18 August Sunday

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റ്: പി യു ചിത്രയ്ക്ക് സ്വര്‍ണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 24, 2019

ദോഹ> ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ പി യു ചിത്രയുടെ മിന്നുന്ന പ്രകടനം. വനിതകളുടെ 1500 മീറ്ററില്‍ ചിത്ര കിരീടം നിലനിര്‍ത്തി. ദോഹയില്‍ നാല് മിനിറ്റ് 14.56 സെക്കന്‍ഡിലാണ് മലയാളിതാരം ദൂരം പൂര്‍ത്തിയാക്കിയത്. തുടര്‍ച്ചയായി രണ്ട് ഏഷ്യന്‍ മീറ്റുകളില്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് ചിത്ര. ലോക ചാമ്പ്യന്‍ഷിപ്പിനും ചിത്ര യോഗ്യത നേടി.

പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ്കുമാര്‍ സരോജ് വെള്ളി നേടി. കഴിഞ്ഞ തവണ സ്വര്‍ണമായിരുന്നു അജയ്കുമാറിന്. മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ആകെ മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും ഏഴ് വെങ്കലവുമുള്‍പ്പെടെ 15 മെഡലുകളാണ് ഇന്ത്യക്ക്. ചൈനയാണ് ചാമ്പ്യന്‍മാര്‍. 10 സ്വര്‍ണമുള്‍പ്പെടെ 27 മെഡലുകളാണ് ചൈനയ്ക്ക്. എട്ട് സ്വര്‍ണമുള്‍പ്പെടെ 18 മെഡലുകളുമായി ബഹ്‌റൈന്‍ രണ്ടാമതെത്തി.

അവസാന ദിനം ഒരു വെങ്കലംകൂടി ഇന്ത്യക്ക് കിട്ടി. വനിതകളുടെ 200 മീറ്ററില്‍ ദ്യുതി ചന്ദാണ് വെങ്കലം നേടിയത്. വനിതകളുടെ 1000 മീറ്ററില്‍ സഞ്ജീവിനി ജാദവും മൂന്നാംസ്ഥാനം സ്വന്തമാക്കി.ബഹ്‌റൈന്‍ താരങ്ങളുടെ കടുത്ത വെല്ലുവിളി മറികടന്നായിരുന്നു ചിത്രയുടെ കുതിപ്പ്. അവസാന ലാപ്പില്‍ 200 മീറ്റര്‍ ബാക്കിയിരിക്കെ ചിത്ര ഒന്നാന്തരമായി കുതിച്ചു.

 അവസാന 50 മീറ്ററില്‍ ബഹ്‌റൈന്റെ ഗാഷാ ടൈജസ്റ്റിനെയും വിന്‍ഫ്രഡ് യാലിയെയും ചിത്ര മറികടന്നു. ഗാഷയ്ക്കാണ് വെള്ളി. വിന്‍ഫ്രഡ് മൂന്നാമതായി. മറ്റൊരു ഇന്ത്യന്‍ താരം ലിലി ദാസ് ഏറെ പിന്നിലായി. പുരുഷന്മാരില്‍ മൂന്ന് മിനിറ്റ് 43.18 സെക്കന്‍ഡിലാണ് അജയ് വെള്ളി സ്വന്തമാക്കിയത്.

200 മീറ്ററില്‍ 23.24 സെക്കന്‍ഡിലായിരുന്നു ദ്യുതിയുടെ വെങ്കലനേട്ടം. 22.74 സെക്കന്‍ഡില്‍ ബഹ്‌റൈന്റെ സല്‍വ നാസെര്‍ ഒന്നാമതെത്തി. 22.87 സെക്കന്‍ഡില്‍ കസാക്കിസ്ഥാന്റെ ഓള്‍ഗ സഫ്രോനോവ വെള്ളി നേടി.1000 മീറ്ററില്‍ സഞ്ജീവിനി 32 മിനിറ്റ് 44.96 സെക്കന്‍ഡിലാണ് വെങ്കലം സ്വന്തമാക്കിയത്.

 


പ്രധാന വാർത്തകൾ
 Top