25 April Thursday

പഠിച്ചു ടിറ്റെ, പഠിച്ചു ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


റിയോ ഡി ജനിറോ
ബ്രസീൽ എങ്ങനെ മാറി?. ഈ ലോകകപ്പ് തുടങ്ങുംമുമ്പെ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്?. 2014ലെ സെമിയിൽ 7‐1ന്റെ തോൽവി. 2018 ലോകകപ്പിന്റെ യോഗ്യതാമത്സരത്തിൽ മൂന്നിലൊന്ന് കഴിഞ്ഞപ്പോൾ ലാറ്റിനമേരിക്കയിൽ ആറാമത്. റഷ്യ കാണില്ല ബ്രസീൽ എന്ന നിലയിലായി. പക്ഷെ ഇപ്പോൾ പ്രതീക്ഷിത ചാമ്പ്യൻമാരാണ് അവർ. എങ്ങനെയാണ് അത്ഭുതകരമായ ഈ പരിണാമം?.

ഒറ്റ ഉത്തരം. ടിറ്റെ. ബ്രസീലിന്റെ പരിശീലകൻ.

ദുംഗയിൽനിന്നാണ് കടിഞ്ഞാൺ ടിറ്റെയിലെത്തിയത്. സെമിയിൽ ബ്രസീലിന്റെ ദുരന്തം ലൂയിസ്‌ ഫിലിപ്പ്‌ സ്‌കൊളാരിയുടെ കൈകളിലൂടെയായിരുന്നു. തുടർന്നാണ്‌ ദുംഗയെത്തിയത്‌. ദുംഗയുടെ ടീം തോറ്റുകൊണ്ടേയിരുന്നു. കോപ അമേരിക്കയിൽ ഇക്വഡോറിനോട് സമനില. പെറുവിനോട് തോറ്റു. ഗ്രൂപ്പ്ഘട്ടത്തിൽതന്നെ ബ്രസീൽ പുറത്ത്. ദുംഗയും പുറത്തേക്ക്.

ബ്രസീൽ ടിറ്റെയെ വിളിച്ചു. ബ്രസീലിലെ കൊരിന്ത്യൻസിന്റെ പരിശീലകനാണ് ടിറ്റെ. ടിറ്റെ വന്നു. പിന്നെ ചരിത്രം. ടിറ്റെ രണ്ട് മാറ്റംവരുത്തി. ചൈനയിൽ കളിച്ച പൗളീന്യോയെ ടീമിലെടുത്തു. കൗമാരക്കാരനായ ഗബ്രിയേൽ ജെസ്യൂസിനെ സെന്റർ ഫോർവേഡാക്കി. ബാക്കിയൊക്കെ ദുംഗയുടെ ടീംതന്നെ.

ടിറ്റെയുടെ ടീമിന് 10 ജയം. രണ്ട് സമനില. തോൽവി ഇല്ല. 30 ഗോൾ. വഴങ്ങിയത് മൂന്ന്. യൂറോപ്പിലും ബ്രസീൽ വഴങ്ങിയില്ല. അവിടെ സൗഹൃദമത്സരങ്ങളിലും  ജയം ആവർത്തിച്ചു. ലാറ്റിനമേരിക്കയിൽനിന്ന് റഷ്യയിലേക്കെത്തിയ ആദ്യ ടീം.

ഒറ്റമനുഷ്യൻ എങ്ങനെ മാറ്റി ബ്രസീലിനെ?. എന്തായിരുന്നു മാന്ത്രികവടി?.
ഇതിനുള്ള ഉത്തരം ടിറ്റെയുടെ വാചകംതന്നെ.

'എങ്ങനെ പഠിക്കണം എന്ന് പഠിക്കുകയാണ് ഞാൻ?'. ഇത് ഇപ്പോൾ ബ്രസീലിലെ പ്രിയപ്പെട്ട വാചകമാണ്. ബ്രസീൽ എന്ന കെട്ടുകഥയ്ക്കകത്ത് ടിറ്റെ ജീവിച്ചില്ല.

ഫുട്ബോളിലാണ് ബ്രസീലിന്റെ ജന്മം എന്ന് ടിറ്റെ വിശ്വസിച്ചില്ല. ബ്രസീലിയൻ ഫുട്ബോൾ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചില്ല. ഒരു പ്രക്രിയയിലൂടെയാണ് അത് രൂപപ്പെട്ടത്. 1958 മുതൽ 1970 വരെ അവർ നേടിയ ജയമാണ് അവരെ പ്രശസ്തരാക്കിയത്. 1958ൽ ഏറ്റവും ശക്തമായ പരിശീലനസംവിധാനം അവർക്കുണ്ടായി. ഒരു നിര ഡോക്ടർമാർ, ദന്ത ഡോക്ടർ, കായികപരിശീലനത്തിനുള്ളവർ... എന്നുമാത്രമല്ല, മനഃശാസ്ത്രജ്ഞൻവരെ ടീമിലുണ്ടായി. ഉറുഗ്വേക്കാരും അർജന്റീനക്കാരും ഹംഗറിക്കാരുമായ പരിശീലകരുടെ രീതികൾ സംയോജിപ്പിച്ചു, പുതിയ ശൈലി കൊണ്ടുവന്നു. പിന്നിൽ നാലുപേരെ ആദ്യം നിർത്തിയത് ബ്രസീലാണ്. 1958ൽ അവർ കപ്പ് നേടുമ്പോൾ സെമിവരെ ഒറ്റ ഗോൾപോലും വഴങ്ങിയില്ല. അവിടെനിന്നില്ല ബ്രസീൽ. 1970ൽ അവർ 4‐2‐3‐1 എന്ന ശൈലി വിന്യസിച്ചു.

