12 December Thursday

കോപ പുകയുന്നു; ചുവപ്പു കാർഡിന് പിന്നാലെ മെസിയെ രണ്ടുവർഷത്തേക്ക്‌ വിലക്കാൻ സാധ്യത

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

സാവോപോളോ> ലയണൽ മെസിയുടെ ചുവപ്പുകാർഡിൽ തട്ടി കോപ അമേരിക്ക ഫുട‌്ബോളിൽ വിവാദം പുകയുന്നു. അർജന്റീന-ചിലി ലൂസേഴ‌്സ‌് ഫൈനലാണ‌് വിവാദത്തിൽ മുങ്ങിയത‌്. കളി അർജന്റീന 2–-1ന‌് ജയിച്ചെങ്കിലും മെസിയുടെ ചുവപ്പുകാർഡിൽ അവരുടെ ആഘോഷം മങ്ങി. ടൂർണമെന്റ‌് നടത്തിപ്പിനെതിരെ മെസി ആഞ്ഞടിച്ചു. ടൂർണമെന്റിൽ അഴ‌ിമതിയാണെന്നും കപ്പ‌് ബ്രസീലിനുവേണ്ടി ഉറപ്പിച്ചതാണെന്നും മെസി പറഞ്ഞു.

കളിയെ ബഹുമാനിക്കണമെന്നായിരുന്നു മെസിക്കുള്ള ലാറ്റിനമേരിക്കൻ ഫുട‌്ബോൾ ഫെഡറേഷന്റെ പരോക്ഷ മറുപടി. കളിയുടെ 37-ാം മിനിറ്റിലാണ‌് മെസി ചുവപ്പുകാർഡ‌് കണ്ട‌് പുറത്തായത‌്. ചിലി പ്രതിരോധക്കാരൻ ഗാരി മെദെലിനും ചുവപ്പുകാർഡ‌് കിട്ടി. അർജന്റീന രണ്ട‌് ഗോളിന‌് മുന്നിലായിരുന്നു അപ്പോൾ. സെർജിയോ അഗ്വേറോയും പൗലോ ഡിബാലയും അർജന്റീനയ‌്ക്കായി ഗോളടിച്ചു. രണ്ടാംപകുതിയിൽ ചിലിക്കായി പെനൽറ്റിയിലൂടെ അർട്യൂറോ വിദാൽ ഒരെണ്ണം മടക്കി. മത്സരശേഷം മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ മെസി ഇറങ്ങിയില്ല.

കഴിഞ്ഞ രണ്ട‌് കോപ ഫൈനലിൽ അർജന്റീനയെ ചിലിയാണ‌് വീഴ‌്ത്തിയത‌്. അതിനാൽത്തന്നെ മൂന്നാം സ്ഥാനക്കാരുടെ കളിയിൽ ഇക്കുറി പരുക്കൻ ഫൗളുകളായിരുന്നു ഏറെയും. മികച്ച കളി പുറത്തെടുത്ത അർജന്റീന അരമണിക്കൂറിനുള്ളിൽ രണ്ട‌് ഗോളുകൾ തൊടുത്ത‌് ആധിപത്യം നേടി. ആദ്യ പതിനൊന്നിൽ ആദ്യമായി അവസരം കിട്ടിയ ഡിബാലയാണ‌് മിന്നിയത‌്. എന്നാൽ അരമണിക്കൂറിനുശേഷം കാര്യങ്ങൾ മാറിമറഞ്ഞു.

കളിയുടെ 34–-ാം മിനിറ്റിലാണ‌് വിവാദങ്ങളുടെ തുടക്കം. ഡിബാല നീട്ടിയടിച്ച പന്ത‌് പിടിച്ചെടുക്കാൻ മെസി ചിലി ബോ‌ക‌്സിലേക്ക‌് കുതിച്ചു. മുന്നിൽ മെദെൽ. ഇരുവരും പന്തിനായി പൊരുതി. മെദെൽ പന്ത‌് വിട്ടുകൊടുത്തില്ല. വരകടക്കുന്നതിനിടെ മെസി കൈകൊണ്ട‌് മെദെലിനെ തള്ളി. നിയന്ത്രണംവിട്ട ചിലി പ്രതിരോധക്കാരൻ  മെസിയെ നെഞ്ചുകൊണ്ട‌് കുത്തി. നാല‌് തവണയാണ‌് മെദെൽ അർജന്റീന ക്യാപ‌്റ്റനെ ശക്തമായി തള്ളിയത‌്. മെസി ഇരുകൈയും ഉയർത്തി പ്രതിരോധിച്ചുനിന്നു.

റഫറി ഓടിയെത്തി ഇരുവർക്കും ചുവപ്പുകാർഡ‌് വീശി. എന്നാൽ റീപ്ലേയിൽ മെസി മെദെലിനെ കാര്യമായി ഒന്നും ചെയ‌്തില്ലെന്ന‌് വ്യക്തമായിരുന്നു. വീഡിയോ സഹായ സംവിധാനം (വാർ) വഴി വീണ്ടും റഫറി പരിശോധിച്ചു. തീരുമാനം മാറ്റിയില്ല. ഇരു ടീമുകളും പത്ത‌് പേരുമായി കളി തുടർന്നു. വിദാലിലൂടെ ഒരു ഗോൾ ചിലി മടക്കിയെങ്കിലും അർജന്റീന പിന്നെ പിടിച്ചുനിന്നു. തമ്മിൽ ഉന്തും തള്ളും മാത്രമാണ‌് ഉണ്ടായതെന്നും  ഈ ഫൗള‌ിന‌് മഞ്ഞക്കാർഡ‌് പോലും പ്രതീക്ഷിച്ചിരുന്നില്ലന്നായിരുന്നു മത്സരശേഷം മെദെലിന്റെ പ്രതികരണം

അതേസമയം കോപാ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ കടുത്ത ഭാഷയിൽ വിമർശിച്ച മെസ്സിക്കെതിരേ കടുത്ത ശിക്ഷാ നടപടി കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോർട്ട്. മെസ്സിക്ക് കോൺമബോൾ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് പ്രശസ്ത സ്പോർട്സ് വെബ്സൈറ്റായ എ എസ് റിപ്പോർട്ട് ചെയ്യുന്നത്.


പ്രധാന വാർത്തകൾ
 Top