25 May Monday

ബജറ്റ്‌ പ്രവാസിവിരുദ്ധം: നവോദയ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 4, 2020

ദമ്മാം>2020ബജറ്റ് നിർദേശങ്ങൾ ഗൾഫ് പ്രവാസികളെ നേരിട്ട് ബാധിക്കുന്നതാണെന്നും ഇത്തരം പ്രവാസിദ്രോഹനടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും നവോദയ കിഴക്കൻ പ്രവിശ്യ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. സ്വാതന്ത്രാനന്തര ഇന്ത്യയിൽ പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്ന ആദ്യ ബജറ്റ് നിർദേശങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത്. വിദേശത്തു തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ക്ഷേമത്തിനായി സമർപ്പിച്ച നിർദേശങ്ങൾ ഒന്നു പോലും പരിഗണിച്ചില്ല എന്ന് മാത്രമല്ല പ്രവാസികളെ ദുരിതക്കയത്തിലേക്കു തള്ളിവിടുന്ന പുതിയ നികുതി നിർദേശങ്ങളും  താമസനിയന്ത്രണങ്ങളുമാണ്  2020 -2021 ബജറ്റിൽ ഉൾപ്പെടുത്തിയത്, മാത്രമല്ല പൊതുവെ  വിദേശികൾക്ക് ആദായനികുതി നടപ്പിലാക്കിയിട്ടില്ലാത്ത ഗൾഫ് രാജ്യങ്ങളെ അത്തരം നടപടികളെക്കുറിച്ചു ചിന്തിപ്പിക്കാൻ  ഈ നിർദേശം കാരണമാവും.

വാറ്റ്  സമ്പ്രദായം ഇതിനുദാഹരണമാണ്. സ്വദേശിവൽക്കരണവും അതാതുരാജ്യങ്ങളിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങളും പ്രവാസജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തിലാണ് ഇത്തരം ഒരു നടപടിയുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നത്. തൊഴിലെടുക്കുന്ന രാജ്യങ്ങളിൽ നികുതി ഒടുക്കാത്ത പ്രവാസികളാണ് നികുതി പരിധിയിൽ വരുന്നത് . ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഗൾഫ് പ്രവാസികളുള്ള കേരളത്തിന് ഇത് വൻ തിരിച്ചടിയാവും. എൻ ആർ ഐ സ്റ്റാറ്റസ് നിലനിർത്തുന്നതിന് നിലവിൽ വിദേശത്തു താമസിക്കേണ്ട പരിധി 182  എന്നതിൽ നിന്നും 240 ആയി ഉയർത്തു ന്നതും  നാട്ടിലെ താമസപരിധി 180 ൽ നിന്നും 120 ആയി ക്രമപ്പെടുത്തുന്നതുമായ നിർദേശങ്ങളും പ്രവാസികളെ പ്രതികൂലമായി ബാധിക്കും.

ഗൾഫ് രാജ്യങ്ങളിലെ ചെറുകിടവ്യവസായികൾക്കും, കുടുംബവിസയിൽ കഴിയുന്നവർക്കും, കപ്പലുകളിലും, റിഗ്ഗുകളിലും ജോലി ചെയ്യുന്ന സാധാരണ പ്രവാസികൾക്കും എൻആർഐ സ്റ്റാറ്റസ് ന ഷ്ടപ്പെടുന്നതിനു ഇത് കാരണമാവും. ഇന്ത്യൻ സമ്പദ്ഘടനയെ നിലനിർത്തുന്നതിൽ സ്തുത്യർഹമായ സംഭാവന നൽകി വരുന്ന പ്രവാസികളെ നേരിട്ട് ബാധിക്കുന്ന ഈ നടപടിക്കെതിരെ മുഴുവൻ പ്രവാസികളും കൂട്ടായ പ്രതിഷേധമുയർത്തണമെന്നും നവോദയ ആവശ്യപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top