25 August Sunday

ഹസ്സയിലെ വനിതാ ലേബർ ക്യാമ്പ് നവോദയ വനിതാവേദി പ്രവർത്തകർ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 22, 2019

അൽഹസ്സ> അൽഹസ്സയിൽ കഴിഞ്ഞ ആറു മാസക്കാലമായി ശമ്പളവും മാറ്റാനുകൂല്യങ്ങളുമില്ലാതെ ദുരിതമനുഭവിക്കുന്ന വനിതാ തൊഴിലാളികളുടെ ക്യാമ്പിൽ  അൽഹസ്സ നവോദയ വനിതാവേദി പ്രവർത്തകർ ആരോഗ്യ വിദഗ്‌ധരോടൊപ്പം സന്ദർശനം നടത്തി . പന്ത്രണ്ടോളം വരുന്ന തൊഴിലാളികളിൽ ആറു പേർ ഇന്ത്യക്കാരും മറ്റുള്ളവർ  ബംഗ്ളാദേശ് സ്വദേശികളും ആണ്. അമ്പതു വയസ്സിനു മുകളിൽ പ്രായമുള്ള ഇവരിൽ ഭൂരിഭാഗവും പ്രമേഹം രക്സ്തസമ്മർദ്ദം തുടങ്ങി ഗുരുതരമായി രോഗം ബാധിച്ചവരാണ്. പ്രമേഹത്തിന്റെ അളവ് അഞ്ഞൂറിന് മേൽ ആയ രോഗികൾ വരെ കൂട്ടത്തിലുണ്ട്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഒരു വനിതാ ജീവനക്കാരിയ്ക്കു ആവശ്യമായ വൈദ്യ ശുശ്രൂഷ നൽകി.

 

മറ്റുള്ളവർക്കു  ഡോ ക്റ്ററുടെ നിർദേശപ്രകാരം ആവശ്യമായ മരുന്ന് നൽകിയിട്ടുണ്ട്. ദീർഘനാളായി നാട്ടിൽ പോകാൻ കഴിയാത്തതിനാൽ മാനസികനില തകരാറിലായ വനിതാ തൊഴിലാളിയ്ക്കു ആവശ്യമായ കൗൺസിലിംഗ് നൽകിയതായി നവോദയ വനിതാവേദി പ്രവർത്തകർ അറിയിച്ചു.ഇവർക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം എന്നിവ നൽകുന്നതിനായി നടപടികൾ കൈക്കൊണ്ടതായി പ്രവർത്തകർ പറഞ്ഞു. വനിതാ വേദി കേന്ദ്ര എക്സി: അംഗങ്ങളായ മീനാ കൃഷ്ണൻ, ഷാഹിനാ ഷാജി, ഹഫൂഫ് വനിതാവേദി പ്രവര്ത്തകരായ ഷിർജ അയൂബ്, സുസ്മിത, ഷീജ, മുബാറസ് വനിതാവേദി കൺവീനർ സൗമ്യ ബാബു എന്നിവരാണ് ആരോഗ്യ പ്രവർത്തകരോടൊപ്പം ക്യാമ്പ് സന്ദർശിച്ചത്. പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങൾ എംബസി ഊർജ്ജിതപ്പെടുത്തണമെന്നു പ്രവർത്തകർ ആവശ്യപ്പെട്ടു  

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top