25 July Thursday

ചെന്നൈ സൂപ്പർ കിങ്‌സ്‌ ഐപിഎൽ ക്രിക്കറ്റ്‌ ഫൈനലിൽ.

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

ചെന്നൈ
ചെന്നൈ സൂപ്പർ കിങ്‌സ്‌ ഐപിഎൽ ക്രിക്കറ്റ്‌ ഫൈനലിൽ. നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത്‌ ടൈറ്റൻസിനെ ഒന്നാം ക്വാളിഫയറിൽ 15 റണ്ണിന്‌ വീഴ്‌ത്തി. 14 സീസണുകൾ കളിച്ച മഹേന്ദ്രസിങ്‌ ധോണിയുടെയും കൂട്ടരുടെയും പത്താം ഫൈനലാണിത്‌. നാലുവട്ടം കിരീടമുയർത്തി. തോറ്റെങ്കിലും ഗുജറാത്തിന്‌ ഇനിയും അവസരമുണ്ട്‌. ഇന്ന്‌ അരങ്ങേറുന്ന മുംബൈ ഇന്ത്യൻസ്‌–-ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്‌ എലിമിനേറ്റർ വിജയികളുമായി രണ്ടാം ക്വാളിഫയർ കളിക്കാം. വെള്ളിയാഴ്‌ചയാണ്‌ ഈ മത്സരം. ഇതിൽ ജയിക്കുന്നവരുമായാണ്‌ ചെന്നൈയുടെ ഫൈനൽ. മെയ്‌ 28ന്‌.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ബാറ്റർമാർ സ്വന്തം തട്ടകത്തിൽ സൂപ്പർ കിങ്സായില്ല. ഗുജറാത്ത്‌ ബൗളർമാർ ‘ടൈറ്റാക്കി’യപ്പോൾ സ്‌കോർ 20 ഓവറിൽ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 172 റണ്ണിൽ ഒതുങ്ങി. 44 പന്തിൽ 60 റണ്ണെടുത്ത ഓപ്പണർ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദാണ്‌ ഉയർന്ന സ്‌കോറുകാരൻ. എന്നാൽ, മറുപടിയിൽ ചെന്നൈ ബൗളർമാരും പിടിമുറുക്കി. ഗുജറാത്തിന്റെ പോരാട്ടം 157ൽ അവസാനിച്ചു. സ്‌കോർ: ചെന്നൈ 7–-172 ഗുജറാത്ത്‌ 157.

ചെന്നൈക്കായി ഋതുരാജും ഡെവൻ കോൺവേയും അച്ചടക്കമുള്ള തുടക്കമാണ്‌ നൽകിയത്‌. 10 ഓവറിൽ 85 റൺ. പതിനൊന്നാം ഓവറിൽ ആദ്യ വിക്കറ്റ്‌ വീണു. ഏഴ്‌ ഫോറും ഒരു സിക്‌സറും പറത്തിയ ഋതുരാജിനെ മോഹിത്‌ ശർമയുടെ പന്തിൽ ഡേവിഡ്‌ മില്ലർ പിടികൂടി. തൊട്ടടുത്ത ഓവറിൽ അടിക്കാരൻ ശിവം ദുബെയും (1) മടങ്ങി. അഫ്‌ഗാൻ സ്‌പിന്നർ നൂർ മുഹമ്മദിന്റെ പന്തിൽ ബൗൾഡായി. ഈ സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ മഹാരാഷ്‌ട്ര പേസർ ദർശൻ നൽകണ്ടെ ഒരു വിക്കറ്റെടുത്തു. ദർശന്റെ പന്തിൽ അജിൻക്യ രഹാനയെ (17) ശുഭ്‌മാൻ ഗിൽ പിടിച്ചു. അടുത്ത ഊഴം കോൺവെയുടേതായിരുന്നു. തപ്പിക്കളിച്ച ഓപ്പണർ (34 പന്തിൽ 40) മുഹമ്മദ്‌ ഷമിയുടെ പന്തിൽ റഷീദ്‌ഖാന്റെ കൈയിലൊതുങ്ങി.

അമ്പാട്ടി റായ്‌ഡുവിനും (17) സ്‌കോർ ഉയർത്താനായില്ല. റഷീദ്‌ഖാനാണ്‌ വിക്കറ്റ്‌. സ്‌റ്റേഡിയത്തിൽ നിറഞ്ഞ ആരാധകരെ നിരാശരാക്കി ക്യാപ്‌റ്റൻ എം എസ്‌ ധോണി പുറത്തായി. രണ്ട്‌ പന്തിൽ ഒറ്റ റണ്ണെടുത്ത ധോണി മോഹിത്‌ ശർമയുടെ പന്തിൽ ഹാർദിക്‌ പാണ്ഡ്യക്ക്‌ ക്യാച്ച്‌ നൽകി. അവസാന ഓവറിൽ മൊയീൻ അലിയും രവീന്ദ്ര ജഡേജയും ചേർന്ന്‌ നടത്തിയ രക്ഷാപ്രവർത്തനം പൊരുതാനുള്ള സ്‌കോർ സമ്മാനിച്ചു. 16 പന്തിൽ 22 റണ്ണെടുത്ത ജഡേജയെ മുഹമ്മദ്‌ ഷമി അവസാന പന്തിൽ ബൗൾഡാക്കി. നാല്‌ പന്തിൽ ഒമ്പത്‌ റണ്ണുമായി മൊയീൻ അലി പുറത്തായില്ല. ചെന്നൈ ആകെ നേടിയത്‌ നാല്‌ സിക്‌സറും 14 ഫോറും. ഏഴ്‌ വിക്കറ്റ്‌ വീണത്‌ 87 റണ്ണിനാണ്‌.
മുഹമ്മദ്‌ ഷമി നാല്‌ ഓവറിൽ 28 റൺ വഴങ്ങി രണ്ട്‌ വിക്കറ്റെടുത്തു. മോഹിത്‌ ശർമ രണ്ട്‌ വിക്കറ്റിന്‌ വിട്ടുനൽകിയത്‌ 31 റൺ.

മറുപടിയിൽ ഗുജറാത്ത്‌ വിയർത്തു. അവസാന രണ്ട്‌ കളിയിലും സെഞ്ചുറി നേടിയ സൂപ്പർതാരം ശുഭ്‌മാൻ ഗിൽ പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. 38 പന്തിൽ 42 റണ്ണടിച്ച ഓപ്പണറെ ദീപക്‌ ചഹാർ മടക്കി. വൃദ്ധിമാൻ സാഹയും (12) ദീപക്കിനുമുന്നിൽ തലകുനിച്ചു. ക്യാപ്‌റ്റൻ ഹാർദിക്‌ പാണ്ഡ്യ (8), ദാസുൺ ഷനക (17), ഡേവിഡ്‌ മില്ലർ (4), രാഹുൽ ടെവാട്ടിയ (3) എന്നിവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. റഷീദ്‌ ഖാനും (16 പന്തിൽ 30) വിജയ്‌ ശങ്കറും (14) പ്രതീക്ഷ നൽകിയെങ്കിലും ചെന്നൈ ബൗളർമാർ വിട്ടുകൊടുത്തില്ല. ചഹാറിനുപുറമെ ജഡേജയ്‌ക്കും മഹേഷ്‌ തീക്ഷണയ്‌ക്കും മതീഷ പതിരാനയ്‌ക്കും രണ്ടുവീതം വിക്കറ്റുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top