18 August Sunday

നന്ദി കാണിച്ചില്ലെങ്കിലും നമ്മൾ നന്ദികെട്ടവരാകരുത്

സഫറുള്ള പാലപ്പെട്ടിUpdated: Tuesday Mar 5, 2019

കോൺഗ്രസ‌് നിയന്ത്രണ സർക്കാർ കേന്ദ്രം ഭരിക്കുന്ന കാലത്ത് യുഎഇയിൽ നിന്നുള്ള കോൺഗ്രസ‌് പ്രവർത്തകർ കേന്ദ്രത്തിലെ മന്ത്രിമാരേയും കോൺഗ്രസ‌് നേതാക്കളെയും സന്ദർശിച്ച ഫോട്ടോയാണിത്.

ആ സംഘത്തിൽ അന്നത്തെ കേരളത്തിലെ പ്രവാസികാര്യ മന്ത്രി എം എം ഹസ്സനും ഉണ്ട് എന്നതാണ് ഏറെ രസകരം. എം എം ഹസ്സൻ ഉൾപ്പെടെയുള്ളവർ അന്ന് കേന്ദ്ര സർക്കാരിനും കോൺഗ്രസ‌് നേതാക്കൾക്കും നൽകിയിരുന്ന നിവേദനത്തിൽ ഉന്നയിച്ചിരുന്ന പ്രധാന ആവശ്യം പ്രവാസ ഭൂമിയിൽ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ വിമാന നിരക്ക് കുറക്കണമെന്നാണ്. (മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്നല്ല)

അന്ന് കേന്ദ്രത്തിൽ ഒരു പ്രവാസികാര്യ വകുപ്പ് മന്ത്രി തന്നെയുണ്ടായിരുന്നു. അതും മലയാളിയായ വയലാർ രവി. അദ്ദേഹം പത്ത് വർഷം അധികാരത്തിരുന്നതിന്റെ ഗുണമാണ് ഇത് ഒരു അനാവശ്യ വകുപ്പാണെന്നു എൻഡിഎ സർക്കാരിനെ കൊണ്ട് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചതും ആ വകുപ്പ് തന്നെ പിരിച്ചുവിടാൻ കാരണമായതും. അത്രമാത്രം നിർഗുണ ദുർഗുണ പരബ്രഹ്മമായിരുന്നു വയലാർ രവിയും അദ്ദേഹം കൈകാര്യം ചെയ്തിരുന്ന വകുപ്പും. പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല പ്രവാസികളുടെ പ്രശ്നങ്ങൾക്ക് തികച്ചും നിഷേധാത്മക നിലപാടാണ് അദ്ദേഹം കൈക്കൊണ്ടത്.

അക്കാലത്ത് അബുദാബി സന്ദർശിച്ച മന്ത്രി വയലാർ രവിയോട് ഒരു പൊതുവേദിയിൽ വെച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. "മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞ എയർ കേരള എപ്പോഴാണ് പ്രാവർത്തികമാവുക?". ഉടനെ വയലാർ രവി പരസ്യമായി കൊടുത്ത മറുപടി ഇതായിരുന്നു. "വായയിൽ തോന്നിയത് ചോദിക്കുവാനുള്ള വേദിയല്ല ഇത്. ആരാണ് അങ്ങിനെ ഒരു തീരുമാനമെടുത്തത്? നിങ്ങൾ സ്വപ്നം കാണുകയാണോ?" എന്നാണ്.

വയലാർ രവി മാത്രമല്ല വിദേശകാര്യ വകുപ്പും വ്യോമയാന വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിമാർ ഉൾപ്പെടെ അഞ്ച് മലയാളികളായ മന്ത്രിമാർ പ്രസ്തുത യുപിഎ സർക്കാരിലുണ്ടായിരുന്നു. അവരെല്ലാവരും തികച്ചും നിഷേധാത്മകമായ നിലപാടുകളായിരുന്നു പ്രവാസി സമൂഹത്തോട് ചെയ്തുകൊണ്ടിരുന്നത്. അന്ന് സംസ്ഥാനത്താണെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കീഴിൽ ഒരു പ്രവാസികാര്യ മന്ത്രിയും ഉണ്ടായിരുന്നു. അദ്ദേഹവും തഥൈവ!

