04 August Tuesday

ചാരച്ചെപ്പിൽ കനലെരിയും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

എഡ്‌ജ്‌ബാസ്‌റ്റൺ> ലോകകപ്പ്‌ കഴിഞ്ഞു, ഏകദിന ക്രിക്കറ്റിന്റെ ഉത്സവവും അവസാനിച്ചു. ഇനി ആഷസ്‌ നാളുകൾ.ചാരംനിറച്ച ചെറുചെപ്പിനായുള്ള പോരാട്ടം.ഇന്ന്‌ എഡ്‌ജ്‌ബാസ്‌റ്റണിൽ അതിന്റെ 71–-ാം പതിപ്പിന്‌ തുടക്കം. ടെസ്‌റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ഉശിരൻ പോരാട്ടത്തിന്‌ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒരുങ്ങി.  47 നാൾ നീണ്ടുനിൽക്കുന്ന ആഷസിൽ അഞ്ച്‌ ടെസ്‌റ്റുകളാണ്‌.

ഓസ്‌ട്രേലിയയാണ്‌ നിലവിൽ ജേതാക്കൾ. തിരിച്ചുപിടിക്കാനുള്ള വാശിയിലാണ്‌ ഇംഗ്ലണ്ട്‌. ഏകദിന കിരീടത്തിനു പിന്നാലെ ആഷസും നേടിയാൽ ഇംഗ്ലണ്ടിന്‌ അത്‌ ഇരട്ടിമധുരമാകും. ക്രിക്കറ്റ്‌ ചരിത്രത്തിലെ പ്രഥമ ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ തുടക്കം കൂടിയാണിന്ന്‌.
ഔദ്യോഗിക കിരീടമല്ലെങ്കിലും ചാരംനിറച്ച ചെപ്പുയർത്തുന്നതാണ്‌ ഇരു ടീമുകളുടെയും സ്വപ്‌നം. ആഷസാണ്‌ ഇവർക്ക്‌ ലോകകപ്പിലും വലുത്‌. ജോ റൂട്ടാണ്‌ ഇംഗ്ലണ്ട്‌ നായകൻ. ഓസീസിനെ ടിം പെയ്‌നും നയിക്കുന്നു.

പന്ത്‌ ചുരുണ്ടൽ വിവാദത്തിൽ വിലക്കു കഴിഞ്ഞ്‌ എത്തുന്ന സ്‌റ്റീവ്‌ സ്‌മിത്തും ഡേവിഡ്‌ വാർണറും കാമറൂൺ ബാൻക്രോഫ്‌റ്റും ഓസീസ്‌ നിരയിലുണ്ട്‌. ലോകകപ്പിൽ സ്‌മിത്തിനെ ഓരോ മത്സരത്തിലും ഇംഗ്ലീഷ്‌ കാണികൾ കൂവിയിരുന്നു. കൂവുന്നവരെ തടയാൻ കഴിയില്ലെന്ന‌ായിരുന്നു അന്ന്‌ ഇംഗ്ലീഷ്‌ കളിക്കാരുടെ പ്രതികരണം. എഡ്‌ജ്‌ബാസ്‌റ്റണിൽ ബാറ്റുകൊണ്ട്‌ മറുപടി നൽകാനായിരിക്കും സ്‌മിത്തിന്റെ ശ്രമം. കഴിഞ്ഞ പതിപ്പിൽ 687 റണ്ണാണ്‌ സ്‌മിത്ത്‌ അടിച്ചുകൂട്ടിയത്‌. അന്ന്‌ ക്യാപ്‌റ്റനായിരുന്നു സ്‌മിത്ത്‌. ഇന്ന്‌ ആ സ്ഥാനമില്ല.
വാർണറും ഉസ്‌മാൻ ഖവാജയും ഓസീസ്‌ ബാറ്റിങ്‌ നിരയ്‌ക്ക്‌ കരുത്തുനൽകും. പക്ഷേ, മധ്യനിര അത്ര മികച്ചതല്ല ഓസീസിന്‌.
ജയിംസ്‌ ആൻഡേഴ്‌സണും സ്‌റ്റുവർട്ട്‌ ബ്രോഡും ക്രിസ്‌ വോക്‌സും  ഉൾപ്പെട്ട ഇംഗ്ലീഷ്‌ പേസ്‌നിര ഓസീസ്‌ ബാറ്റിങ് നിരയുടെ വേരറുക്കാൻ ശേഷിയുള്ളതാണ്‌. സ്വിങ്ങുള്ള പിച്ചിൽ സ്‌മിത്ത്‌ ഒഴികെയുള്ള ഓസീസ്‌ ബാറ്റ്‌സ്‌മാൻമാർക്ക്‌ പിടിച്ചുനിൽക്കാൻ പാടായിരിക്കും. പരിക്കുമാറി എത്തുന്ന ആൻഡേഴ്‌സൺ ഭീഷണിയാണ്‌.

