20 October Tuesday

രാഹുൽ മാജിക്‌ ; 69 പന്തിൽ 132*

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020


ദുബായ്‌
ലോകേഷ്‌ രാഹുലിന്റെ ബാറ്റിങ്‌ വിസ്‌ഫോടനത്തിനുമുന്നിൽ റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂരിന്റെ ബൗളിങ്‌നിര ചാരമായി. 69 പന്തിൽ 132 റണ്ണടിച്ച രാഹുൽ ഐപിഎലിൽ ബാംഗ്ലൂരിനെതിരെ കിങ്‌സ്‌ ഇലവൻ പഞ്ചാബിന്‌  97 റണ്ണിന്റെ കൂറ്റൻ ജയം സമ്മാനിച്ചു. മൂന്ന്‌ വിക്കറ്റ്‌ നഷ്ടത്തിൽ 206 റണ്ണാണ്‌ പഞ്ചാബ്‌ അടിച്ചുകൂട്ടിയത്‌. ബാംഗ്ലൂർ  17 ഓവറിൽ 109ന്‌ പുറത്തായി.  
ഏഴ്‌ കൂറ്റൻ സിക്‌സറുകളും 14 ഫോറും ഉൾപ്പെട്ടതായിരുന്നു രാഹുലിന്റെ മനോഹര ഇന്നിങ്‌സ്‌. ഐപിഎലിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്‌.

അവസാന രണ്ടോവറിൽ 49 റണ്ണാണ്‌ പഞ്ചാബ്‌ നേടിയത്‌. ഇതിനിടെ രാഹുലിന്റെ രണ്ട്‌ അനായാസ ക്യാച്ചുകൾ ബാംഗ്ലൂർ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി പാഴാക്കുകയും ചെയ്‌തു.നാലോവറിൽ 25 റൺ മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത യുശ്‌വേന്ദ്ര ചഹാൽ മാത്രമേ ബാംഗ്ലൂർ ബൗളിങ്‌ നിരയിൽ തിളങ്ങിയുള്ളൂ.

മറുപടിക്കെത്തിയ ബാംഗ്ലൂർ ബാറ്റിങ്‌ നിര തകർന്നു. കോഹ്‌ലി ഒരു റണ്ണെടുത്ത്‌ പുറത്തായി. 30 റണ്ണെടുത്ത വാഷിങ്‌ടൺ സുന്ദറാണ്‌ ടോപ്‌ സ്‌കോറർ. പഞ്ചാബിനായി സ്‌പിന്നർമാരായ രവി ബിഷ്‌ണോയിയും മുരുഗൻ അശ്വിനും മൂന്ന്‌ വീതം വിക്കറ്റെടുത്തു.ഇന്ന്‌ ചെന്നൈ സൂപ്പർ കിങ്‌സ്‌ ഡൽഹി ക്യാപിറ്റൽസിനെ നേരിടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top