വല്ലപ്പോഴും വിദേശരാജ്യങ്ങൾ സന്ദർശിച്ചുകൊണ്ട് സർക്കാർ ഖജനാവ് ദൂർത്തടിക്കുകയല്ലാതെ മറ്റൊരു ഗുണവും അദ്ദേഹത്തെക്കൊണ്ടും അതിനു മുമ്പ് പ്രവാസി കാര്യവകുപ്പ‌് കൈകാര്യം ചെയ്തിരുന്ന എം എം ഹസ്സനെക്കൊണ്ടും ഉണ്ടായിട്ടില്ല.

എന്നാൽ പ്രവാസികളുടെ പ്രശ്നങ്ങൾ ആദ്യമായി അധികാര തലങ്ങളിൽ ഗൗരവമായി ചർച്ചചെയ്യുകയും അതിനൊരു പരിഹാര മാർഗ്ഗമെന്നോണം ഒരു പ്രവാസികാര്യ വകുപ്പ് തന്നെ നടപ്പിലാക്കുകയും ചെയ്തത് 1996 ൽ ഇ കെ നായനാർ നയിച്ചിരുന്ന ഇടതുപക്ഷ സർക്കാരായിരുന്നു എന്ന കാര്യം അറിയാത്തവരല്ല കോൺഗ്രസ്സുകാർ ഉൾപ്പെടെയുള്ള പ്രവാസി മലയാളികൾ.

ഇ കെ നായനാരും പിന്നീട് വന്ന വി എസ് അച്യുതാനന്ദനും ഇപ്പോഴത്തെ പിണറായി വിജയനും യുഡിഎഫ് സർക്കാരുകളിൽ നിന്നും ഏറെ വ്യത്യസ്തമായി പ്രവാസികാര്യ വകുപ്പ് മറ്റ് സുപ്രധാന വകുപ്പ് കൈകാര്യം ചെയ്യുന്നതുപോലെ മുഖ്യമന്ത്രി തന്നെ നേരിട്ട് കൈകാര്യം ചെയ്യുന്ന ഒരു അവസ്ഥയാണുള്ളത്.

പ്രവാസികാര്യ വകുപ്പിലൂടെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്കും ലോകത്തിനും മാതൃകയായ ഇടതുപക്ഷ സർക്കാർ 'ലോക കേരള സഭ' എന്ന മറ്റൊരു മഹത്തായ നൂതന പദ്ധതിയിലൂടെ വേറിട്ടൊരു മാതൃകയും സൃഷ്ടിച്ചിരിക്കുകയാണ്. ഇതുവഴി പ്രവാസി സമൂഹത്തിന്റെ താഴെതട്ടിലുള്ളവർ മുതൽ ഉന്നതശ്രേണിയിൽ ഇരിക്കുന്നവർ വരെ ഉൾപ്പെടെയുള്ളവരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ സഭ പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് സർക്കാരിലെത്തിക്കുവാനും അതിനു പരിഹാരം നിർദ്ദേശിക്കുവാനും പ്രാവർത്തികമാക്കുവാനും കഴിയുന്ന അത്യപൂർവ്വമായ ഭരണ സംവിധാനമാണിത്.

പ്രവാസി ക്ഷേമപദ്ധതികള്‍ക്കായി 81 കോടി രൂപ കൂടാതെ പ്രവാസികള്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ധനസഹായം നല്‍കുന്നതിനായി 25 കോടി രൂപയും നീക്കിവെച്ച ഒരു ബജറ്റായിരുന്നു ജനുവരിയിൽ പിണറായി സർക്കാർ അവതരിപ്പിച്ചത്. ഇത് വരെ നടത്തിയ എണ്ണമറ്റ പ്രവാസിക്ഷേമ പ്രവത്തനങ്ങൾക്ക് മീതെയാണ് ഈ നീക്കിയിരിപ്പ്. അതിന്റെ ഭാഗമായാണ് പ്രവാസ മണ്ണിൽ മരണപ്പെടുന്നവരുടെ മൃതദേഹം സർക്കാർ ചെലവിൽ സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനം.

ഈ ഒരാവശ്യം ഒരിക്കൽ കേന്ദ്ര പ്രവാസികാര്യ മന്ത്രിയായിരുന്ന വയലാർ രവിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പരിഹസിച്ചു ഇറക്കിവിട്ട അനുഭവം ഞങ്ങൾ പ്രവാസി മലയാളികൾക്ക് ഉണ്ടായിട്ടുണ്ട് എന്നതും സാന്ദർഭികമായി ഓർമ്മിപ്പിക്കുന്നു.

