22 February Friday

ഡൽഹിയിൽ പൊലീസ് അതിക്രമം : വനിതാ മാധ്യമപ്രവർ-ത്തകയ്--ക്കു-നേരെ ലൈംഗികാതിക്രമം

എം അഖില്‍Updated: Sunday Mar 25, 2018

ഡൽഹി പൊലീസ് ആസ്ഥാനത്ത് ക്യാമറകൾ കൂട്ടിയിട്ട് മാധ്യമ പ്രവർത്തകർ പ്രതിഷേധിക്കുന്നു

ന്യൂഡല്‍ഹി > ജെഎന്‍യു വിദ്യാര്‍ഥികളുടെയും അദ്ധ്യാപകരുടെയും പാര്‍ലമെന്റ് മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഡല്‍ഹി പൊലീസിന്റെ ലൈംഗികാതിക്രമം. അതിക്രമത്തിൽ പ്രതിഷേധിച്ചു തലസ്ഥാനത്ത് മാധ്യമപ്രവർത്തകർ പൊലീസ് ആസ്ഥാനം ഉപരോധിക്കുകയാണ് . കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുന്നവെന്നു സമരക്കാർ ആരോപിച്ചു . ക്യാമറകളും മറ്റു ഉപകരണങ്ങളും പൊലീസ് നശിപ്പിച്ചിരുന്നു .

ഇന്ത്യന്‍ എക്സ്പ്രസിന്റെ വനിതാറിപ്പോര്‍ട്ടര്‍ക്ക് നേരെയാണ് ഡല്‍ഹി കന്റോണ്‍മെന്റ് സ്റ്റേഷന്‍ ഓഫീസര്‍ വിദ്യാധര്‍സിങ്ങ് മോശമായി പെരുമാറിയത്. വിദ്യാധര്‍സിങ്ങിന് എതിരെ നിരവധി മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാന്‍ തയ്യാറായില്ല. വെള്ളിയാഴ്ച്ച വൈകിട്ട് 6.15ഓടെ വിദ്യാര്‍ഥികളുടെ മാര്‍ച്ച് ലോധിറോഡില്‍ സഫ്ദര്‍ജംഗ് ഫ്ളൈഓവറിന് സമീപത്ത് എത്തിയ ഉടനെയാണ് പൊലീസ് വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും എതിരെ അക്രമം അഴിച്ചുവിട്ടത്. ബ്രിഗേഡിയര്‍ ഹോഷിയാര്‍ സിങ്ങ് റോഡില്‍ നില്‍ക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ വിദ്യാധര്‍സിങ്ങിന്റെ നേതൃത്വത്തില്‍ പൊലീസ് പട തന്നെ ഇരച്ചുകയറി.തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ വനിതാമാധ്യമപ്രവര്‍ത്തക തന്നെ വിശദീകരിക്കുന്നു ' സിങ്ങ് എന്നെ തള്ളിമാറ്റി. ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ആണെന്ന് അദ്ദേഹത്തോട് പറഞ്ഞു. പൊലീസ് കൈയ്യേറ്റം ശക്തമാക്കിയപ്പോള്‍ ഞാന്‍ അല്‍പ്പം ദൂരം മാറി നിന്നു.

രണ്ട് മിനിറ്റിന് ശേഷം സ്റ്റേഷന്‍ ഓഫീസര്‍ എന്റെ നേര്‍ക്ക് വന്നു. എന്റെ മാറിലേക്ക് തുറിച്ചുനോക്കികൊണ്ടായിരുന്നു അയാളുടെ വരവ്. പിന്നീട്, അദ്ദേഹം എന്റെ മാറിടത്തില്‍ പിടിച്ചമര്‍ത്തി പിന്നിലേക്ക് തള്ളിമാറ്റി''. സംഭവസ്ഥലത്തുണ്ടായിരുന്ന ഐപിഎസുകാര്‍ ഉള്‍പ്പടെ നിരവധി മേലുദ്യോഗസ്ഥരോട് തനിക്കുണ്ടായ ദുരനുഭവം മാധ്യമപ്രവര്‍ത്തക വിശദീകരിച്ചിട്ടും അവരാരും അത് ഗൌരവത്തില്‍ എടുത്തില്ലെന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് ഒപ്പമുണ്ടായിരുന്ന 'ദി ടെലഗ്രാഫ്' പത്രത്തിലെ ഫെറോസ് എല്‍ വിന്‍സെന്റ് റിപ്പോര്‍ട്ട് ചെയ്തു.