ഈ വിശ്വനേട്ടങ്ങൾ ബ്രസീൽ എന്ന കെട്ടുകഥയെ ഉണ്ടാക്കി. പ്രശസ്തിയുടെ ഭാരം അനുഭവിച്ചു. ബ്രസീലിയൻ ഫുട്ബോൾ പുതിയ ആശയങ്ങൾ കൊണ്ടുവരാതെ കെട്ടുകഥയിൽ പരിലസിച്ചു. അതോടെ തോൽവികൾ താങ്ങാനാവാത്തതായി.

ഇവിടെയാണ് ടിറ്റെയുടെ 'എങ്ങനെ പഠിക്കണം എന്ന് പഠിക്കുകയാണ് ഞാൻ' എന്ന വാചകം പ്രസക്തമാകുന്നത്. ബ്രസീലിൽ ഇന്റർനാഷണൽ ക്ലബ്ബിൽ പരിശീലിപ്പിക്കുമ്പോൾ 3‐5‐2 എന്ന രീതിയായിരുന്നു ടിറ്റെക്ക് ഇഷ്ടം. അവിടെ അർജന്റീന കളിക്കാരൻ ആന്ദ്രെ ജി അലെസാൻഡ്രൊ 4‐4‐2 എന്ന രീതിയെക്കുറിച്ച് പറഞ്ഞു. ടിറ്റെക്ക് ഉത്സാഹമായി. ടിറ്റെ യൂറോപ്പിലെ കളികൾ കാണാനെത്തി. യൂറോപ്യൻ ടീമുകളുടെ കെട്ടുറപ്പ് ടിറ്റെ പഠിച്ചു. കൊരിന്ത്യൻസിൽ ടിറ്റെ അത് നടപ്പാക്കി. കൊരിന്ത്യൻസ് 2011‐12ൽ ബ്രസീലിയൻ‐ലാറ്റിനമേരിക്കൻ ചാമ്പ്യൻമാരായി. ക്ലബ് വേൾഡ് ക്ലബ്ബിൽ ചെൽസിയെ തോൽപ്പിച്ചു.

അന്ന് കൊരിന്ത്യൻസിന് അധികവും ഒറ്റഗോൾ ജയമായിരുന്നു. പ്രതിരോധത്തിലായിരുന്നു ഊന്നൽ. ടിറ്റെ വീണ്ടും യൂറോപ്യൻ കളിക്കളങ്ങളിലെത്തി. കളിക്കളത്തിന്റെ ചില മേഖലകളിൽ എങ്ങനെയാണ് കളിക്കാരെ വിന്യസിച്ച് മേൽക്കൈ നേടുന്നതെന്ന് നിരീക്ഷിച്ചു. ഒറ്റ പാസ്കൊണ്ട് ആക്രമണം രൂപപ്പെടുത്തുന്നതും പഠിച്ചു. അതാണ് ടിറ്റെ ബ്രസീൽ ടീമിൽ കൊണ്ടുവന്നത്. അർജന്റീനയെ 3‐0ത്തിന് തോൽപ്പിച്ചത് ഈ രീതിയിലാണ്. അർജന്റീനയുടെ മുൻ പരിശീലകൻ സീസർ മെനോട്ടി ടിറ്റെയെ പ്രശംസിച്ചു. ബ്രസീൽ പ്രതിരോധത്തിന് 20 മീറ്റർ ഉയരംകൂടിയ പോലെ‐ മെനോട്ടി പറഞ്ഞു.

ബ്രസീലിനെ ഒരു  ഉറച്ച ടീമാക്കി ടിറ്റെ. നെയ്മറില്ലാതെയും ജയിക്കാനാകും എന്നും തെളിയിച്ചു. റഷ്യയോടും ജർമനിയോടും ബ്രസീൽ സൗഹൃദമത്സരം ജയിച്ചത് നെയ്മറില്ലാതെയാണ്. ഭദ്രമായ ടീമിൽ നെയ്മറിന്റെ പ്രതിഭകൂടി ചേരുമ്പോൾ ബ്രസീൽ റഷ്യയിലെ പ്രിയപ്പെട്ട ടീമാകും. എളുപ്പം ദേഷ്യം വരുന്ന നെയ്മറിനെ ശാന്തമാക്കലാണ് ടിറ്റെയുടെ ദൗത്യം. 14 യോഗ്യതാമത്സരത്തിൽ നെയ്മർ ആറ് മഞ്ഞക്കാർഡ് വാങ്ങി. ലോകകപ്പിൽ ഇതു തുടർന്നാൽ നോക്കൗട്ടിൽ ഒരു കളി നെയ്മർ പുറത്തിരിക്കേണ്ടിവരും. ടിറ്റെക്ക് ഫൈനൽവരെ നെയ്മർ വേണം.

ടിറ്റെയാണ് ഇപ്പോൾ ബ്രസീലിൽ നിറഞ്ഞുനിൽക്കുന്നത്. പരസ്യത്തിൽ നിറയുന്നതും ടിറ്റെതന്നെ. ടിറ്റെ അവർക്ക് ആറാം ലോകകപ്പ് സമ്മാനിക്കുമെന്ന് ബ്രസീൽ പ്രതീക്ഷിക്കുന്നു.

പ്രധാന വാർത്തകൾ
 Top