ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാല് ഗോളിന് തകർത്ത് ബ്രസീൽ ലോകകപ്പ് ക്വാർട്ടറിലേക്ക് മുന്നേറി. ഏഴാം മിനിറ്റിൽ വിനീഷ്യസാണ് ഗോളടിക്ക് തുടക്കമിട്ടത്. നെയ്മർ, റിച്ചാർലിസൺ, ലൂകാസ് പക്വേറ്റ എന്നിവർ പട്ടിക തികച്ചു. ആദ്യ പകുതിയിലായിരുന്നു നാലുഗോളും. 76ാം മിനിറ്റിൽ പയ്ക് സിയുങ് ഹോയാണ് കൊറിയയുടെ ആശ്വാസ ഗോൾ നേടിയത്.
മറ്റൊരു മത്സരത്തിൽ ലോകകപ്പിൽ ഏഷ്യയുടെ വെളിച്ചമായി നിറഞ്ഞ ജപ്പാനെ നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യ ഷൂട്ടൗട്ടിൽ കീഴടക്കി ക്വാർട്ടറിൽ കടന്നു. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോൾ നേടി. അധികസമയത്ത് ആരും ഗോളടിച്ചില്ല.
തുടർന്ന് ഷൗൂട്ടൗട്ടിൽ 3–-1നാണ് ക്രൊയേഷ്യൻ ജയം. ജപ്പാന്റെ മൂന്ന് കിക്കുകൾ രക്ഷപ്പെടുത്തിയ ഗോളി ഡൊമിനിക് ലിവാകോവിച്ചാണ് കളിയിലെതാരം.
ഇടവേളയ്ക്ക് തൊട്ടുമുമ്പ് ജപ്പാനാണ് ആദ്യം ഗോളടിച്ചത്. കോർണർകിക്ക് മൂന്നുപേർ കൈമാറി ബോക്സിൽ. മയ യോഷിത തട്ടിക്കൊടുത്തത് ദയ്സെൻ മയെദ ലക്ഷ്യത്തിലെത്തിച്ചു. രണ്ടാംപകുതിയുടെ തുടക്കത്തിൽ ക്രൊയേഷ്യ സമനില നേടി. ദെയാൻ ലോവ്റന്റെ ക്രോസിൽ ഇവാൻ പെരിസിച്ചിന്റെ ഹെഡർ.
ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ മനംകവർന്നാണ് ജപ്പാന്റെ മടക്കയാത്ര. ക്വാർട്ടറിൽ ക്രൊയേഷ്യയാണ് ബ്രസീലിന്റെ എതിരാളികൾ. വെള്ളിയാഴ്ചയാണ് മത്സരം. .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..