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന ബജറ്റിൽ പറഞ്ഞ കാര്യം മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കും പ്രഖ്യാപിച്ചപ്പോൾ അത് ഇപ്പോൾ തന്നെ, ഈ നിമിഷം തന്നെ നടപ്പിലാക്കണമെന്ന വാശിയിലാണ് മുല്ലപ്പള്ളി രാമചന്ദ്രൻ സൂചിപ്പിച്ചതുപോലെയുള്ള ചില ഫേസ‌്ബുക്ക് രാഷ്ട്രീയക്കാരായ ചില കോൺഗ്രസ്സ് മുസ്ലിം ലീഗ് പ്രവർത്തകർ. ഏതൊരു ബജറ്റും പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത് തലേ ദിവസം നടന്നേ നടപ്പിലാവും എന്ന മൂഢ ചിന്ത എങ്ങിനെയാണ് ഇവരെ പിടികൂടിയതെന്നറിയില്ല.

സർക്കാരിനെ വിമർശിക്കാൻ അവർ ആയുധമായി ഉപയോഗിക്കുന്നത് സർക്കാർ വിരുദ്ധ ചാനലിൽ വന്ന ഒരു വാർത്തയാണ്. അതാണെങ്കിൽ പിണറായി സർക്കാർ ഏർപ്പെടുത്തിയ നൂതന സംവിധാനമായ എൻആർഐ ഹെല്പ് സെന്ററിൽ നിന്നുള്ള മറുപടിയും. മറുപടിയിൽ പറഞ്ഞ കാര്യമാകട്ടെ അതും പിണറായി സർക്കാർ നടപ്പിൽ വരുത്തിയ മറ്റൊരു സഹായ പദ്ധതിയും. പ്രവാസികളുടെ മൃതദേഹം കേരളത്തിലെ എയർപോർട്ടിൽ നിന്നും നാട്ടിലേയ്ക്ക് സൗജന്യ ആംബുലൻസിൽ എത്തിക്കുമെന്നതായിരുന്നു പിണറായി സർക്കാർ ആദ്യം നടപ്പിൽ വരുത്തിയ പദ്ധതി.

എന്നാൽ സർക്കാർ ബജറ്റിൽ പറഞ്ഞ കാര്യങ്ങളുടെ നടപടിക്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നു പറഞ്ഞത് ഒഴിവാക്കിക്കൊണ്ട് തങ്ങൾക്കാവശ്യമുള്ളത് അടർത്തിമാറ്റി സർക്കാരിനെതിരെ തിരിച്ചുവിടുകയാണ് ഈ പ്രവാസി വിരുദ്ധ ദുഷ്ടശക്തികൾ ചെയ്തത്.

നമ്മുടെ മുഖ്യമന്ത്രി പിണാറായി വിജയന് ഒരു പ്രത്യേകതയുണ്ട്. അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നതേ അദ്ദേഹം പറയൂ, അദ്ദേഹത്തിന്റെ ഓരോ വാക്കും സൂക്ഷ്മ നിരീക്ഷണത്തോടെ ഏറെ വ്യക്തതയും സത്യസന്ധതയും ഉള്ളതായിരിക്കും. ഒരിക്കലും അദ്ദേഹം "ബ്ബ ബ്ബ ബ്ബ" അടിക്കാറില്ല. താൻ പറഞ്ഞതെന്താണോ അത് നടപ്പിലാക്കുവാനുള്ള വാശിയും അദ്ദേഹത്തിനുണ്ട്.

അതുകൊണ്ട് തന്നെ അദ്ദേഹം നടത്തിയ പ്രഖ്യാപനം അടുത്ത സാമ്പത്തിക വർഷത്തിൽ തന്നെ പ്രാവൃത്തികമാകും എന്ന പൂർണ്ണ വിശ്വാസം ഞങ്ങൾ പ്രവാസികൾക്കുണ്ട്.
സർക്കാർ വിരുദ്ധരോട് പ്രവാസി നന്മ മനസ്സിൽ കണ്ടുകൊണ്ട് ആത്മാർത്ഥമായ ഒരു അപേക്ഷയുണ്ട്. "എണ്ണമറ്റ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സർക്കാരിനോട് നന്ദി കാണിച്ചില്ലെങ്കിലും സാരല്ല്യ, നന്ദികെട്ടവരായി പ്രവാസ ലോകത്തെ കോൺഗ്രസ്സുകാരും മുസ്ലിം ലീഗുകാരും മാറരുത്."

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top