ന്യൂഡല്‍ഹി ഡിസിപി മധുര്‍വര്‍മ്മയോട് വനിതാമാധ്യമപ്രവര്‍ത്തക പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അത് നിസ്സാരമായി തള്ളിക്കളഞ്ഞു. ' ആ സമയം അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല എന്ന് പറയുന്നത് അവിശ്വസനീയമാണ്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകയാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ചിരുന്നില്ലേ?'' എന്നാണ് മധുര്‍വര്‍മ ചോദിച്ചതെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിദ്യാധര്‍സിങ്ങിന് എതിരെ വനിതാറിപ്പോര്‍ട്ടര്‍ പരാതി നല്‍കിയതായി ഇന്ത്യന്‍ എക്സ്പ്രസ് സ്ഥിരീകരിച്ചു.

വിദ്യാര്‍ഥികളെയും അദ്ധ്യാപകരെയും പൊലീസ് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച വനിതാഫോട്ടോഗ്രാഫറെയും പൊലീസ് കൈയ്യേറ്റം ചെയ്തു. 'ഹിന്ദുസ്ഥാന്‍ ടൈംസ്' ഫോട്ടോഗ്രാഫര്‍ അനുശ്രീ ഫദ്നവിസിന്റെ ക്യാമറ പൊലീസുകാര്‍ തട്ടിപ്പറിച്ചു. ' കോണ്‍സ്റ്റബിള്‍മാര്‍ വിദ്യാര്‍ഥികളെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഞാന്‍. ഉടനെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മറ്റുള്ളവരോട് അവളുടെ ക്യാമറ അടിച്ചുതകര്‍ക്കൂവെന്ന് ആക്രോശിച്ചു. തുടര്‍ന്ന്, കോണ്‍സ്റ്റബിള്‍മാര്‍ എന്നെ വളഞ്ഞിട്ട് ആക്രമിച്ചു. അവര്‍ എന്റെ ക്യാമറ തട്ടിപ്പറിച്ചു. ക്യാമറ പൊട്ടിക്കരുതെന്ന് അവരോട് ഞാന്‍ കേണപേക്ഷിച്ചു.ജോലിയില്‍ പുതിയ ആളാണെന്നും ക്യാമറ നഷ്ടപ്പെട്ടാല്‍ വലിയ പ്രശ്നമാകുമെന്നും പറഞ്ഞുനോക്കി. എന്നാല്‍, അവരത് കേട്ടില്ല. ഇത്രയും നേരമായിട്ടും ക്യാമറ തിരിച്ചുകിട്ടിയിട്ടില്ല'' അനുശ്രീ പറഞ്ഞു. സമരക്കാരുടെ ഇടയില്‍ അകപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ മോശം പെരുമാറ്റമുണ്ടായതെന്ന് ഡല്‍ഹി പൊലീസ് വെള്ളിയാഴ്ച്ച ട്വീറ്റ് ചെയ്തു.

മാര്‍ച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന ഓണ്‍ലൈന്‍ മാധ്യമായ 'ഫസ്റ്റ്പോസ്റ്റി'ന്റെ റിപ്പോര്‍ട്ടര്‍ പ്രവീണ്‍സിങ്ങിനും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. ലാത്തിഅടിയേറ്റ് കൈ നീര് കയറി വീര്‍ത്തതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോട്ടോയോ വീഡിയോയോ പകര്‍ത്താന്‍ ശ്രമിച്ചാല്‍ 'അനുഭവിക്കുമെന്ന്' മലയാളി മാധ്യമപ്രവര്‍ത്തകരെയും ഡല്‍ഹി പൊലീസ് ഭീഷണിപ്പെടുത്തിയിരുന്നു.
 
വിദ്യാര്‍ഥികളെ നന്നായി കൈകാര്യം ചെയ്യുന്നതിനൊപ്പം അതിന്റെ ദൃശ്യങ്ങള്‍ പുറത്തുപോകരുതെന്ന സര്‍ക്കാരിന്റെയും മേലുദ്യോഗസ്ഥരുടെയും നിര്‍ദേശം ഡല്‍ഹി പൊലീസ് അക്ഷരംപ്രതി പാലിക്കുകയായിരുന്നുവെന്ന വിമര്‍ശവും ശക്തമായിട്ടുണ്ട്.

പ്രധാന വാർത്തകൾ
 Top