07 April Tuesday

ദുബായിൽ ഷോപ്പിങ് മാളുകൾ രണ്ടാഴ്ച അടച്ചിടും

കെ എൽ ഗോപിUpdated: Tuesday Mar 24, 2020
 ദുബായി>കൊറോണ വൈറസ് പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായി രണ്ടാഴ്ച കാലത്തേക്ക് യുഎഇയിലെ ഷോപ്പിംഗ് മാളുകൾ അടച്ചിടുന്നു. സൂപ്പർ മാർക്കറ്റ്, ഗ്രോസറി, മെഡിക്കൽ ഷോപ്പുകൾ, കോപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവ ഒഴികെയുള്ള എല്ലാം രണ്ടാഴ്ച കാലത്തേക്ക് അടച്ചിടാനാണ് നിർദ്ദേശം. 23 ന് പുലർച്ചെയാണ് ഇതു സംബന്ധിച്ച നിർദ്ദേശം ഉണ്ടായത്. 48 മണിക്കൂറിനുള്ളിൽ ഈ നിർദേശം നടപ്പിലാക്കാനാണ് ആരോഗ്യ മന്ത്രാലയം ഉത്തരവ് ഇറക്കിയിരിക്കുന്നത്. 
 
എല്ലാ പൗരന്മാരും വീടിനകത്തു തന്നെ കഴിയണം എന്നാണ് മിനിസ്ട്രി ഓഫ് ഇൻറീരിയർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നത്. വളരെ അത്യാവശ്യമുള്ള കാര്യങ്ങൾക്കും, ഭക്ഷണം,  മരുന്ന് ഇവ വാങ്ങുന്നതിനും, ജോലി സംബന്ധമായ കാര്യത്തിനും  മാത്രമേ പുറത്തിറങ്ങാവൂ. എല്ലാവരും അവരുടെ സ്വന്തം വാഹനങ്ങൾ ഉപയോഗിക്കുകയും, സാമൂഹികമായ അകലം പാലിക്കുകയും, പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിച്ച് എത്തുകയും വേണം. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.

മന്ത്രാലയത്തിന്റെ നിർദ്ദേശം ലംഘിക്കുന്നവർക്ക് പിഴയും,  ജയിൽശിക്ഷയും വരെ ലഭിക്കാൻ സാധ്യതയുണ്ട്. പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും, കൊറോണ വൈറസ് വ്യാപനത്തെ തടയുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും  ഇതിനായി രാജ്യത്തിനകത്തെ സ്വദേശികളും വിദേശികളുമായ എല്ലാവരും പൂർണമായി സഹകരിക്കണമെന്നും മന്ത്രാലയം നിർദ്ദേശിക്കുന്നു. 

പ്രധാന വാർത്തകൾ
 Top