കുവൈറ്റ്> രാജ്യത്തെ ദേശീയ-വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായി ലോകത്തെ ഏറ്റവും നീളമുള്ള ദേശീയ പതാക പാറിച്ച് കുവൈറ്റ് ഗിന്നസ് ബുക്കിൽ ഇടം നേടി. ഇന്നലെയാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ പതാക പ്രകാശനം ചെയ്തത്. മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികളും അധ്യാപകരുമടക്കമുള്ള നാലായിരം പേരാണ് പതാക ഉയർത്താനുള്ള ദൗത്യം ഏറ്റെടുത്തത്.
2019 മീറ്റർ നീളമുള്ള പതാകയുടെ പ്രകാശനം വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ ആസിമിയാണ് നിർവ്വഹിച്ചത്. തുടർന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ രാജ്യത്തിന്റെ അഭിമാനമായ പതാകയുമായി റോഡിലൂടെ നടന്നു നീങ്ങിയത് മനോഹരമായ കാഴ്ചയായിരുന്നു. നിരവധി പേരാണ് ചടങ്ങ് വീക്ഷിക്കുന്നതിനായി എത്തിച്ചേർന്നത്.
രാജ്യത്തിന്റെ അമ്പത്തി എട്ടാം സ്വാതന്ത്ര്യദിനവും വിമോചനത്തിന്റെ ഇരുപത്തി എട്ടാമത് വർഷവും കുവൈറ്റ് അമീർ അധികാരമേറ്റത്തിന്റെ പതിമൂന്നാം വാർഷികവും പ്രമാണിച്ചാണ് ഇപ്രാവശ്യം ഭീമൻ ദേശീയ പതാകയൊരുക്കാൻ തീരുമാനിച്ചതെന്ന് മുബാറക് അൽ കബീർ വിദ്യാഭ്യാസ മേഖല ഡയറക്ടർ മൻസൂർ അൽ ദൈഹാനി പറഞ്ഞു.