ക്യാപ്‌റ്റൻ റൂട്ടാണ്‌ ഇംഗ്ലീഷ്‌ ബാറ്റിങ്‌ നിരയുടെ നട്ടെല്ല്‌. ജോണി ബെയർസ്‌റ്റോ, ജോസ്‌ ബട്‌ലർ എന്നിവർക്കൊപ്പം ജാസൺ റോയിയും ചേർന്നാൽ കരുത്തുകൂടും. റോയിയുടെ അരങ്ങേറ്റമാണ്‌. ഓൾ റൗണ്ടർ ബെൻ സ്‌റ്റോക്‌സിന്റെ സാന്നിധ്യവും നിർണായകമാകും.
ആഷസിനുമുമ്പ്‌ അയർലൻഡിനോട്‌ കളിച്ചപ്പോൾ ബാറ്റിങ്‌ നിര പതറിയതാണ്‌.

ഓസീസിന്റെ മറുപടി മികവുള്ള പേസർമാരെക്കൊണ്ടാണ്‌. പാറ്റ്‌ കമ്മിൻസും ജയിംസ്‌ പാറ്റിൻസണുമാണ്‌ ഓസീസിന്റെ കുന്തമുനകൾ. ഇവർക്കൊപ്പം പീറ്റർ സിഡിലോ ജോഷ്‌ ഹാസെൽവുഡോ ചേരും. സ്‌പിന്നർ നതാൻ ല്യോണും മികവുകാട്ടിയാൽ ഇംഗ്ലീഷുകാർ വിഷമിക്കും.
എഡ്‌ജ്‌ബാസ്‌റ്റണിൽ മഴ ഭീഷണിയുണ്ട്‌. അവസാന ദിനങ്ങളിൽ മഴയുണ്ടാകുമെന്നാണ്‌ സൂചന.

ഇംഗ്ലണ്ട്‌–- ജാസൺ റോയ്‌, റോറി ബേൺസ്‌, ജോ റൂട്ട്‌, ജോ ഡെൽനി, ജോസ്‌ ബട്‌ലർ, ബെൻ സ്റ്റോക്‌സ്‌, ജോണി ബെയർസ്‌റ്റോ,
മൊയീൻ അലി, ക്രിസ്‌ വോക്‌സ്‌, സ്‌റ്റുവർട്ട്‌ ബ്രോഡ്‌.ഓസീസ്‌–- ഡേവിഡ്‌ വാർണർ, കാമറൂൺ ബാൻക്രോഫ്‌റ്റ്‌, ഉസ്‌മാൻ ഖവാജ, സ്‌റ്റീവ്‌ സ്‌മിത്ത്‌, ട്രാവിസ്‌ ഹെഡ്‌, മാത്യു വെയ്‌ഡ്‌, ടിം പെയ്‌ൻ, പാറ്റ്‌ കമ്മിൻസ്‌, ജയിംസ്‌ പാറ്റിൻസൺ, നതാൻ ല്യോൺ, പീറ്റർ സിഡിൽ/ജോഷ്‌ ഹാസെൽവുഡ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top