28 May Thursday

ഒന്‍പതു വ്യാപാര മേഖലകളിലേയ്ക്കും സ്വദേശിവല്‍ക്കരണം

അനസ് യാസിന്‍Updated: Sunday Mar 8, 2020

മനാമ> സൗദിയില്‍ പുതുതായി ഒമ്പതു വ്യാപാര മേഖലകളിലേയ്ക്ക് സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ആഗസ്ത് 20 മുതല്‍ 70 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധിതമാക്കി.ഒന്‍പതു വ്യാപാര മേഖലകളിലായി 32 ഇനങ്ങള്‍ വില്‍ക്കുന്ന മൊത്ത, ചില്ലറ കടകളിലാണ് 70 സൗദിവല്‍ക്കരണം നടപ്പാക്കുക.

കാപ്പി, ചായ, തേന്‍, പഞ്ചസാര, മസാല; മിനറല്‍ വാട്ടര്‍, ശീതള പാനീയം; പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഈത്തപ്പഴം; ധാന്യങ്ങള്‍, വിത്തുകള്‍, പൂക്കള്‍, ചെടികള്‍, കാര്‍ഷിക വസ്തുക്കള്‍; പുസ്തകങ്ങള്‍, സ്റ്റേഷനറി, വിദ്യാര്‍ഥി സേവനങ്ങള്‍; ഉപഹാരങ്ങള്‍, ആഡംബര വസ്തുക്കള്‍, കരകൗശല വസ്തുക്കള്‍, പുരാവസ്തുക്കള്‍; കളിക്കോപ്പുകള്‍, ഗെയിമുകള്‍; വെജിറ്റബിള്‍ ഓയില്‍, പാലുല്‍പന്നങ്ങള്‍, മുട്ട, മത്സ്യം, ഇറച്ചി; ശുചീകരണ വസ്തുക്കള്‍, പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, സോപ്പ് എന്നിവ വില്‍ക്കുന്ന മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളാണ് ഇതില്‍ വരിക.


തൊഴില്‍ വിപണിയില്‍ സ്വദേശികളുടെ പങ്കാളിത്തം ഉയര്‍ത്താനും സൗദികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് മാനവ ശേഷി മന്ത്രാലയം പറഞ്ഞു.ഫാര്‍മസി മേഖലയില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണ തീരുമാനത്തിനുശേഷമുള്ള സുപ്രധാന സ്വദേശിവല്‍ക്കരണ പ്രഖ്യാപനമാണിത്. ഫാര്‍മിസി മേഖലയില്‍ ജൂലയ് 22 ന് നിലവില്‍ വരുന്ന ആദ്യ ഘട്ടത്തില്‍ 20 ശതമാനവും 2021 ജൂലായ് 11 ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തില്‍ 30 ശതമാനവും സ്വദേശിവല്‍ക്കരണമാണ് പ്രഖ്യാപിച്ചത്. പുതുതായി സ്വദേശിവല്‍ക്കരണം പ്രഖ്യാപിച്ച വ്യാപാര മേഖലകളില്‍ വന്‍തോതില്‍ വിദേശ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്.


അതിനിടെ, സൗദി സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സൗദികളുടെ എണ്ണത്തില്‍ 1,06,486 പേരുടെ വര്‍ധനയുണ്ടായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 299 സ്വദേശികള്‍ക്ക് വീതം കഴിഞ്ഞ വര്‍ഷം ജോലി ലഭിച്ചു. അഞ്ചു മേഖലകളില്‍ കഴിഞ്ഞ സൗദി ജീവനക്കാരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top