23 July Tuesday

കോപയിൽ അർജന്റീന കൊളംബിയയോട്‌ കീഴടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

സാൽവദോർ > ലോകമെമ്പാടുമുള്ള ആരാധകരെ നിരാശയിലാഴ‌്ത്തി അർജന്റീനയ‌്ക്ക‌് തോൽവിയോടെ തുടക്കം. കോപ അമേരിക്ക ഫുട‌്ബോളിൽ തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ട‌് അരങ്ങേറിയ ലയണൽ മെസിക്കും കൂട്ടർക്കും അടിതെറ്റി. 12 വർഷത്തെ ഇടവേളയ‌്ക്കുശേഷം കൊളംബിയ വിജയക്കൊടി നാട്ടി. എതിരില്ലാത്ത രണ്ട‌് ഗോളിനായിരുന്നു ജയം. പകരക്കാരായ റോജർ മാർട്ടിനസും ഡുവാൻ സപാട്ടയുമാണ‌് ഗോൾ നേടിയത‌്. മത്സരത്തിൽ പന്തടക്കത്തിലും പോസ‌്റ്റിലേക്ക‌് ഷോട്ടുകൾ ഉതിർക്കുന്നതിലും അർജന്റീനയായിരുന്നു മുന്നിൽ. എന്നാൽ, ലക്ഷ്യബോധമില്ലാത്ത കളിയും കൊളംബിയൻ പ്രതിരോധവും ടീമിനെ ഗോളിൽ നിന്നകറ്റി.

ലയണൽ മെസിയും സംഘവും നിഷ‌്പ്രഭമാവുന്ന കാഴ‌്ചയാണ‌് സാൽവദോറിൽ കണ്ടത‌്. ഗോൾ നേടാനുള്ള മികച്ച അവസരം മെസി പാഴാക്കി‌. ഒട്ടമെൻഡി പോസ‌്റ്റിലേക്ക‌് തൊടുത്ത പന്ത‌് ഗോളി ഒസ‌്പിന തട്ടിയകറ്റിയത‌് മെസി ഹെഡ‌് ചെയ‌്തെങ്കിലും പുറത്തേക്ക‌് പോയി. കളിയുടെ ഒഴുക്കിനെതിരായിരുന്നു കൊളംബിയയുടെ രണ്ട‌് ഗോളും. അവസാന 20 മിനിറ്റിലാണ‌് അവർ ലക്ഷ്യം കണ്ടത‌്.

71–-ാം മിനിറ്റിൽ ഹാമെഷ‌് റോഡ്രിഗ‌സിന്റെ പാസിൽ ഇടതുവശത്തുനിന്ന‌് അർജന്റീൻ പ്രതിരോധത്തെ വകഞ്ഞുമാറ്റിയാണ‌് പകരക്കാരനായെത്തിയ റോജർ മാർട്ടിനസ‌് ഗോൾ നേടിയത‌്. ഗോൾ വഴങ്ങിയതോടെ അർജന്റീൻനിര പ്രതിരോധത്തിലായി. പ്രത്യാക്രമണങ്ങൾക്കൊന്നും മുനയുണ്ടായില്ല.

ഇറ്റാലിയൻ ലീഗിൽ അറ്റ‌്‌ലാന്റയ‌്ക്കായി 23 ഗോൾ നേടിയ ഡുവാൻ സപാറ്റയാണ‌് കൊളംബിയയുടെ ലീഡ‌് കൂട്ടിയത‌്. മത്സരം അവസാനിക്കാൻ അഞ്ചു മിനിറ്റ‌് ബാക്കിനിൽക്കെയായിരുന്നു സപാറ്റ ക്ലോസ‌് റേഞ്ചിൽനിന്ന‌് ഗോൾ നേടിയത‌്.

പരാജയം അർജന്റീനയുടെ ക്വാർട്ടർ  പ്രതീക്ഷയിൽ വിള്ളലാകുന്നില്ല. ഗ്രൂപ്പിൽ മൂന്നാം സ്ഥാനം നേടിയാലും കടക്കാനാകും. ഇനി പരാഗ്വേയ‌്ക്കും ഖത്തറിനുമെതിരെയാണ‌് കളികൾ. ‌ എന്നാൽ, ഈ പ്രകടനംകൊണ്ട‌് അർജന്റീനയ‌്ക്ക‌് അധികദൂരം മുന്നോട്ട‌ുപോകാനാവില്ല.

ഞായറാഴ‌്ച പുലർച്ചെ ആറിന‌് പരാഗ്വേയ‌്ക്കെതിരെയാണ‌് അർജന്റ‌ീനയുടെ അടുത്ത മത്സരം. കൊളംബിയ വ്യാഴാഴ‌്ച പുലർച്ചെ മൂന്നിന‌് ഖത്തറിനെ നേരിടും.
വെനസ്വേല–-പെറു മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. പെറുവിന്റെ ഗോളുകൾ വീഡിയോ അസിസ‌്റ്റഡ‌് റഫറി (വിഎആർ) തള്ളി. വെനസ്വേലൻ താരം ലൂയിസ‌് മാഗോ രണ്ട‌ു മഞ്ഞക്കാർഡ‌് കണ്ട‌് പുറത്തായി.

ഗ്രൂപ്പ‌് സി മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചിലി ടൂർണമെന്റിലെ അതിഥികളായ ജപ്പാനെ നേരിടും. ചൊവ്വാഴ‌്ച പുലർച്ചെ 4.30ന‌ാണ‌് മത്സരം. യുവനിരയാണ‌് ജപ്പാന്റെ കരുത്ത‌്. അടുത്ത ഒളിമ്പിക‌്സിനുള്ള പരീക്ഷണശാലയായാണ‌് ജപ്പാൻ കോപയെ കാണുന്നത‌്. അലക‌്സിസ‌് സാഞ്ചസ‌്, അർട്യൂറോ വിദാൽ, ഗൊൺസാലോ ജാറ എന്നീ വൻതാരനിരയുള്ള ചിലി  ഭയക്കേണ്ട ടീമാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top