26 February Wednesday

ഖസ്സെം സൊലൈമാനി വധം: ഇറാന്‍ അംബാസഡറെ കുവൈത്ത് വിളിച്ചുവരുത്തി

അനസ് യാസിന്‍Updated: Saturday Jan 25, 2020

മനാമ> ഖസ്സെം സൊലൈമാനി വധത്തിന് കുവൈത്ത് എയര്‍ബേസും ഉപയോഗിച്ചെന്ന ഇറാന്‍ കമാന്‍ഡറുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് അംബാസഡറെ കുവൈത്ത് വിളിച്ചുവരുത്തി. കുവൈത്തിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഇറാനിയെയാണ് ഉപ വിദേശമന്ത്രി ഖാലിദ് അല്‍ ജറല്ല വിളിച്ചുവരുത്തി പ്രസ്താവനയിലുള്ള കുവൈത്തിന്റെ നടുക്കവും അമ്പരപ്പും അറിയിച്ചത്.

സൊലൈമാനിയെ കൊല്ലാനുള്ള സൈനീക നടപടിക്ക് മേഖലയിലെ മറ്റു എയര്‍ബേസുകള്‍ക്കൊപ്പം കുവൈത്തിലെ അലി അല്‍ സാലിം വ്യോമ താവളവും ഉപയോഗിച്ചെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് വ്യോമ സേനാ കമാന്‍ഡറാണ് ആരോപിച്ചത്. ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് മന്ത്രി ആവര്‍ത്തിച്ചു.

ഇത്തരം ആരോപണങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇരു രാജ്യങ്ങളുമായുള്ള ബന്ധത്തെ അത് ഹാനികരമായി ബാധിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.ആഴ്ചകള്‍ക്ക് മുമ്പ് കുവൈറ്റ് സൈന്യം സമാനമായ അവകാശവാദങ്ങള്‍ നിഷേധിച്ചിരുന്നു.
ജനുവരി മൂനിന്നാണ് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിലെ ഖുദ്സ് ഫോഴ്സ് തലവന്‍ സൊലൈമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊന്നത്.

കുവൈത്ത്-ഇറാന്‍ നയതന്ത്ര ബന്ധത്തില്‍ മുന്‍പും ഉലച്ചില്‍ തട്ടിയിരുന്നു. ലബനണിലെ ഹിസ്ബുള്ളയുമായി ബന്ധമുള്ള ഭീകര സംഘത്തിന് ഇറാന്‍ പിന്‍തുണ നല്‍കുന്നതായോരോപിച്ച് 2017 ജൂലായില്‍ ഇറാന്‍ നയതന്ത്ര പ്രതിനിധിത്യം കുവൈത്ത് തരം താഴ്ത്തിയപ്പോഴായിരുന്നു ഇത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top