18 January Monday

സിദ്ദീഖ് അഹമ്മദിനും കെജി ബാബുരാജനും ഡോ. മോഹന്‍ തോമസിനും പ്രവാസി സമ്മാന്‍ പുരസ്‌കാരം

അനസ് യാസിന്‍Updated: Saturday Jan 9, 2021

മനാമ > മൂന്ന് ഗള്‍ഫ് മലയാളികള്‍ക്ക് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം. പ്രമുഖ വ്യവസായികളായ ഡോ. സിദ്ദീഖ് അഹമ്മദ് (സൗദി), കെജി ബാബുരാജന്‍(ബഹ്‌റൈന്‍), ഇഎന്‍ടി വിദഗ്ധന്‍ ഡോ. മോഹന്‍ തോമസ്(ഖത്തര്‍) എന്നിവര്‍ക്കാണ് 2021ലെ പുരസ്‌കാരം ലഭിച്ചത്.

വിവിധ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം. സിദ്ദീഖ് അഹമ്മദിന് ബിസിനസിലും മേഖലയിലും കെജി ബാബുരാജിന് കമ്മ്യൂണിറ്റി സര്‍വീസിലും ഡോ. മോഹന്‍ തോമസിന് മെഡിസിനിലുാണ് പുരസ്‌കാരം.

പ്രവാസി ഭാരതീയ ദിവസിനോടനുബന്ധിച്ച് രാഷ്ട്രപതിയുടെ സാന്നിദ്ധ്യത്തിലാണ് പുരസ്‌കാര ജോതാക്കളെ പ്രഖ്യാപിച്ചത്. കോവിഡ്-19 കാരണം ഓണ്‍ലൈന്‍ വഴിയായിരുന്നു ഇത്തവണ സമ്മേളനം. മൊത്തം 30 പേര്‍ക്കാണ് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ചത്.

സിദ്ദീഖ് അഹമ്മദ്
സൗദിയില്‍ നിന്ന് ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യാക്കാരനാണ് സിദ്ദീഖ് അഹമ്മദ്. സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമാണ്. ബിസിനസ് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് പുരസ്‌കാരമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായങ്ങളിലൂടെ ജീവകാരുണ്യ രംഗത്തും സജീവസാന്നിദ്ധ്യമാണ് സിദ്ദീഖ് അഹമ്മദ്. പലാക്കാട് ജില്ലയിലെ മങ്കര സ്വദേശിയായ അദ്ദേഹത്തിന് കീഴില്‍ 16 രാജ്യങ്ങളിലായി 40ല്‍ അധികം കമ്പനികളുണ്ട്.

സാമൂഹ്യ പ്രതിബദ്ധതയള്ള ഈ ടോയ്‌ലറ്റ് സംവിധാനം പോലുള്ളവ ഇതില്‍ പ്രധാനം. സൗദി പൊതുമാപ്പ് കാലയളവില്‍ ജയിലിലുള്ളവരെ നാട്ടിലെത്തിക്കാന്‍ അദ്ദേഹം സ്വപ്ന സാഫല്യം പദ്ധതി ആവിഷ്‌കരിച്ചു. പ്രതിഭകള്‍ക്ക് താങ്ങായി കായിക മേഖലയിലും അദ്ദേഹത്തിന്റെ കരുതലെത്തി. നിവരധി പുരസ്‌കാരങ്ങളം പദവികളും അദ്ദേഹത്തി ലഭിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ ആക്ടീവ് ഗള്‍ഫ് സമിതി അംഗമാണ്. മിഡിലീസ്റ്റിലെ പെട്രോളിയം ക്ലബ് മെമ്പര്‍, സൗദിയില്‍ 10 നിക്ഷേപക ലൈസന്‍സുള്ള മലയാളി തുടങ്ങിയവ ഇതില്‍ ചിലതാണ്. സൗദിയിലെ പ്രീമിയന്‍ റസിഡന്റ് എന്ന അംഗീകാരവും ലഭിച്ചു.

കെജി ബാബുരാജന്‍

ബികെജി ഹോള്‍ഡിംഗ്, ഖത്തര്‍ എന്‍ജിനീയറിംഗ് ലബോറട്ടറീസ്, ക്വാളിറ്റി പൈലിംഗ് ആന്റ് കണ്‍സ്ട്രകഷ്ന്‍ കമ്പനീസ് എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമാണ് കെജി ബാബുരാജന്‍. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കിയും വിദ്യാഭ്യാസ സഹായങ്ങള്‍ നല്‍കിയും ജീവകാരുണ്യ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു.

സൗദിയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഹമദ് കോസ്‌വേ നിര്‍മ്മാണത്തില്‍ വഹിച്ച പങ്ക് ശ്രദ്ധ പിടിച്ചു പറ്റി. ബഹ്‌റൈനിലെ വേള്‍ഡ് ട്രേഡ് സെന്റര്‍, ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍, സിത്ര പാലം, ഫോര്‍ സീസണ്‍ ഹോട്ടല്‍, ഷെയ്ഖ് ഈസ പാലം്, സിറ്റി സെന്റര്‍, അല്‍മൊയ്ദ് ടവര്‍, ഷെയ്ഖ് ഖലീഫ പാലം തുടങ്ങിയവ അദ്ദേഹത്തന്റെ കൈയൊപ്പ് പതിഞ്ഞ നിര്‍മ്മാണങ്ങള്‍. കുറ്റൂരിലെ ഇരവിപ്പേരൂര്‍ സ്വദേശി. കെമിസ്ട്രി, എന്‍ജിനീയറിങ്ങ് ബിരുദ ധാരി. 1979 ല്‍ സൗദിയില്‍ അല്‍ഹോതി സ്‌ട്രെയിഞ്ചര്‍ ലിമിറ്റഡില്‍ സിവില്‍ എന്‍ജിനീയറായാണ് പ്രവാസ ജീവിതം ആരംഭിച്ചത്.

ഡോ. മോഹന്‍ തോമസ്
ഖത്തറിലെ പ്രമുഖ ഇഎന്‍ടി സര്‍ജനും സംരംഭകനും സാമൂഹിക സേവനരംഗത്തെ പ്രമുഖനുമാണ് ഡോ. മോഹന്‍ തോമസ്. കോവിഡ് സമയത്ത് പ്രതിസന്ധിയിലായ നിരവധി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനും അവര്‍ക്കായി പ്രത്യേക ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഒരുക്കാനും മുന്‍പന്തിയിലുണ്ടായിരുന്നു. ഇത്തരം സേവനങ്ങള്‍ക്ക് ഖത്തര്‍ സര്‍ക്കാറിന്റെയും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ അംഗീകാരം ലഭിച്ചു.

പേള്‍ ട്രേഡിങ് സെന്റര്‍, അല്‍ഫുര്‍സ ഹോസ്പിറ്റാലിറ്റി സര്‍വീസസ്, ബെസ്റ്റ്‌കോ ട്രേഡിങ് ആന്റ് കോണ്‍ട്രാക്റ്റിങ്, ഹ്യുമനിസ് ഗ്രൂപ്പ്, വിവന്റം ഗ്രൂപ്പ്, ഡോര്‍ഗമറ്റ്, കൊച്ചി മെഡിക്കല്‍ സിറ്റി ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്, പെന്റ ട്രേഡിങ് കാസില്‍ ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങളുടെ ചെയര്‍മാനാണ്. ദോഹയിലെ ബിര്‍ള സ്‌കൂളിന്റ സ്ഥാപക ചെയര്‍മാനും ഡയറക്ടറുമാണ്. കൊച്ചി കടവന്ത്ര സ്വദേശി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top