്കി തലവച്ചു. പന്ത് വലയിൽ(1‐0). ഗോൾ വീണതോടെ ഇംഗ്ലീഷ്പടയ്ക്ക് ആവേശമായി. സ്വീഡന്റെ പ്രതിരോധം അത്ര പോരെന്ന് തിരിച്ചറിഞ്ഞവർ പന്തുമായി കുതിച്ചെത്തിക്കൊണ്ടിരുന്നു. മുനയുള്ള

പ്രത്യാക്രമണങ്ങൾക്കു സ്വീഡൻ മുതിരാത്തത് ധൈര്യം കൂട്ടി. ആദ്യ പകുതിയുടെ അവസാന അഞ്ചു മിനിറ്റ് സ്റ്റെർലിങ്്നിറഞ്ഞാടി.
രണ്ടാം പകുതിയിലും ഒരു മാറ്റവും സ്വീഡനുണ്ടായില്ല. അവർ കളി കൈവിട്ട മട്ടായി. ഈ അലസത മുതലെടുത്തായിരുന്നു ഇംഗ്ലണ്ടിന്റെ രണ്ടാംഗോൾ. ജയമുറപ്പിച്ചിട്ടും ഇംഗ്ലണ്ട് ആക്രമണം അവസാനിപ്പിച്ചില്ല.

അവസാനഘട്ടത്തിൽ ഇംഗ്ലണ്ട് അൽപ്പം അടങ്ങിയപ്പോൾ സ്വീഡൻ ഗോൾ മടക്കാൻ ചില ശ്രമങ്ങൾ നടത്തി. ഇംഗ്ലീഷ് പ്രതിരോധവും ഗോൾകീപ്പറും ഒരു വിട്ടുവീഴ്ചയ്ക്കും നിന്നില്ല.

പ്രധാന വാർത്തകൾ
 Top